Quantcast

പര്‍സവിറന്‍സ്, നാസയുടെ ചൊവ്വാ പേടകത്തിന് പേരിട്ടു

ഏഴാംക്ലാസ് വിദ്യാര്‍ഥിയായ അലക്‌സാണ്ടര്‍ മാത്തറാണ് ഈ പേര് നിര്‍ദേശിച്ചത്....

MediaOne Logo

Web Desk

  • Published:

    6 March 2020 12:03 PM GMT

പര്‍സവിറന്‍സ്, നാസയുടെ ചൊവ്വാ പേടകത്തിന് പേരിട്ടു
X

അമേരിക്കയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 28000 വിദ്യാര്‍ഥികളുടെ അപേക്ഷകളില്‍ നിന്നാണ് അലക്‌സാണ്ടര്‍ മാത്തറുടെ പര്‍സവിറന്‍സ് തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥിരോത്സാഹം എന്നാണ് പര്‍സവിറന്‍സിന്റെ അര്‍ഥം. വെല്ലുവിളികളില്‍ പതറാതെ നിരന്തരമായി പരിശ്രമിക്കുന്നത് എന്നാണ് ഈ പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. ചൊവ്വാ ദൗത്യത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്നതാണ് മാത്തറിന്റെ പേരെന്നാണ് നാസ വക്താക്കള്‍ പര്‍സവിറന്‍സിന്‍സിനെ വിശേഷിപ്പിച്ചത്.

2012ലാണ് അവസാനമായി ചൊവ്വയിലേക്ക് നാസ ക്യൂരിയോസിറ്റി എന്ന പേടകം അയക്കുന്നത്. ഇതടക്കം മറ്റ് നാസയുടെ ചൊവ്വാ ദൗത്യങ്ങളുടെ പേടകങ്ങള്‍ക്കും പേരിട്ടത് വിദ്യാര്‍ഥികളായിരുന്നു. 1997 ല്‍ സൊജോര്‍ണറും 2004ല്‍ സ്പിരിറ്റും ഓപര്‍ച്യൂനിറ്റിയുമാണ് ചൊവ്വയിലെത്തിയ നാസയുടെ പേടകങ്ങള്‍.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍ദേശിച്ച പേരുകളില്‍ നിന്നും 4700 വളണ്ടിയര്‍മാരുടെ സഹായത്തില്‍ 155 സെമി ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കുകയാണ് നാസ ആദ്യം ചെയ്തത്. ഇത് പിന്നീട് അന്തിമ പട്ടികയില്‍ ഒമ്പതെണ്ണമായി ചുരുങ്ങി. ഈ പേരുകള്‍ നിര്‍ദേശിച്ച കുട്ടികളുമായി നാസ പ്രതിനിധികള്‍ സംസാരിച്ചു. ശേഷം അന്തിമ പട്ടികയിലെ ഒമ്പത് പേരുകളില്‍ നിന്നും ഒന്ന് തെരഞ്ഞെടുക്കുന്നതിന് ഓണ്‍ലൈന്‍ വോട്ടിംങ് നടത്തി. 7.70 ലക്ഷത്തിലേറെ പേര്‍ ഈ വോട്ടെടുപ്പില്‍ പങ്കെടുത്തുവെന്നും നാസ പറയുന്നു. പെര്‍സവറന്‍സ് എന്ന പേര് നിര്‍ദേശിച്ച മാത്തറിനെ ഫ്‌ളോറിഡയിലെ കേപ് കനാവരല്‍ വ്യോമത്താവളത്തില്‍ നിന്നും ചൊവ്വാ ദൗത്യത്തിന്റെ വിക്ഷേപണം നേരിട്ട് കാണാനായി നാസ ക്ഷണിച്ചിട്ടുമുണ്ട്.

ആകെ 1043 കിലോഗ്രാം ഭാരമാണ് പെര്‍സവറന്‍സ് റോവറിനുള്ളത്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബില്‍ നിര്‍മ്മിച്ച പേടകം ചൊവ്വയില്‍ ജീവന്റെ തെളിവുകളാണ് പ്രധാനമായും തിരയുക. ചൊവ്വയിലെ കാലാവസ്ഥയെക്കുറിച്ചും പ്രതലത്തെക്കുറിച്ചും പഠിക്കുന്ന പെര്‍സവറന്‍സ് ചൊവ്വയിലെ പാറകളുടേയും പൊടിയുടേയും സാമ്പിളുകളും ശേഖരിക്കും. ഇത്തരത്തില്‍ ശേഖരിക്കുന്ന സാമ്പിളുകള്‍ ഭൂമിയിലെത്തിക്കാന്‍ ഭാവിയില്‍ മറ്റൊരു ചൊവ്വാ ദൗത്യവും നാസ പദ്ധതിയിടുന്നുണ്ട്.

TAGS :
Next Story