6000 എം.എ.എച്ച് ബാറ്ററി കരുത്തുമായി സാംസങ് ഗാലക്‌സി എം31
മാര്‍ച്ച് അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ വില്‍പനക്കെത്തുന്ന സാംസങിന്റെ മിഡ് റേഞ്ച് ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാം...
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗാലക്‌സി എം30യുടേയും എം30എസിന്റേയും പിന്മുറക്കാരനായാണ് എം31ന്റെ വരവ്. 64 മെഗാ പിക്‌സലിന്റെ പ്രധാന പിന്‍ക്യാമറ അടങ്ങുന്ന നാല് കാമറകളാണ് ഫോണിന്റെ പിന്നിലുള്ളത്. 32 മെഗാപിക്‌സലിന്റെ സെല്‍ഫി കാമറയും സാംസങ് ഈ മോഡലിന് നല്‍കിയിരിക്കുന്നു.
സാംസങിന്റെ മിഡ് റേഞ്ച് ഫോണുകളുടെ വിഭാഗത്തില്‍ പെടുന്ന ഗാലക്‌സി എം31ന്റെ 64 ജി.ബിയുടെ ഫോണിന് 15999 രൂപയും 128 ജി.ബിയുടെ മോഡലിന് 16999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. അതേസമയം ലോഞ്ചിംങ് ഓഫറായി രണ്ട് മോഡലിനും ആയിരം രൂപയുടെ കുറവും സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. നീല, കറുപ്പ് നിറങ്ങളില്‍ ലഭിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് 10 ആണ് ഉപയോഗിച്ചിരിക്കുന്നത്.
റീട്ടെയില്‍ ഷോപ്പുകള്‍ക്ക് പുറമേ ആമസോണിലൂടെയും സാംസങ് ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും മാര്‍ച്ച് അഞ്ചിനാണ് ഫോണ്‍ വില്‍പനക്കെത്തുക. ഇരട്ട നാനോ സിമ്മുകള്‍ ഉപയോഗിക്കാവുന്ന ഫോണിന് 6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണുള്ളത്.
64 എം.പിയുടെ പ്രധാന ക്യാമറയും വൈഡ് ആംഗിള്‍, മാക്രോ ലെന്‍സുകളുള്ള ക്യാമറകളും അടക്കം നാല് പിന്‍ക്യാമറകളാണ് ഫോണിനുള്ളത്. നൈറ്റ് മോഡും, സൂപ്പര്‍ സ്റ്റെഡി മോഡും, സൂപ്പര്‍ സ്ലോ മോഷന്‍ വീഡിയോയും സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ ലൈവ് ഫോക്കസ് സംവിധാനവും പരിഷ്‌കരിച്ച ബൊക്കെ എഫക്ടും ഉണ്ട്. 4കെ വീഡിയോയും സ്ലോ മോഷന്‍ വീഡിയോയും ചിത്രീകരിക്കാവുന്ന 32എം.പിയുടെ സെല്‍ഫി ക്യാമറയും ഫോണിന്റെ പ്രത്യേകതയാണ്.
എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി 512 ജി.ബി വരെ ഉയര്‍ത്താനാകും. 4G VoLTE, Wi-Fi, Bluetooth, GPS/ A-GPS, USB Type-C എന്നീ കണക്ടിവിറ്റി സൗകര്യങ്ങളുള്ള ഫോണിലെ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ പുറകിലാണുള്ളത്.
എം31ന്റെ പ്രധാന സവിശേഷതകളിലൊന്നായി സാംസങ് അവതരിപ്പിക്കുന്നത് 6000 എം.എ.എച്ചിന്റെ ബാറ്ററി കരുത്താണ്. ഒറ്റ ചാര്‍ജില്‍ 26 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും, 119 മണിക്കൂര്‍ മ്യൂസിക് പ്ലേ ബാക്കുമാണ് കമ്പനിയുടെവാഗ്ദാനം. 8.9 എം.എം കനമുള്ള ഫോണിന്റെ ഭാരം 191 ഗ്രാമാണ്.
Adjust Story Font
16