Quantcast

പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നത് വൈകുന്നതിനെതിരെ ലീഗ് മുഖപത്രം

താഴെ തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം വേണ്ടത്ര രീതിയില്‍ ശോഭിക്കുന്നില്ലെന്ന പരാതിക്ക് പരിഹാരമുണ്ടാക്കിയാല്‍ മാത്രമേ പ്രതിസന്ധിയില്‍ നിന്ന് കരകയറാനാവൂ എന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

MediaOne Logo

Web Desk

  • Published:

    22 May 2021 4:35 AM GMT

പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നത് വൈകുന്നതിനെതിരെ ലീഗ് മുഖപത്രം
X

പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗം. 'അനിശ്ചിതത്വത്തിന്റെ വില' എന്ന തലക്കെട്ടിലെഴുതി മുഖപ്രസംഗത്തിന്റെ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ് നേരിടുന്ന സംഘടനാ ദൗര്‍ബല്യങ്ങളെ വിമര്‍ശിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

ബംഗാളില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് മത്സരിച്ചിട്ട് പോലും ഒരു സീറ്റ് മാത്രമാണ് നേടാനായത്. അസമില്‍ 24 സീറ്റുകള്‍ നേടിയെങ്കിലും ഭരണം നേടാനായില്ല. പുതുച്ചേരില്‍ ഭരണം നഷ്ടമായി. കേരളത്തില്‍ ഒരു സീറ്റ് കുറയുകയാണ് ചെയ്തത്. ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ചയുണ്ടായി. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ ദേശീയ നേതൃത്വം നടപടികളെടുത്തുവെന്ന് വാര്‍ത്തകളുണ്ടായെങ്കിലും അതിന്റെ ഫലം കാണാന്‍ കഴിയുന്നില്ല. ദേശീയ നേതൃത്വത്തില്‍ നേതാക്കള്‍ പരസ്യമായി ഗ്രൂപ്പ് തിരിഞ്ഞ് രംഗത്ത് വരുന്ന അവസ്ഥയാണെന്നും മുഖപ്രസംഗം പറയുന്നു.

രാജ്യസഭയില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ മോദിയെ പ്രശംസിച്ച ഗുലാം നബി ആസാദിനെ മുഖപ്രസംഗം വിമര്‍ശിക്കുന്നു. മോദി സര്‍ക്കാറിനെതിരെ ശക്തമായ ജനരോഷം ഉയരുന്നതിനിടെ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവ് തന്നെ മോദിയെ പുകഴ്ത്തിയത് പ്രതിപക്ഷധര്‍മ്മത്തിന് നിരക്കുന്നതില്ലെന്ന് മുഖപ്രസംഗം പറയുന്നു. പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നത് പാര്‍ട്ടിക്കും മുന്നണിക്കും പ്രയോജനകരമല്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

24ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷനേതാവിനെ കുറിച്ച് തീരുമാനത്തില്‍ എത്താനാവാത്തതിനെ മുഖപ്രസംഗം വിമര്‍ശിക്കുന്നു. സംസ്ഥാനത്ത് ബിജെപി-സിപിഎം കൂട്ടുകെട്ടിനെ ഒരുമിച്ച് നേരിടേണ്ട കടമയാണ് പ്രതിപക്ഷത്തിനുള്ളത്. താഴെ തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം വേണ്ടത്ര രീതിയില്‍ ശോഭിക്കുന്നില്ലെന്ന പരാതിക്ക് പരിഹാരമുണ്ടാക്കിയാല്‍ മാത്രമേ പ്രതിസന്ധിയില്‍ നിന്ന് കരകയറാനാവൂ എന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം:

