സമാധാനത്തോടെ ജനങ്ങള്‍ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിലാണിത്; കുമ്മനത്തിന് കൊടിക്കുന്നില്‍ സുരേഷിന്റെ മറുപടി
കോണ്‍ഗ്രസും ലീഗും സി.പി.എമ്മും ചേര്‍ന്ന് ലക്ഷദ്വീപിനെതിരെ വ്യാജപ്രചാരണം നടത്തുകയാണ് എന്നായിരുന്നു കുമ്മനത്തിന്റെ ആരോപണം.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങളെ പിന്തുണച്ചുകൊണ്ടുള്ള ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന്റെ മറുപടി. സ്‌നേഹത്തോടെയും സമാധാനത്തോടെയും ജനങ്ങള്‍ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിലാണിതെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.
ലക്ഷദ്വീപിന്റെ സമഗ്ര വികസനമാണ് ബി.ജെ.പിയുടെ ലക്ഷ്യമെങ്കില്‍ നുള്ളിപ്പെറുക്കാന്‍ കഴിയുന്ന നാല് ബി.ജെ.പിക്കാരൊഴികെ ഓരോ ദ്വീപുകാരനും പുതിയ മാറ്റങ്ങളെ എതിര്‍ക്കുന്നത് എന്തിനാന്നെന്ന് ചിന്തിച്ച് നോക്കാവുന്നതാണെന്ന് കൊടുക്കുന്നില്‍ പറഞ്ഞു.
അനാവശ്യപരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം തുടങ്ങിയത് കോണ്‍ഗ്രസോ സി.പി.എമ്മോ അല്ല. ലക്ഷദ്വീപിലെ ജനങ്ങള്‍ തന്നെയാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പേ കാറ്റിലും കോളിലും ഉലയാതെ പേമാരികളെ അതിജീവിച്ച ജനതയാണവര്‍. അവര്‍ അതിജീവിക്കുക തന്നെ ചെയ്യും. ജനാധിപത്യ വിശ്വാസികള്‍ ഈ രാജ്യവിരുദ്ധ നീക്കങ്ങളെ ഒരേ മനസോടെ ചെറുത്ത് തോല്‍പ്പിക്കുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
കോണ്‍ഗ്രസും ലീഗും സി.പി.എമ്മും ചേര്‍ന്ന് ലക്ഷദ്വീപിനെതിരെ വ്യാജപ്രചാരണം നടത്തുകയാണ് എന്നായിരുന്നു കുമ്മനത്തിന്റെ ആരോപണം. തീവ്രവാദത്തിന്റെ ഹബ്ബായി ദ്വീപ് മാറാതിരിക്കാനാണ് ഗുണ്ടാ ആക്ട് കൊണ്ടുവന്നതെയും കുമ്മനം പറഞ്ഞു.
Adjust Story Font
16