Quantcast

നാരായണ ഗുരു ചട്ടമ്പിസ്വാമിയുടെ ശിഷ്യനെന്ന് ആര്‍.എസ്.എസ് മുഖപത്രം; പ്രതിഷേധം കനക്കുന്നു

2021 മെയ് 14 ലക്കം കേസരിയിലാണ് ശ്രീനാരായണഗുരു ചട്ടമ്പിസ്വാമിയുടെ ശിഷ്യനാണെന്ന പരാമര്‍ശമുള്ളത്.

MediaOne Logo

Web Desk

  • Published:

    23 May 2021 12:10 PM GMT

നാരായണ ഗുരു ചട്ടമ്പിസ്വാമിയുടെ ശിഷ്യനെന്ന് ആര്‍.എസ്.എസ് മുഖപത്രം; പ്രതിഷേധം കനക്കുന്നു
X

ശ്രീനാരായണഗുരു ചട്ടമ്പിസ്വാമിയുടെ ശിഷ്യനാണെന്ന് ആര്‍.എസ്.എസ് മുഖപത്രമായ കേസരിയില്‍ വന്ന പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധം. 2021 മെയ് 14 ലക്കം കേസരിയിലാണ് ശ്രീനാരായണഗുരു ചട്ടമ്പിസ്വാമിയുടെ ശിഷ്യനാണെന്ന പരാമര്‍ശമുള്ളത്. എസ്.എന്‍.ഡി.പി, ശ്രീനാരായണ ധര്‍മവേദി തുടങ്ങിയ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തി. സവര്‍ണ മനഃസ്ഥിതി പിന്തുടരുന്ന ചില കേന്ദ്രങ്ങള്‍ കാലങ്ങളായി തുടരുന്ന കുത്സിതനീക്കത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഗുരു ആരാണെന്ന് അറിയാത്തവരാണ് ഇക്കൂട്ടര്‍. ഇത്തരം പരാമര്‍ശങ്ങള്‍ ശ്രീനാരായണീയര്‍ അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവിനെ ചെറുതാക്കാനുള്ള നീക്കങ്ങള്‍ കാലങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങിയതാണെന്ന് ശ്രീനാരായണ ധര്‍മ്മവേദി വര്‍ക്കിങ് ചെയര്‍മാന്‍ കെ. പുഷ്പാംഗദന്‍, ജനറല്‍ സെക്രട്ടറി ഡോ. ബിജു രമേശ് എന്നിവര്‍ പറഞ്ഞു. ഹിന്ദു ഐക്യമെന്ന സങ്കല്‍പം പൂര്‍ത്തീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് കത്തിവെക്കുന്നതാണ് ഇത്തരം വിവാദങ്ങള്‍. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ തന്നെ ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

ശ്രീനാരായണഗുരുവിന്റെ ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ ഒരുപാട് കാലം മുമ്പ് തന്നെ തുടങ്ങിയിട്ടുണ്ടെന്നും അമല്‍ സി രാജന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ഇത്തരത്തില്‍ ചരിത്രം വളച്ചൊടിക്കുന്നവരെ സി. കേശവന്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ 'ഏഭ്യന്‍മാര്‍' എന്നാണ് വിശേഷിപ്പിച്ചതെന്നും കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ആർ എസ് എസ് പ്രസിദ്ധീകരണമായ കേസരി -2021 മെയ് 14 ലക്കം -ചട്ടമ്പിസ്വാമികളുടെ പ്രഥമ ശിഷ്യനാണ് ശ്രീനാരായണ ഗുരു എന്ന തെറ്റായ പ്രചരണവുമായി രംഗത്തെത്തിയിട്ടുണ്ടെന്ന വാർത്ത കഴിഞ്ഞ ദിവസം കാണുകയുണ്ടായി.

വാർത്ത കേട്ടപ്പോൾ ആദ്യമോർത്തത് സി. കേശവനെയാണ്. ഇത്തരം പ്രചാരകരെ എന്താണു വിശേഷിപ്പിക്കേണ്ടത് എന്ന് സി.കേശവൻ ജീവിത സമരത്തിൽ എഴുതിയിട്ടുണ്ട്. ഇന്നദ്ദേഹത്തിൻ്റെ നൂറ്റിമുപ്പതാം ജന്മദിനം കൂടിയാണ്.

അൽപ്പുഴ ഗ്രാമത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉദ്ഘാടനം ചെയ്തത് ശ്രീനാരായണ ഗുരുവായിരുന്നു. ആ ചടങ്ങിൽ ചട്ടമ്പിസ്വാമികളും സന്നിഹിതനായിരുന്നു. തദവസരത്തിലെ ഒരു സന്ദർഭത്തെ ജീവിതസമരത്തിൽ ഇങ്ങനെ വായിക്കാം:

"സ്കൂളിന്റെ ഉദ്ഘാടനത്തിനു ചട്ടമ്പിസ്വാമികളും സന്നിഹിതനായിരുന്നു . അദ്ദേഹം വരുമ്പോൾ , വളരെക്കാലം സ്കൂളിന്റെ മാനേജരായിക്കഴിഞ്ഞ മാന്യന്റെ വീട്ടിൽ നാരായണഗുരു വിശ്രമിക്കുകയാണ് .

