Quantcast

പൈലറ്റുമാരെ കിട്ടാനില്ല; അമേരിക്കയിൽ വിമാനക്കമ്പനികൾ ബസ് സർവീസിലേക്ക്

പൈലറ്റുമാരെ കിട്ടാനില്ലാത്തതിനാൽ 150-ലേറെ വിമാനങ്ങളാണ് നിർത്തിയിടേണ്ടി വന്നിരിക്കുന്നത്

MediaOne Logo

André

  • Published:

    26 April 2022 8:58 AM GMT

പൈലറ്റുമാരെ കിട്ടാനില്ല; അമേരിക്കയിൽ വിമാനക്കമ്പനികൾ ബസ് സർവീസിലേക്ക്
X
Listen to this Article

പൈലറ്റുമാരുടെ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ചില റൂട്ടുകളിൽ വിമാനത്തിനു പകരം യാത്രക്കാർക്ക് ബസ് യാത്ര ഏർപ്പാടാക്കി അമേരിക്കയിലെ വിമാനക്കമ്പനികൾ. അമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനികളായ അമേരിക്കൻ എയർലൈൻസും യുനൈറ്റഡ് എയർലൈൻസുമാണ് ഹൃസ്വദൂര റൂട്ടുകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനായി ബസ് സർവീസ് കമ്പനികളെ ആശ്രയിക്കുന്നത്.

(Summary: US Airlines hiring buses to transport passengers between airports during pilot shortage)

രാജ്യത്തെ വലിയ വിമാനക്കമ്പനിയായ അമേരിക്കൻ, ഫിലഡെൽഫിയ എയർപോർട്ടിൽ നിന്ന് 73 മൈൽ അകലെയുള്ള അലൻടൗൺ (പെൻസിൽവാനിയ), 56 മൈൽ അകലെയുള്ള അറ്റ്‌ലാന്റിക് സിറ്റി (ന്യൂജേഴ്‌സി) എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനായി ലാൻഡ്‌ലൈൻ എന്ന ബസ് സർവീസ കമ്പനിയുമായി കരാറിലെത്തി. വിമാനത്തേക്കാൾ ലാഭകരവും എളുപ്പവും ബസ് സർവീസ് ആണെന്ന തിരിച്ചറിവിലാണ് ഈ നീക്കം. ജൂൺ മൂന്ന് മുതൽ ഇത് ആരംഭിക്കും.

ലാൻഡ്‌ലൈനുമായി തന്നെയാണ് യുനൈറ്റഡ് എയർലൈൻസും കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഡെൻവർ എയർപോർട്ടിൽ നിന്ന് ബ്രെക്കൻറിജ്, ഫോർട് കൊളിൻസ് എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവീസ്. ഏപ്രിൽ ആദ്യം മുതൽ ഇത് നിലവിൽ വന്നിട്ടുണ്ട്. ഇരു വിമാനക്കമ്പനികളുമായുള്ള കരാറിലൂടെ 28 ദശലക്ഷം ഡോളർ സമാഹരിക്കാൻ കഴിഞ്ഞതായും ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനായി ഉപയോഗിക്കുമെന്നും ലാൻഡ്‌ലൈൻ അറിയിച്ചു.

ദൈനംദിന സർവീസുകൾക്ക് ആവശ്യമായ പൈലറ്റുമാരെ കിട്ടാതിരുന്നതോടെയാണ് വിമാനക്കമ്പനികൾ വിമാനം വിട്ട് ബസ്സുകളിലേക്ക് തിരിഞ്ഞിരിക്കുന്നത്. പറത്താൻ ആളില്ലാത്തതിനാൽ പല കമ്പനികളും വിമാനങ്ങൾ നിലത്തിട്ടിരിക്കുകയാണ്. ഇതോടെ, വിമാന ടിക്കറ്റ് വിലയും വർധിച്ചിട്ടുണ്ട്.

അടുത്ത 15 വർഷങ്ങൾക്കുള്ളിൽ അമേരിക്കയിലെ പൈലറ്റുമാരുടെ പകുതിയും വിരമിക്കുമെന്നാണ് റീജ്യനൽ എയർലൈൻ അസോസിയേഷന്റെ കണക്ക്. പൈലറ്റുമാർ 65 വയസ്സിൽ വിരമിക്കണമെന്നാണ് ഫെഡറൽ ഏവിയേഷൻ അസോസിയേഷന്റെ നിബന്ധന. ഏഴ് വർഷത്തിനുള്ളിൽ 5,000 മുതൽ 15,000 വരെ പൈലറ്റുമാർ വിരമിക്കുമെന്നും ഇത് വ്യോമയാന രംഗത്ത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും വിദഗ്ധർ പറയുന്നു.

ഈ വർഷം മാത്രം 13,000-ലേറെ പൈലറ്റുമാരുടെ ഒഴിവാണ് അമേരിക്കയിലുള്ളത്. എന്നാൽ 5,000-നും 7000-നുമിടയിൽ പൈലറ്റുമാർ മാത്രമാണ് പ്രതിവർഷം പഠനം കഴിഞ്ഞ് അമേരിക്കയിൽ പുറത്തിറങ്ങുന്നതെന്നും വരും വർഷങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകാനിടയെന്നും യുനൈറ്റഡ് എയർലൈൻസ് സി.ഇ.ഒ സ്‌കോട്ട് കിർബി പറഞ്ഞു. പൈലറ്റുമാരില്ലാത്തതിനാൽ 150-ലേറെ വിമാനങ്ങളാണ് പറക്കാതിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പൈലറ്റ് ക്ഷാമം പരിഹരിക്കാൻ വിമാനക്കമ്പനികൾ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഇവ നടപ്പിൽ വരണമെങ്കിൽ കുറഞ്ഞത് അഞ്ച് വർഷങ്ങളെങ്കിലും എടുക്കുമെന്നാണ് കണക്കാക്കുന്നത്.

TAGS :

Next Story