Quantcast

പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ആയുധം വാങ്ങണോ?-കേന്ദ്രത്തോട് കെജ്‌രിവാള്‍

രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കെജരിവാള്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    26 May 2021 3:59 PM GMT

പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ആയുധം വാങ്ങണോ?-കേന്ദ്രത്തോട് കെജ്‌രിവാള്‍
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ വിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍്. പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ ഡല്‍ഹിയും ഉത്തര്‍പ്രദേശും അടക്കമുള്ള സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ആയുധങ്ങളും ടാങ്കുകളും വാങ്ങേണ്ടി വരുമോ എന്ന് അദ്ദേഹം ചോദിച്ചു.

എന്റെ അറിവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കൊന്നും ഒരു ഡോസ് വാക്സിന്‍ പോലും ഇതുവരെ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. വാക്സിന്‍ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരുകളോട് സംസാരിക്കാന്‍ വിസമ്മതിക്കുകയാണ്. രാജ്യം കോവിഡിന് എതിരായ യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്രവും സംസ്ഥാനങ്ങളും ടീം ഇന്ത്യ എന്ന നിലയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. രണ്ടു തരത്തില്‍ പ്രവര്‍ത്തിക്കേണ്ട സമയമല്ലിത്. കോവിഡ് വാക്സിന്‍ നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാനങ്ങളല്ല അത് സംഭരിക്കേണ്ടത്. വാക്സിനേഷന്‍ വൈകുംതോറും എത്ര ജീവനുകള്‍ നഷ്ടപ്പെടുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍.

കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ വാങ്ങി നല്‍കാത്തത് എന്തുകൊണ്ടാണ്? ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ പാടില്ല. നമ്മുടെ രാജ്യം കോവിഡിന് എതിരായ യുദ്ധത്തിലാണ്. പാകിസ്താന്‍ ഇന്ത്യയെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായാല്‍ യു.പിക്ക് സ്വന്തം നിലയില്‍ ടാങ്കുകളും ഡല്‍ഹിക്ക് സ്വന്തമായി തോക്കുകളും വാങ്ങേണ്ടി വരുമോ? ഡല്‍ഹിയിലെ വാക്സിന്‍ മുഴുവന്‍ തീര്‍ന്നു. 18 - 44 പ്രായപരിധിയില്‍ ഉള്ളവരുടെ വാക്സിനേഷന്‍ രാജ്യതലസ്ഥാനത്ത് നാല് ദിവസമായി മുടങ്ങിയ അവസ്ഥയിലാണ്. മറ്റുപല സംസ്ഥാനങ്ങളിലെയും അവസ്ഥ ഇതുതന്നെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയാണ്. പുതിയ കേന്ദ്രങ്ങള്‍ തുറക്കേണ്ട സമയത്ത് പഴയവ പോലും അടച്ചുപൂട്ടേണ്ട സ്ഥിതി അത്ര നല്ലതല്ലെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കെജരിവാള്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി തുടരുമ്പോഴും സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ തോതില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വാക്‌സിന്‍ ക്ഷാമത്തിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

TAGS :

Next Story