Quantcast

റെനോ 3 പ്രോ: ചൈനക്ക് 5ജി, ഇന്ത്യക്ക് 4ജി

ചൈനയില്‍ കഴിഞ്ഞ ഡിസംബറില്‍ ഇറക്കിയ ഒപ്പോ റെനോ 3 പ്രോ അതേ പേരിലാണ് ഇന്ത്യയിലേക്ക് വരുന്നത്. ചൈനയില്‍ 5ജിയാണെങ്കില്‍ അതേ ഫോണ്‍ ഇന്ത്യയില്‍ 4ജിയാണ്...

MediaOne Logo

Web Desk

  • Published:

    11 Feb 2020 7:56 AM GMT

റെനോ 3 പ്രോ: ചൈനക്ക് 5ജി, ഇന്ത്യക്ക് 4ജി
X

ഒപ്പോ റെനോ 3 പ്രോ വൈകാതെ ഇന്ത്യയില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റെനോ 3 പ്രോ ചൈനയില്‍ അവതരിപ്പിച്ചിരുന്നു. ഒരേ പേരില്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോഴും ഫീച്ചറുകളില്‍ മാറ്റം വരുത്തിയാണ് റെനോ 3 പ്രോയുടെ വരവ്.

ഒപ്പോയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റ് തസ്ലീം ആരിഫാണ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. 4ജി സ്‌പെസിഫിക്കേഷനോടെ റെനോ 3 പ്രോ ഇന്ത്യയിലേക്ക് വരുന്നുവെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതേ ഫോണിന് ചൈനയില്‍ 5ജി സപ്പോര്‍ട്ടുണ്ട്.

എന്തായാലും ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ 5ജി ഫോണുകള്‍ ഒപ്പോ ഇറക്കുമെന്നും തസ്ലീം ആരിഫ് ട്വീറ്റില്‍ ആശ്വസിപ്പിക്കുന്നുണ്ട്. അതേസമയം ഇത് എപ്പോഴാണെന്നോ ഏതെല്ലാം ഫോണുകളാണെന്നോ അദ്ദേഹം വെളിപ്പെടുത്തിയിട്ടുമില്ല. ചൈനയില്‍ 5ജി ആയതുകൊണ്ട് ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 765ജി എസ്ഒസിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയില്‍ 4ജി ആയതുകൊണ്ട് ഇതില്‍ നിന്നും വ്യത്യസ്ഥമായ ചിപ്പുകളായിരിക്കും ഉപയോഗിക്കുക.

ഇന്ത്യന്‍ ഫോണിന് 44 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ചൈനീസ് മോഡലിന് 32 മെഗാപിക്‌സല്‍ സെല്‍ഫി കാമറയുമാണുള്ളത്. പിന്‍ക്യാമറയുടെ കാര്യത്തില്‍ രണ്ട് മോഡലുകള്‍ക്കും വ്യത്യാസമുണ്ടാകില്ലെന്നാണ് സൂചന. പ്രധാന പിന്‍കാമറക്ക് 48 പിക്‌സലും 8 പിക്‌സല്‍ വൈഡ് സെന്‍സറും 13എം.പി ടെലി സെന്‍സറുമാണ് റെനോ 3 പ്രോക്കുള്ളത്. 2എം.പിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് സെന്‍സറും ഫോണിലുണ്ട്.

6.5 ഇഞ്ച് AMOLED 90Hz ഡിസ്‌പ്ലേയില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറും ഉള്‍കൊള്ളിച്ചിട്ടുണ്ട്. 8 ജിബി റാമും 256ജി.ബി സ്റ്റോറേജുമുള്ള ഫോണിന് ചൈനയില്‍ 3999 യുവാനാണ് വില(ഏകദേശം 40900 രൂപ), 12ജിബി റാം +256 സ്റ്റോറേജിന് 4499 യുവാന്‍(ഏകദേശം 46000 രൂപ)വില വരും.

ആന്‍ഡ്രോയിഡ് 10ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4025 എം.എ.എച്ച് ബാറ്ററിയും 30 വോള്‍ട്ടിന്റെ ഫാസ്റ്റ് ചാര്‍ജ്ജറുമാണുള്ളത്. ഫോണ്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചെങ്കിലും എന്ന് മുതല്‍ വിപണിയിലെത്തുമെന്ന് ആരിഫ് ട്വീറ്റില്‍ വ്യക്തമാക്കിയിട്ടില്ല.

TAGS :
Next Story