പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് സൗകര്യങ്ങള്‍ പരിമിതപ്പെടുത്തില്ലെന്ന് വാട്‌സ്ആപ്പ്
പുതിയ സ്വകാര്യതാനയത്തില്‍ നിന്ന് പിന്‍മാറണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വാട്‌സ്ആപ്പിന് കത്ത് നല്‍കിയിരുന്നു.
പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് സൗകര്യങ്ങള്‍ പരിമിതപ്പെടുത്തില്ലെന്ന് വാട്‌സ്ആപ്പ്. മെയ് 15നകം പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ വിവിധ സൗകര്യങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് വാട്‌സ്ആപ്പ് നേരത്തെ അറിയിച്ചു. സ്വകാര്യതാനയം അംഗീകരിക്കാത്ത എല്ലാവരുടെയും എക്കൗണ്ടുകള്‍ ഒരുമിച്ച് റദ്ദാക്കില്ലെന്നും ഘട്ടം ഘട്ടമായി സൗകര്യങ്ങള്‍ ഇല്ലാതാവുമെന്നും വാട്‌സ്ആപ്പ് നേരത്തെ അറിയിച്ചിരുന്നു.
പുതിയ സ്വകാര്യതാനയത്തില്‍ നിന്ന് പിന്‍മാറണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വാട്‌സ്ആപ്പിന് കത്ത് നല്‍കിയിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യതക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് കേന്ദ്രസര്‍ക്കാറിന് നല്‍കിയ മറുപടിയില്‍ വാട്‌സ്ആപ്പ് വ്യക്തമാക്കി. പുതിയ നയം അംഗീകരിക്കാത്തവരുടെ സൗകര്യങ്ങള്‍ റദ്ദാക്കില്ലെന്നും പകരം ആപ്പ് ഉപയോഗിക്കുമ്പോള്‍ പുതിയ സ്വകാര്യതാനയം അംഗീകരിക്കേണ്ടതിനെ കുറിച്ച് ഉപയോക്താക്കളെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുമെന്നും കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.
ജനുവരിയിലാണ് വാട്‌സ്ആപ്പ് പുതിയ സ്വകാര്യതാനയം പ്രഖ്യാപിച്ചത്. ഉപയോക്താക്കളുടെ ചില സ്വകാര്യവിവരങ്ങള്‍ ഫെയ്‌സ്ബുക്കുമായി പങ്കുവെക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നയം. ഇതിനെതിരെ വന്‍ പ്രതിഷേധമുയരുകയും നിരവധി ഉപയോക്താക്കള്‍ സിഗ്നല്‍, ടെലഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നയം നടപ്പാക്കുന്നത് മെയ് 15 വരെ നീട്ടിവെക്കാന്‍ വാട്‌സ്ആപ്പ് തീരുമാനിച്ചത്. പുതിയ നയം സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വാട്‌സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കി.
Adjust Story Font
16