പൗരന്റെ സ്വകാര്യതക്ക് പരിധിയുണ്ട്; സമ്പൂര്‍ണമായ സ്വകാര്യത അനുവദിക്കാനാവില്ലെന്ന് കേന്ദ്രം
സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ വാട്‌സ്ആപ്പ് കോടതിയെ സമീപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി രവിശങ്കര്‍ പ്രസാദ്
പൗരന്‍മാര്‍ക്ക് സമ്പൂര്‍ണമായ സ്വകാര്യത അനുവദിക്കാനാവില്ലെന്നും ആവശ്യമായ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. സ്വകാര്യത സമ്പൂര്‍ണമായ മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ വാട്‌സ്ആപ്പ് കോടതിയെ സമീപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഴുവന്‍ പൗരന്‍മാരുടെയും സ്വകാര്യത സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതേസമയം ക്രമസമാധാനനില തകരാതെ നോക്കുന്നതും ദേശീയ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് തന്നെ സമ്പൂര്‍ണമായ സ്വകാര്യത അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയേയും ബാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങള്‍, സംസ്ഥാനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍, സുഹൃത് രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന കാര്യങ്ങള്‍ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റവാളികളെ ശിക്ഷിക്കാനുമാണ് സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താന്‍ വാട്‌സ്ആപ്പിനോട് ആവശ്യപ്പെടുന്നത്.
കേന്ദ്രത്തിന്റെ പുതിയ നയത്തിനെതിരെ ചൊവ്വാഴ്ചയാണ് വാട്‌സ്ആപ്പ് കോടതിയെ സമീപിച്ചത്. സന്ദേശങ്ങളുടെ ഉറവിടം ആവശ്യപ്പെടുന്നത് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം തകര്‍ക്കുമെന്നും ഉപയോക്താക്കളുടെ സ്വകാര്യത ഇല്ലാതാക്കുമെന്നും വാട്‌സ്ആപ്പ് ഹര്‍ജിയില്‍ പറയുന്നു. രാജ്യവ്യാപകമായി 400 ദശലക്ഷം ഉപയോക്താക്കളാണ് വാട്‌സ്ആപ്പിനുള്ളത്.
Adjust Story Font
16