Quantcast

കരുതിയതു പോലെയല്ല, കൊറോണയുടെ വ്യാപനം ഇരട്ടി വേഗത്തിലെന്ന് പഠനം

"വൈറസ് വ്യാപനത്തിന്റെ തോത് കണക്കാക്കുന്നതിൽ ലോകാരോഗ്യ സംഘടനക്കും പൊതുജനാരോഗ്യ അധികൃതർക്കും തെറ്റുപറ്റിയിരിക്കാം..."

MediaOne Logo

  • Published:

    9 April 2020 4:45 AM GMT

കരുതിയതു പോലെയല്ല, കൊറോണയുടെ വ്യാപനം ഇരട്ടി വേഗത്തിലെന്ന് പഠനം
X

ചൈനയിൽ കൊറോണ വൈറസിന്റെ വ്യാപനം മുൻപ് കരുതിയതിനേക്കാൾ വേഗത്തിലായിരുന്നുവെന്ന് പഠനം. വൈറസ് വ്യാപനത്തിന്റെ തോത് കണക്കാക്കുന്നതിൽ ലോകാരോഗ്യ സംഘടനക്കും പൊതുജനാരോഗ്യ അധികൃതർക്കും തെറ്റുപറ്റിയിരിക്കാമെന്നും, രോഗം നിയന്ത്രണവിധേയമാക്കുന്നതിൽ ഭരണകൂടങ്ങളും ആരോഗ്യവിദഗ്ധരും അത്യധ്വാനം ചെയ്യേണ്ടിവരുമെന്നും യു.എസ്സിലെ ലോസ് അലമോസ് നാഷണൽ ലബോറട്ടറിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ചൈനയിലെ വുഹാനിൽ ആദ്യഘട്ടത്തിൽ കോവിഡ് 19 പിടിപെട്ട ഓരോ വ്യക്തിയും വൈറസിനെ ശരാശരി 5.7 ആളുകൾക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഗണിതവിശകലനത്തിൽ നിന്ന് മനസ്സിലാകുന്നതെന്ന് ഗവേഷകർ പറയുന്നു. ഇത് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടലിനേക്കാൾ ഇരട്ടിയിലധികമാണ്. ചൈനയിലെ രോഗവ്യാപനം മാത്രമാണ് ലോസ് അലമോസ് ലബോറട്ടറിയിൽ പഠനവിധേയമാക്കിയത്. ഈ വ്യാപനതോത് ലോകത്ത് മറ്റിടങ്ങളിലും ശരിയാണെങ്കിൽ കോവിഡ് 19-നെ നിയന്ത്രണവിധേയമാക്കുക എന്നത് എളുപ്പമാവില്ല.

വൈറസിനെ ഫലപ്രദമായി കീഴടക്കണമെങ്കിൽ ശരീരത്തിന്റെ പ്രതിരോധശേഷി മൂലമോ വാക്‌സിൻ ഉപയോഗിച്ചോ ജനസംഖ്യയിലെ 82 ശതമാനമാളുകൾക്കും അസുഖബാധ ഇല്ലാതിരിക്കണം. എങ്കിൽ മാത്രമേ, വൈറസിന്റെ വ്യാപനം നിയന്ത്രണവിധേയമാക്കാൻ കഴിയൂ. ഇല്ലെങ്കിൽ ഉയർന്നതോതിലുള്ള സാമൂഹിക അകലം മാത്രമാണ് പരിഹാരമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ആഗോളതലത്തിൽ 15 ലക്ഷത്തോളം പേർക്ക് കോവിഡ് 19 പോസിറ്റീവ് ആയി എന്നാണ് കണക്കുകൾ. ടെസ്റ്റുകൾ വർധിപ്പിച്ചാൽ ഈ കണക്കിൽ വലിയ മാറ്റമുണ്ടായേക്കാം. കൂടിയ തോതിൽ ടെസ്റ്റുകൾ നടത്തണമെന്നും രോഗികളുമായി ഇടപഴകിയവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യണമെന്നുമാണ് ലോകാരോഗ്യസംഘടനയുടെ നിർദേശം. 'കോവിഡിനെ നേരിടുന്നതിൽ നമ്മൾ അന്തിമഘട്ടത്തിലെത്തി എന്നു വിചാരിക്കുന്നത് അത്യന്തം അപകടകരമാണ്' എന്നാണ് ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് റീജ്യനൽ ഡയറക്ടർ ഹാൻ ക്ലൂഗ് പറയുന്നത്.

TAGS :
Next Story