അനിശ്ചിതത്വത്തിന്റെ വില

അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് ഇക്കഴിഞ്ഞ മാര്‍ച്ചിനും ഏപ്രിലിനുമിടയില്‍ നടന്ന തെരഞ്ഞെടുപ്പ് രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. അസമില്‍ ഭരണത്തുടര്‍ച്ചയുണ്ടായെങ്കിലും കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന ്മാത്രമല്ല, കേരളത്തില്‍ ആകെയുണ്ടായിരുന്ന സീറ്റും നഷ്ടമായി. എന്നാല്‍ രാജ്യത്തെ മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസിനും ഇതോടൊപ്പം തിരിച്ചടി നേരിട്ടതായാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പ്രാദേശിക കക്ഷികള്‍ക്കായിരുന്നു നേട്ടം. പശ്ചിമബംഗാളില്‍ ഇടതുകക്ഷികളുമായിചേര്‍ന്ന് മല്‍സരിച്ചിട്ടുപോലും ഒരു സീറ്റിലപ്പുറം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അസമില്‍ 24 സീറ്റുകള്‍ വര്‍ധിച്ചിട്ടും ഭരണം തിരിച്ചുപിടിക്കാനായില്ല. പുതുച്ചേരിയില്‍ ഭരണം നഷ്ടമായി. കേരളത്തില്‍ കോണ്‍ഗ്രസിന് നിലവിലെ സീറ്റുകളില്‍ ഒരെണ്ണം കുറഞ്ഞു. പാര്‍ട്ടി ഉള്‍പെടുന്ന ഐക്യജനാധിപത്യമുന്നണിയുടെ 47 സീറ്റുകള്‍ 41 ലേക്ക് ചുരുങ്ങി. കേരളകോണ്‍ഗ്രസ് (എം) വിട്ടുപോയതും മുസ്‌ലിംലീഗിന്റെ സീറ്റുകള്‍ മൂന്നെണ്ണം കുറഞ്ഞതും 0.66 ശതമാനം വോട്ടുകള്‍ അധികം കൂടിയിട്ടും മുന്നണിയുടെ തിരിച്ചുവരവിനെ തുണച്ചില്ല. ഇരുമുന്നണികളെയും മാറിമാറി ഭരിച്ചിരുന്ന കേരളത്തില്‍ മൂന്നുപതിറ്റാണ്ടിനുശേഷം ഇടതുമുന്നണിക്ക് അധികാരത്തില്‍ തുടരാനായി.

ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയതലത്തിലുള്ള തിരിച്ചുവരവിന് വിലങ്ങുതടികളെന്തൊക്കെയാണെന്ന് പരിശോധിക്കാനും ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനും പാര്‍ട്ടി ദേശീയ നേതൃത്വം നടപടികളെടുത്തതായാണ് വാര്‍ത്തകള്‍. വരാനിരിക്കുന്ന ഏതാനും സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പുകളും 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പും ഇതിന്റെ അനിവാര്യത വ്യക്തമാക്കുന്നുണ്ട്. ഏറെ നാളായി കോണ്‍ഗ്രസിനകത്ത് മുതിര്‍ന്ന നേതാക്കള്‍ പരസ്പരം അഭിപ്രായഭിന്നത തുറന്നുപ്രകടിപ്പിച്ചുതുടങ്ങിയിട്ട്. നേതൃത്വത്തിനെതിരെ 23 മുതിര്‍ന്ന നേതാക്കളുള്‍പ്പെട്ട പ്രത്യേക ഗ്രൂപ്പ് പരസ്യമായി രംഗത്തുവന്നു. ഇവരില്‍ മുന്‍ കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമായിരുന്ന ഗുലാംനബി ആസാദും അഡ്വ. കപില്‍സിബലും ഉള്‍പ്പെടുന്നു. പാര്‍ലമെന്റില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തവെ പ്രധാനമന്ത്രി മോദിയെ ഗുലാംനബി ആസാദ് പ്രകീര്‍ത്തിച്ചത് ഏറെ കൗതുകമായിരുന്നു. പ്രതിപക്ഷത്തെ പ്രധാനകക്ഷിയുടെ മുതിര്‍ന്നനേതാവ് തന്നെ ഇത്തരത്തില്‍ എതിര്‍ രാഷ്ട്രീയകക്ഷിയുടെ നേതാവും പ്രധാനമന്ത്രിയുമായ വ്യക്തിയെക്കുറിച്ച് ഭരണവിരുദ്ധവികാരം കത്തിനില്‍ക്കുമ്പോള്‍ പരസ്യമായി പ്രശംസിച്ചത് പ്രതിപക്ഷ ധര്‍മത്തിനും ജനാധിപത്യത്തിനും തീര്‍ത്തും നിരക്കുന്നതായില്ല. പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതും പാര്‍ട്ടിക്കും പ്രതിപക്ഷത്തിനും പ്രേയോജനകരമല്ലെന്നും പ്രത്യേകിച്ച് പറയേണ്ടതില്ല.

