സൂമിന് ഫേസ്ബുക്കിന്റെ മറുപടി തയ്യാര്‍, ഒറ്റയടിക്ക് 50 പേരെ വീഡിയോ കോള്‍ ചെയ്യാം
മെസഞ്ചര്‍ റൂമിന്റെ ലിങ്കുകള്‍ അയച്ചുകൊടുത്താല്‍ ഫേസ്ബുക്ക് ഇല്ലാത്തവരെ പോലും വീഡിയോ കോളില്‍ ഉള്‍പ്പെടുത്താനാകും...
തങ്ങളുടെ മെസഞ്ചര്‍ റൂം വീഡിയോ കോളിംഗ് സേവനങ്ങള്‍ ലോകമെങ്ങുമുള്ള ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ മാസമാണ് വീഡിയോ കോള്‍ പ്ലാറ്റ്‌ഫോമായ സൂമിനുള്ള മറുപടിയായി സുക്കര്‍ബര്‍ഗ് മെസഞ്ചര്‍ റൂമിനെ അവതരിപ്പിക്കുന്നത്. ഒരേസമയം 50 പേരെ വരെ വീഡിയോകോള്‍ ചെയ്യാമെന്നതായിരുന്നു പുതിയ മെസഞ്ചര്‍ റൂമിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്.
ഫേസ്ബുക്ക് ഇന്നലെ ഔദ്യോഗിക ബ്ലോഗിലിട്ട പോസ്റ്റിലാണ് മെസഞ്ചര്‍ റൂം ലോകത്തെവിടെയും ലഭ്യമായ വിവരം അറിയിക്കുന്നത്. സമയപരിധിയില്ലാതെ പരമാവധി 50 പേരെ വീഡിയോ കോള്‍ ചെയ്യാവുന്ന സംവിധാനമെന്നാണ് ഫേസ്ബുക്ക് മെസഞ്ചര്‍ റൂമിനെ പരിചയപ്പെടുന്നത്. മെസഞ്ചറിന്റെ ഏറ്റവും പുതിയ വെര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് മെസഞ്ചര്‍ റൂം നിര്‍മ്മിക്കാനാകും. നിര്‍മ്മിച്ച മെസഞ്ചര്‍ റൂമിന്റെ ലിങ്കുകള്‍ അയച്ചുകൊടുത്താല്‍ ഫേസ്ബുക്കില്‍ ഇല്ലാത്തവര്‍ക്ക് വരെ മെസഞ്ചര്‍ റൂമിന്റെ വീഡിയോ കോളില്‍ പങ്കെടുക്കാനാകും.
നിങ്ങളുടെ മെസഞ്ചര്‍ റൂം ആര്‍ക്കൊക്കെ കാണാനാകുമെന്നും ആര്‍ക്കൊക്കെ വീഡിയോകോളില്‍ പങ്കെടുക്കാനാകുമെന്നും മെസഞ്ചര്‍ റൂം നിര്‍മ്മിക്കുന്നവര്‍ക്ക് തീരുമാനമെടുക്കാം. കൂടുതലായി ആരും മെസഞ്ചര്‍ റൂമില്‍ എത്തേണ്ടതില്ലെന്നാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ നിര്‍മ്മിക്കുന്നയാള്‍ക്ക് ലോക്ക് ചെയ്യാനും സാധിക്കും. ഐ.ഒ.എസ് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ഫേസ്ബുക്കിന്റെ മെസഞ്ചര്‍ റൂം ലഭ്യമാണ്. ഡെസ്‌ക്‌ടോപ് വെര്‍ഷന്‍ മൈക്രോസോഫ്റ്റ് സ്റ്റോറിലും മാക് ആപ് സ്റ്റോറിലും ലഭിക്കും.
ആദ്യഘട്ടത്തില്‍ മെസഞ്ചര്‍ വഴിയാണ് വടക്കേ അമേരിക്ക ഒഴികയുള്ള ലോകത്തെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് മെസഞ്ചര്‍ റൂം ലഭ്യമാവുക. വടക്കേ അമേരിക്കയിലുള്ളവര്‍ക്ക് ഫേസ്ബുക്ക് ഉപയോഗിച്ചും മെസഞ്ചര്‍ റൂം നിര്‍മ്മിക്കാനാകും. വരും മാസങ്ങളില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നും ഫേസ്ബുക്ക് ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ അറിയിക്കുന്നു.
Adjust Story Font
16