സ്മാര്‍ട്ട്‌ഫോണുകള്‍ എങ്ങനെ വൃത്തിയോടെ സൂക്ഷിക്കാം? കൊറോണയെ അകറ്റാം
സ്മാര്‍ട്ട്‌ഫോണുകളില്‍ കൊറോണ വൈറസ് എത്തിപ്പെട്ടാല്‍ അവ 96 മണിക്കൂര്‍ വരെ ജീവനോടെയുണ്ടാകുമെന്നാണ്...
സ്മാര്‍ട്ട്‌ഫോണുകള്‍ ഒഴിവാക്കിയുള്ള ജീവിതം മിക്കവര്‍ക്കും ചിന്തിക്കാന്‍ പോലുമാകില്ല. കൊറോണ വൈറസ് ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ നമ്മുടെ സ്മാര്‍ട്ട്‌ഫോണിലെത്തിയാല്‍ കുറഞ്ഞത് 96 മണിക്കൂര്‍ അവ സജീവമായി അവിടെയുണ്ടാകുമെന്നാണ് ടെന്നസി ഹെല്‍ത്ത് സയന്‍സ് സെന്റര്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. പ്രത്യേകിച്ചും സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍ പോലുള്ള ചില്ല് പ്രതലത്തില്‍.
കൊറോണ വൈറസ് ബാധിച്ച ആരെങ്കിലും പിടിച്ച വാതില്‍ പിടിയിലോ കൗണ്ടറിലോ പിടിച്ചാല്‍ നമ്മുടെ കൈകളിലേക്കും കൊറോണ വൈറസ് എത്തും. കൈ കഴുകുന്നതിന് മുമ്പ് സ്മാര്‍ട്ട്‌ഫോണില്‍ തൊട്ടാല്‍ വൈറസ് സ്മാര്‍ട്ട്‌ഫോണിലേക്കും എത്തും. പിന്നീട് നമ്മള്‍ കൈ കഴുകിയാല്‍ പോലും സ്മാര്‍ട്ട്‌ഫോണില്‍ തൊട്ട ശേഷം കൈകൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊട്ടാല്‍ കൊറോണ നമ്മുടെ ശരീരത്തിലെത്തും.
ഗാഡ്‌ജെറ്റ് ഇന്‍ഷുറന്‍സ് സ്ഥാപനമായ Insurance2Go 2018ല്‍ നടത്തിയ ഒരു പഠനത്തില്‍ ടോയ്‌ലറ്റിലെ ഇരിപ്പിടത്തേക്കാള്‍ മൂന്നിരട്ടി കീടാണുക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനുകളിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ വൃത്തിയോടെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത തെളിയിക്കുന്നതാണ് ഇത്തരം പഠനങ്ങള്‍. സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിയതില്‍ പിന്നെ പ്രത്യേകിച്ച് വൃത്തിയാക്കാത്തവരാണ് ഭൂരിഭാഗവുമെന്നത് പ്രശ്‌നത്തിന്റെ രൂക്ഷത കൂട്ടുന്നു.
ഫോണിലും മുഖത്തും മണിക്കൂറിനിടെ തന്നെ പലതവണ തൊടുന്നവരാണ് നമ്മള്‍. Dscout എന്ന ഗവേഷണ സ്ഥാപനം 94 പേര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ ശരാശരി ഒരാള്‍ പ്രതിദിനം 2600 തവണ ഫോണ്‍ കയ്യിലെടുക്കുന്നുവെന്നാണ് കണ്ടെത്തിയത്. ഇതില്‍ ശരാശരി 76 തവണ വെറുതെ എടുക്കുക മാത്രമല്ല ഫോണില്‍ കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്യാറുണ്ട്.
ആസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സ് സര്‍വ്വകലാശാല നടത്തിയ മറ്റൊരു പഠനത്തില്‍ മണിക്കൂറില്‍ 23 തവണയെങ്കിലും ഒരാള്‍ മുഖത്ത് തൊടാറുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്. 26 കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലായിരുന്നു പഠനം നടത്തിയത്. മണിക്കൂറില്‍ 368 തവണയാണ് ഇവര്‍ മുഖത്ത് തൊട്ടത്. പ്രത്യേകിച്ച് പഠനങ്ങളുടെയൊന്നും പിന്‍ബലമില്ലാതെ തന്നെ എത്ര തവണ മുഖത്ത് തൊടുന്നുവെന്ന് നമുക്ക് തിരിച്ചറിയാവുന്നതാണ്.
സ്മാര്‍ട്ട്‌ഫോണുകളുടെ വൃത്തി ഉറപ്പുവരുത്താന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. ഫോണിനെ പൂര്‍ണ്ണമായും മൂടുന്ന കഴുകാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ കവറുകള്‍ വാങ്ങുകയാണ് അതിലൊന്ന്. ദിവസത്തില്‍ രണ്ട് തവണയെങ്കിലും ഫോണ്‍ മാറ്റിയ ശേഷം കവര്‍ കഴുകി ഉണങ്ങിയ തുണിയുപയോഗിച്ച് തുടച്ച് വൃത്തിയാക്കണം.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആപ്പിള്‍ തന്നെ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളിലെ രോഗാണുക്കളെ നശിപ്പിക്കാമെന്ന നിര്‍ദേശവുമായി എത്തിയിട്ടുണ്ട്. ഫോണുകളുടെ കട്ടിയേറിയ ഭാഗങ്ങളില്‍ 70 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ വൈപ്‌സുകള്‍ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. അതേസമയം ഫോണിലെ ചാര്‍ജ്ജിംങ് പോട്ടുകളും സ്പീക്കറുകളും പോലുള്ള തുളകളില്‍ നനവ് കാര്യമായി പറ്റാതെ നോക്കണെമെന്നും ആപ്പിള്‍ നിര്‍ദേശിക്കുന്നു.
ആല്‍ക്കഹോള്‍ അടങ്ങിയ വൈപ്‌സ് കിട്ടിയില്ലെങ്കിലും ഫോണിലെ അണുക്കളെ നശിപ്പിക്കാന്‍ വഴികളുണ്ട്. മൃദുവായ തുണിയിലേക്ക് ആല്‍ക്കഹോള്‍ അടങ്ങിയ അണുനാശിനികള്‍ സ്‌പ്രേ ചെയ്ത ശേഷം ഫോണ്‍ തുടച്ചു വൃത്തിയാക്കാം. അപ്പോഴും ഫോണിലെ തുളകളിലേക്ക് ജലാംശം കാര്യമായി പോകുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഫോണിലേക്ക് നേരിട്ട് അണുനാശിനികള്‍ സ്‌പ്രേ ചെയ്യരുത്. ഒരിക്കലും കടലാസ് ഉപയോഗിച്ച് ഫോണ്‍ വൃത്തിയാക്കരുത്. ഫോണില്‍ സ്‌ക്രാച്ചുകള്‍ വീഴാന്‍ ഇത് കാരണമാകും.
Adjust Story Font
16