ചട്ടമ്പിസ്വാമികൾ വരുന്നതുകണ്ട് നാരായണഗുരു പറയുകയാണ് :

"ചട്ടമ്പി വരുന്നു .ഒരു കസേര നീക്കിയിടൂ " .

നാരായണഗുരു എണീറ്റില്ല . സാഷ്ടാംഗ നമസ്കാരം ചെയ്തില്ല . വലുതായ സൗഹൃദവും ബഹുമാനവും പരസ്പരമുള്ള രണ്ട് ഉന്നതവ്യക്തികളുടെ പെരുമാറ്റമായിരുന്നു അവരുടേത് .

പക്ഷേ , ഇയ്യിടെ ചട്ടമ്പിസ്വാമി ശതാബ്ദി സ്മാരകഗ്രന്ഥത്തിൽ ഒരു വിദ്വാൻ കുട്ടി കാച്ചിവിട്ടിരിക്കുന്നതു കണ്ടു , തൈക്കാട്ടെവിടെയോ വച്ചു ചട്ടമ്പിസ്വാമി തിരുവടികളെ കണ്ടമാത്രയിൽ ശ്രീനാരായണഗുരുസ്വാമികൾ സാഷ്ടാംഗം നിലം പതിച്ച് ചട്ടമ്പിസ്വാമിയുടെ പാദങ്ങളിൽ തലമുട്ടിച്ചുകഴിഞ്ഞുവെന്നും , ചട്ടമ്പിസ്വാമികൾ , " ഛീ ഛീ " എന്ന് അപ്പോൾ നാരായണഗുരുവിനെ ശാസിച്ചു എന്നും , പിന്നെ തലയിൽ കൈവച്ചനുഗ്രഹിച്ചെന്നും , നാരായണഗുരു കണ്ണീർവാർത്തെന്നും മറ്റും മറ്റും .

ഞാൻ മേല്പറഞ്ഞ സംഭവം നടക്കുന്നതിനടുത്താണ് ഈ സംഭവം നടക്കുന്നത് . അതാണു വിശേഷം . ഇത്തരം നിപുണമായ പച്ചപ്പൊളി നാണമില്ലാതെ എഴുതാനും പരസ്യപ്പെടുത്താനും മുതിരുന്നവരെ ഏഭ്യൻമാരെന്നല്ലാതെ എന്തു പറയാനാണ് !"

(സി.കേശവൻ, ജീവിത സമരം, അധ്യായം എഴുപത്തിയൊന്ന്)

ഏഭ്യൻമാർ എന്നു സി.കേശവൻ വിശേഷിപ്പിച്ചവരുടെ പിൻഗാമികൾ മുൻപും എത്രയോ തവണ ഗുരുവിൻ്റെ ചരിത്രം വളച്ചൊടിക്കാൻ ശ്രമിച്ചു. ജാതിയും മതവും ഉപേക്ഷിച്ചതായി ഗുരു പ്രഖ്യാപിച്ച ആലുവയിലെ വിളംബരം ഒരു വ്യാജരേഖയാണെന്നു ലേഖനമെഴുതി പ്രസിദ്ധീകരിച്ച പാരമ്പര്യവും സംഘപരിവാറിനുണ്ട്.

സി.കേശവനേപ്പോലുള്ളവരുടെ സ്മരണ തിരിച്ചുപിടിക്കേണ്ടത് ഇത്തരം വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ വളരെ പ്രധാനമാണ്. നവോത്ഥാന നായകനും സ്വാതന്ത്ര്യ സമരസേനാനിയും തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയുമൊക്കെയായിരുന്ന സി.കേശവൻ്റെ അമ്പതാം ചരമവാർഷികം ഒരു പി.ആർ.ഡി.ചടങ്ങായി ഒതുങ്ങിപ്പോയി.

ഇന്ന് അദ്ദേഹത്തിൻ്റെ നൂറ്റിമുപ്പതാം ജന്മദിനത്തിൽ ദേശീയപ്രസ്ഥാനത്തിൻ്റെ പാരമ്പര്യമുൾക്കൊള്ളുന്ന പാർട്ടിനേതാക്കളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ കടന്നു പോയി. സി. കേശവൻ അവരുടെ സ്മരണകളിലേയില്ല. ആർത്തവകലാപത്തിൽ ഒപ്പം കൂടുകയും ആചാരസംരക്ഷണത്തിനനുകൂലമായി നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തവർ സി.കേശവനെ മറന്നു പോകുന്നതിൽ ആശ്ചര്യമില്ല.


TAGS :

Next Story