‘ഉപ്പു തീറ്റ’ ഇന്റര്‍നെറ്റിലെ പുതിയ ചലഞ്ച്
വലിയ അളവില്‍ ഉപ്പു തിന്നുന്നത് ശരീരത്തിന് പലവിധത്തിലുള്ള ദോഷങ്ങള്‍ക്കും കാരണമാകും...
സാമാന്യബോധത്തിന് നിരക്കാത്ത പല ചാലഞ്ചുകള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള സോഷ്യല്‍മീഡിയയില്‍ തന്നെയാണ് പുതിയ 'ഉപ്പ് ചലഞ്ചും' പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശ്രദ്ധയാകര്‍ഷിക്കാനും വീഡിയോകള്‍ക്കും പോസ്റ്റുകള്‍ക്കും കൂടുതല്‍ റീച്ച് കിട്ടുക മാത്രം ലക്ഷ്യമിട്ട് പല വിധ ചലഞ്ചുകളും നേരത്തെയും വന്നിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് കാഴ്ച്ചക്കാരെ ഞെട്ടിക്കുന്ന എന്തെങ്കിലും കാര്യം ചെയ്യുകയാണ് പൊതുവേ ഇത്തരം ചലഞ്ചുകളില്‍ പതിവ്. ആ കൂട്ടത്തിലെ പുതിയൊരു ചലഞ്ചാണ് ഉപ്പു തിന്നുന്നത്.
പതിവുപോലെ ടിക് ടോകും കൗമാരക്കാരുമാണ് ഈ ചലഞ്ചിന്റേയും മുന്നില്‍. ഉപ്പ് പാത്രം തുറന്ന് നേരെ വായിലേക്ക് ചെരിയുകയാണ് ഇവര്‍ ചെയ്യുന്നത്. വെള്ളമോ ജൂസോ കുടിക്കുന്ന ലാഘവത്തിലാണ് ഇവരുടെ ഉപ്പു തീറ്റ. ഇത്തരത്തില്‍ ഒറ്റയടിക്ക് വലിയ അളവില്‍ ഉപ്പ് ശരീരത്തിലെത്തിയാല്‍ ഉണ്ടാകുന്ന കുഴപ്പങ്ങളും നിരവധിയാണ്.
ഉപ്പ് കൂടിയ അളവില്‍ ദീര്‍ഘകാലം കഴിച്ചാല്‍ രക്തസമ്മര്‍ദം വര്‍ധിക്കുമെന്നും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുമെന്നും നേരത്തെ തെളിഞ്ഞിട്ടുള്ളതാണ്. ചെറിയ സമയത്തേക്ക് കൂടിയ അളവില്‍ ഉപ്പ് കഴിച്ചാലും ഏതാണ്ട് ഇതേ പ്രശ്‌നങ്ങളാണ് അനുഭവിക്കേണ്ടി വരികയെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വലിയ അളവില്‍ ഉപ്പ് കഴിച്ചാല്‍ ശരീരത്തിലെ സോഡിയം അളവ് കൂടും. ദാഹവും വിയര്‍ക്കലും ഛര്‍ദിയും തലചുറ്റലുമൊക്കെ കണ്ടേക്കാം. സോഡിയത്തിന്റെ അളവ് വലിയ തോതില്‍ കൂടിയാല്‍ തലച്ചോറില്‍ നീര്‍ക്കെട്ടിനുപോലും കാരണമായേക്കാം. ചിലരില്‍ ചുഴലിയുണ്ടാവുകയും തുടര്‍ന്ന് അബോധാവസ്ഥയിലേക്കും ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തില്‍ വരെ കലാശിച്ചേക്കാം ഈ ഉപ്പ് ചലഞ്ചെന്നാണ് മുന്നറിയിപ്പ്. ഉപ്പ് തീറ്റക്ക് ശേഷം എന്തെങ്കിലും അസ്വസ്ഥത തോന്നിയാല്‍ ധാരാളം വെള്ളം കുടിക്കുകയും ഉടന്‍ വൈദ്യ സഹായം ഉറപ്പുവരുത്തുകയും ചെയ്യണമെന്നാണ് മുന്നറിയിപ്പ്.
Adjust Story Font
16