സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ ആറ് സുരക്ഷാ നിര്‍ദേശങ്ങള്‍
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ദോസ്ത് എന്ന സൈബര്‍ ബോധവല്‍ക്കരണ വിഭാഗമാണ് സോഷ്യല്‍മീഡിയ ഉപയോഗത്തിനിടെ ശ്രദ്ധിക്കേണ്ട ചില വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്...
കോവിഡിന്റേയും ലോക്ഡൗണിന്റേയും പ്രത്യേക സാഹചര്യത്തില്‍ സോഷ്യല്‍മീഡിയ ഉപഭോഗം മുമ്പെന്നത്തേക്കാളും വര്‍ധിച്ചിരിക്കുകയാണ്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധപ്പെടാനായി മിക്കവരും സോഷ്യല്‍മീഡിയയെയാണ് ഉപയോഗിക്കുന്നത്. ഇത് സോഷ്യല്‍മീഡിയ വഴിയുള്ള തട്ടിപ്പുകളുടെ സാധ്യതകളും വര്‍ധിപ്പിച്ചതോടെയാണ് ആറിന സുരക്ഷാ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ദോസ്ത് എന്ന സൈബര്‍ ബോധവല്‍ക്കരണ വിഭാഗമാണ് സോഷ്യല്‍മീഡിയ ഉപയോഗത്തിനിടെ ശ്രദ്ധിക്കേണ്ട ചില വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
1. വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ചിത്രങ്ങള്‍, ജനന തിയതി തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ വളരെ സൂക്ഷിച്ചു മാത്രമേ പങ്കുവെക്കാവൂ. ഇത്തരം വിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തട്ടിപ്പു നടത്തുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ്.
2. വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുകയാണെങ്കില്‍ തന്നെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയിലാണ് നല്ലത്. പ്രൈവസി സെറ്റിംഗ്‌സില്‍ പോയാല്‍ ആവശ്യമായ മാറ്റം വരുത്താനാകും.
3. അപരിചിതരില്‍ നിന്നുള്ള ഫ്രണ്ട്‌സ് റിക്വസ്റ്റുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കണം. ഇല്ലെങ്കില്‍ അത് ഭാവിയില്‍ കെണിയിലേക്കുള്ള വഴിയാകാം.
4. യഥാര്‍ഥ ജീവിതത്തിലുള്ള സുഹൃത്തുക്കളെ പോലെ ഒരിക്കലും ഓണ്‍ലൈന്‍ സുഹൃത്തുക്കളെ വിശ്വസിക്കരുത്.
5. നിരവധി സൈബര്‍ ക്രിമിനലുകള്‍ തട്ടിപ്പ് സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് പല തട്ടിപ്പുകളും നടത്തുന്നത് എന്ന കാര്യം ഓര്‍മ്മിക്കണം. നിങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാനും വിവരങ്ങള്‍ തട്ടാനുമൊക്കെ തട്ടിപ്പ് പ്രൊഫൈലുകള്‍ വഴി ശ്രമിച്ചേക്കാം. അതുകൊണ്ടുതന്നെ നേരിട്ട് പരിചയമില്ലാത്ത ഫ്രണ്ട്‌സ് റിക്വസ്റ്റുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
6. ഏതെങ്കിലും വിധത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ആദ്യം തന്നെ സുഹൃത്തുക്കളേയോ ബന്ധുക്കളേയോ രക്ഷിതാക്കളേയോ അറിയിക്കുക. സമയം പാഴാക്കാതെ പൊലീസിലോ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലോ പരാതി നല്‍കുക. തട്ടിപ്പുകാരുമായുള്ള എല്ലാവിധ സംഭാഷണങ്ങളും ചാറ്റുകളും ശേഖരിക്കണം. ഇത് ഭാവിയിലെ തെളിവുകളാണ്.
Adjust Story Font
16