ഇന്ത്യയുടെ നാലു പതിറ്റാണ്ടത്തെ ഭരണം കയ്യിലേന്തിയ കക്ഷിയെന്നതിലുപരി രാജ്യത്തെ എല്ലാപ്രദേശത്തും സര്‍വവിഭാഗം ജനങ്ങളിലും സ്വാധീനമുള്ള പ്രസ്ഥാനമാണ് സ്വാതന്ത്ര്യസമരത്തിന് നേതൃത്വംനല്‍കിയ ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്. വിവിധ ജാതിമത വിഭാഗങ്ങളെ ഒരു മാലയിലെ മുത്തുമണികളെപോലെ കാത്തു സംരക്ഷിക്കുന്ന സംഘടനയും കോണ്‍ഗ്രസ്‌പോലെ ഇന്നും വേറെയില്ല. അതുകൊണ്ട് കോണ്‍ഗ്രസിന്റെ നിലനില്‍പും ഉയര്‍ച്ചയുമാണ് മഹാഭൂരിപക്ഷം ജനങ്ങളും കാംക്ഷിക്കുന്നത്. രാജ്യത്തെ വര്‍ഗീയതയിലേക്കും ഭിന്നിപ്പിലേക്കും വലിച്ചിഴച്ചുകൊണ്ടുപോയി ഭരണഘടനതകര്‍ത്ത് ഏകമതാത്മക രാഷ്ട്രം സൃഷ്ടിക്കാനുള്ള പണിപ്പുരയിലിരിക്കുന്ന ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും കരങ്ങളില്‍നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിച്ചെടുക്കേണ്ട നിര്‍ണായക ഘട്ടമാണിതെന്ന് മനസ്സിലാക്കിയവര്‍ അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പഞ്ചാബിലും ഛത്തീസ്ഗഡിലും മാത്രമായി കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താനായത് മതതേര വിശ്വാസികളെ സംബന്ധിച്ചിടത്തോളം ചെറിയ അലോസരമല്ല ഉണ്ടാക്കിയിട്ടുള്ളത്. കേരളത്തിന്റെ പ്രതീക്ഷകളും ഇത്തരത്തിലായേക്കുമോയെന്ന ആധിയിലാണിന്ന് മതേതര ജനത.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ബന്ധമുള്ള കോടികളുടെ അഴിമതിയും കൂട്ടബന്ധു-പാര്‍ട്ടിനിയമനവും പൊലീസ് ഭരണത്തിലെയും മറ്റും വീഴ്ചകളും തുറന്നുകാട്ടുന്നതില്‍ പ്രതിപക്ഷം അഭൂതപൂര്‍വമായ ആര്‍ജവമാണ് പ്രകടിപ്പിച്ചതെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ കോണ്‍ഗ്രസ് മുക്തഭാരതമെന്ന ബി.ജെ.പിയുടെ ലക്ഷ്യത്തിനായി അവരുമായി സി.പി.എം രഹസ്യസന്ധി ഉണ്ടാക്കുകയും വോട്ടുകള്‍ മറിച്ചുകൊടുക്കുകയും ചെയ്തത് പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഫലമാണ് സംസ്ഥാനത്തുണ്ടാക്കിയത്. 90ഓളം മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് മറിച്ചുനല്‍കിയതുവഴി 16 ശതമാനത്തിനടുത്തുണ്ടായിരുന്ന എന്‍.ഡി.എയുടെ വോട്ട് ശതമാനം 12.4 ശതമാനത്തിലേക്ക് താഴ്ന്നു. ബി.ജെ.പിയുടേത് 10.3ലേക്കും. എന്നാല്‍ വര്‍ഗീയപാര്‍ട്ടിയെ പരാജയപ്പെടുത്തുന്നതില്‍ അവരുടെ ശക്തികേന്ദ്രങ്ങളില്‍ മികച്ച പ്രകടനമാണ് യു.ഡി.എഫ് കാഴ്ചവെച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പിണറായി വിജയനിലെ കൗശലബുദ്ധി ഇതിനെയെല്ലാം തനിക്കനുകൂലമായ തരംഗമായി ദുര്‍വ്യാഖ്യാനിക്കാനാണ് പരിശ്രമിക്കുന്നത്. തന്റെ സര്‍വാധിപത്യശൈലി തുടരുമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ രണ്ടാം മന്ത്രിസഭയിലെ മന്ത്രിമാരും അവര്‍ക്കു നല്‍കിയ വകുപ്പുകളും വ്യക്തമാക്കുന്നത്.

ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന അഞ്ചുവര്‍ഷം ഇടതുമുന്നണിയെയും ബി.ജെ.പിയെയും ഒരുമിച്ച് നേരിടുന്നതിനുള്ള ദ്വിമുഖ തന്ത്രത്തിലധിഷ്ഠിതമായ ഭഗീരഥശ്രമമാണ് പ്രതിപക്ഷത്തിന് മുന്നിലുയര്‍ന്നുവന്നിരിക്കുന്നത്. മെയ് 24, 25 തീയതികളില്‍ നിയമസഭ ചേരുന്നതിന് തീരുമാനിച്ചിരിക്കവെ ഇപ്പോഴും പ്രതിപക്ഷ നേതാവിനെ തെരഞ്ഞൈടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ട്. പിണറായിവിജയന്‍ പുതുമുഖങ്ങളെ അണിനിരത്തിയാണ് തുടര്‍ഭരണം പിടിച്ചതെന്ന് പറയുമ്പോള്‍ അത് വര്‍ഷങ്ങള്‍ക്കുമുമ്പേ ജില്ലാഅധ്യക്ഷന്മാരുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കിയതാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലും യുവ-പുതുനിരയെയാണ ്‌കോണ്‍ഗ്രസ് ജനത്തിനുമുന്നില്‍ അണിനിരത്തിയതും. എങ്കിലും താഴെതട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വേണ്ടത്ര ശോഭിക്കുന്നില്ലെന്ന പരാതികള്‍ക്ക് പരിഹാരമുണ്ടാകണം. അതിന് മാതൃകകാട്ടേണ്ടത് നേതൃതലത്തിലാണ്. 2019ല്‍ 20ല്‍ 19 ലോക്‌സഭാമണ്ഡലങ്ങളില്‍ ഗംഭീര വിജയം നേടുന്നതിന് സഹായിച്ച ഘടകങ്ങളെ പ്രയോജനപ്പെടുത്തുകയും കൂടുതല്‍ ജനങ്ങളിലേക്കിറങ്ങി കൂടുതല്‍ പ്രവര്‍ത്തിക്കുകയുംചെയ്താല്‍ ഈ തിരിച്ചടിയെ അതിജീവിക്കാന്‍ കഴിയുമെന്ന ്തീര്‍ച്ചയാണ്. മുകളില്‍ നിന്നുള്ള തീരുമാനത്തിനപ്പുറം ജനാധിപത്യരീതിയില്‍ കീഴ്ത്തട്ടില്‍നിന്നുള്ള തുറന്ന ആശയവിനിമയവും സംഘടനാരീതിയും വന്നാല്‍ ഏതു പ്രസ്ഥാനത്തിനും പ്രതിസന്ധിയില്‍നിന്ന് കരകയറാവുന്നതേയുള്ളൂ.


TAGS :

Next Story