കോവിഡ് പടരുന്നത് വിമാനങ്ങളിൽ നിന്നോ? സത്യാവസ്ഥ ഇതാണ്
രാജ്യങ്ങളിൽ നിന്നു രാജ്യങ്ങളിലേക്ക് മനുഷ്യരെ കൊണ്ടുപോകുന്ന വിമാനങ്ങളിൽ യഥാർത്ഥത്തിൽ വൈറസുകൾക്ക് കുടിയിരിക്കാൻ കഴിയുമോ? നമുക്കൊന്നു നോക്കാം.
കൊറോണ വൈറസ് ബാധയുടെ ഒരു പ്രധാന ഉറവിടം വിമാനങ്ങളാണെന്ന തരത്തിലുള്ള ഒരു പ്രചരണം സമൂഹമാധ്യമങ്ങളും മറ്റും ശക്തമായിരുന്നു. ഇതിനെ തുടർന്ന്, അന്താരാഷ്ട്ര വിമാനക്കമ്പനികളിൽ പലതും വിശദീകരണക്കുറിപ്പുമായി രംഗത്തുവന്നു. ചില എയർലൈൻ കമ്പനികൾ, തങ്ങളുടെ വിമാന ക്യാബിനുകൾ എന്തുകൊണ്ട് വൈറസ് മുക്തമാണെന്നു വിശദീകരിക്കുന്ന വീഡിയോകൾ പുറത്തിറക്കുകയും ചെയ്തു. രാജ്യങ്ങളിൽ നിന്നു രാജ്യങ്ങളിലേക്ക് മനുഷ്യരെ കൊണ്ടുപോകുന്ന വിമാനങ്ങളിൽ യഥാർത്ഥത്തിൽ വൈറസുകൾക്ക് കുടിയിരിക്കാൻ കഴിയുമോ? നമുക്കൊന്നു നോക്കാം.
വൈറസുകൾ അടക്കമുള്ള സൂക്ഷ്മകണങ്ങൾക്കു പോലും അതിജീവിക്കാൻ കഴിയാത്ത വിധത്തിലാണ് എയർലൈൻ ക്യാബിനുകളുടെ വായുക്രമീകരണം എന്നതാണ് യാഥാർത്ഥ്യം. ഓരോ രണ്ട്, മൂന്ന് മിനിറ്റിലും വിമാന ക്യാബിനിനകത്തെ വായു മാറ്റിസ്ഥാപിക്കപ്പെടുന്നുണ്ട്. വിമാന എഞ്ചിനുകൾ ശുദ്ധവായു സ്വീകരിച്ച്, 99.97 ശതമാനം മൈക്രോൺ കണങ്ങളെ പിടിച്ചെടുക്കാൻ കഴിയുന്ന ഒരു ഹെപ (High Efficiency Particulate Air) ഫിൽട്ടറിലൂടെ കടന്നുപോകുന്ന ക്യാബിൻ വായുവുമായി ഇത് കലർത്തുന്നു. വിമാന ക്യാബിനുകൾ ഹെപ ഫിൽട്രേഷൻ ഉപയോഗിച്ച് പരിരക്ഷിക്കപ്പെട്ടിട്ടുള്ളവയാണ്. അഥവാ, ഈ ഫിൽട്രേഷൻ വഴി വായുവിൽ നിന്ന് സൂക്ഷ്മാണുക്കൾ ഉൾപ്പെടെയുള്ള 99.997 ശതമാനം കണികകളും ജൈവവസ്തുക്കളും നീക്കംചെയ്യപ്പെടുന്നു. അതിനാൽ തന്നെ, എയർക്രാഫ്റ്റ് എയർകോൺ സിസ്റ്റത്തിൽ നിന്ന് ആളുകൾക്ക് രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്.
ഓരോ വിമാനത്തിലും വായു ക്രമീകരിക്കുന്നതിനായി അസംഖ്യം പ്രവർത്തനമോഡുകളും സിസ്റ്റങ്ങളും ഉണ്ട്. ഓക്‌സിലറി പവർ യൂണിറ്റ് ബ്ലീഡ്, എഞ്ചിൻ ബ്ലീഡ്, ഹീറ്റ് എക്‌സ്‌ചേഞ്ചറുകൾ, എയർ കണ്ടൻസറുകൾ തുടങ്ങിയ സിസ്റ്റം ബേഡ്‌സ് യൂണിറ്റുകൾ ഉൾപ്പെടുന്ന വ്യത്യസ്ത ഓപ്പറേറ്റിംഗ് മോഡലുകളാണ് വിമാനങ്ങളിൽ ഉള്ളതെന്നർത്ഥം. എന്നാൽ, ബോയിംഗ് 787 പോലുള്ള ആധുനിക വിമാനങ്ങൾക്ക് ബ്ലീഡ് ഇല്ലാത്ത എയർ കണ്ടീഷനിംഗ് യൂണിറ്റിന്റെ ശേഷിയാണുള്ളത്. അത് ഒരു സ്വതന്ത്ര എയർ കണ്ടീഷനിംഗ് സംവിധാനമായി പ്രവർത്തിക്കുന്നു. താഴെ കൊടുക്കുന്ന ചിത്രം സഹിതമുള്ള ഉദാഹരണത്തിലൂടെ ഇക്കാര്യം വിശദമാക്കാം.
അതായത്, വിമാനത്തിൽ യാത്ര ചെയ്യുന്നതു തന്നെ വൈറസ് വ്യാപനത്തിന് കാരണമാകുന്നു എന്നു സ്ഥാപിക്കുന്നതിന് തെളിവ് അടിസ്ഥാനമായുള്ള കണ്ടെത്തലുകൾ ഒന്നുമില്ല. ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ, ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ തുടങ്ങിയ ഔദ്യോഗിക ഏജൻസികളും ഇക്കാര്യം അംഗീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
(എയർക്രാഫ്റ്റ് എഞ്ചിനീയറായ ലേഖകൻ ഓസ്‌ട്രേലിയയിലെ മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏവിയേഷൻ സ്ട്രാറ്റജി ആന്റ് ഡെവലപ്‌മെന്റ് അസി. പ്രൊജക്ട് മാനേജറാണ്. എമിറേറ്റ്‌സ് ഗ്രൂപ്പിലും യു.എസ്.എയിലെ നാസ റിസർച്ച് പാർക്കിലുള്ള കാർനജി മെലൺ യൂണിവേഴ്‌സിറ്റിയിലും ഇന്റേൺ ആയിരുന്നു.)
Adjust Story Font
16