Quantcast

രക്ഷിതാക്കളുടെ ഉറക്കം കെടുത്തി, ഓണ്‍ലൈനിലെ പുതിയ കൊലയാളി ഗെയിം

തലയോട്ടി അടിച്ച് വീണ് ഗുരുതരമായ പരിക്കിനും മരണത്തിനും വരെ കാരണമായേക്കാവുന്ന കൊലയാളിക്കളിയാണ് ഓണ്‍ലൈനില്‍ കൗമാരക്കാര്‍ക്കിടയില്‍ വലിയ തോതില്‍ പ്രചരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    20 Feb 2020 9:25 AM GMT

രക്ഷിതാക്കളുടെ ഉറക്കം കെടുത്തി, ഓണ്‍ലൈനിലെ പുതിയ കൊലയാളി ഗെയിം
X

ബ്ലൂ വെയ്ല്‍ ചലഞ്ചിന് ശേഷം അതിവേഗത്തില്‍ മറ്റൊരു കൊലയാളി ഗെയിം കൂടി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ഗുരുതരമായ പരിക്കിലോ ജീവന്‍ നഷ്ടപ്പെടുന്നതിലോ വരെ കലാശിക്കുന്ന അപകടം പിടിച്ച ഗെയിമാണ് പ്രചരിക്കുന്നത്. 'സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച്' അഥവാ 'ട്രിപ്പിംങ് ജംപ് ചലഞ്ച്' എന്ന ചലഞ്ചാണ് രക്ഷിതാക്കളുടെ ഉറക്കം കെടുത്തുന്നത്.

ബ്ലൂ വെയ്ല്‍ ചലഞ്ച് പോലെ തന്നെ കൗമാരക്കാര്‍ക്കിടയിലാണ് ഈ ചലഞ്ചിന് വലിയ തോതില്‍ പ്രചാരം ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രക്ഷിതാക്കളുടെ കൂടി ഉറക്കം കെടുത്തുകയാണ് ഈ അപകടം പിടിച്ച ചലഞ്ച്. തലയോട്ടി പിളര്‍ത്തുന്ന വെല്ലുവിളിയെന്ന പേരില്‍ തന്നെ ഈ ചലഞ്ചിന്റെ അപകടം വ്യക്തമാണ്.

കുട്ടികളില്‍ പലരും തമാശയായി ചെയ്യുന്ന ഈ ചലഞ്ചിനെ തുടര്‍ന്ന് മരണം വരെ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തലയോട്ടി തകരുന്നത് തൊട്ട് ശരീരം തളര്‍ന്നു പോയേക്കാവുന്ന അവസ്ഥ വരെ ഉണ്ടായേക്കാമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ടിക് ടോക് അടക്കമുള്ള കൗമാരക്കാരുടെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ഈ ചലഞ്ചിന് പ്രചാരമേറെ.

മൂന്ന് പേരായിരിക്കും ഈ ചലഞ്ചില്‍ പങ്കെടുക്കുക. നടുവില്‍ നില്‍ക്കുന്നയാള്‍ക്ക് ഈ ചലഞ്ചിനേക്കുറിച്ചോ അപകടത്തെക്കുറിച്ചോ യാതൊരു ധാരണയുമുണ്ടാകില്ല. അതു തന്നെയാണ് അപകടത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നതും. ആദ്യം ഇരുവശങ്ങളിലുമുള്ളവര്‍ ചാടി കാണിക്കുന്നു. സമാനമായി ചാടാനായി പ്രേരിപ്പിക്കുകയും ചെയ്യുന്നു. നടുവിലെയാള്‍ ചാടുമ്പോഴാണ് ട്വിസ്റ്റ്. ഇടത്തും വലത്തുമുള്ളവര്‍ ചാടുന്നയാളുടെ കാല്‍ പിന്നില്‍ നിന്നും തട്ടും. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പ് ഇരയായ നടുവിലുള്ളയാള്‍ ബാലന്‍സ് തെറ്റി വീഴുകയും ചെയ്യും.

അപ്രതീക്ഷിതമായ വീഴ്ച്ചയായതിനാലും തലയുടെ പിന്‍ഭാഗം തറയില്‍ ശക്തമായി അടിക്കാന്‍ സാധ്യതയുള്ളതിനാലും ജീവന്‍ പോലും നഷ്ടമാവാനിടയാക്കുന്നതാണ് ഈ സ്‌കള്‍ ബ്രേക്കിംങ് ചലഞ്ചെന്നാണ് മുന്നറിയിപ്പ്. എന്തിനേയും ആവേശത്തോടെ സ്വീകരിക്കുന്ന കൗമാരക്കാര്‍ക്കിടയിലും യുവജനങ്ങളിലുമാണ് ഈ കൊലയാളി ഗെയിമിനും വന്‍തോതില്‍ പ്രചാരമുള്ളത്. കൊലപാതകത്തില്‍ കലാശിച്ചേക്കാവുന്ന ഈ കൊലയാളി ഗെയിമിനെതിരെ ഓണ്‍ലൈനില്‍ നിന്നുതന്നെ വലിയ തോതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.

TAGS :
Next Story