Quantcast

'ആളെ കളിയാക്കുന്നോ'; 45,000 രൂപയുടെ ബാഗ് നഷ്ടമായതിന് ഇൻഡിഗോയുടെ നഷ്ടപരിഹാരം 2450 രൂപ!

അസം സ്വദേശിയായി മോനിക് ശർമ്മയ്ക്കാണ് ഇൻഡിഗോ 'വല്ലാത്തൊരു' നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2024-08-28 14:19:32.0

Published:

28 Aug 2024 1:39 PM GMT

IndiGo
X

ഗുവാഹത്തി: ബാഗ് നഷ്ടപ്പെട്ടതിന് ഇൻഡിഗോ നൽകിയ നഷ്ടപരിഹാരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വെറുമൊരു ബാഗല്ല, 45,000 രൂപയുടെ സാധനങ്ങളടങ്ങിയ ബാഗാണ് നഷ്ടമായത്, അതിന് ഇന്‍ഡിഗോയുടെ നഷ്ടപരിഹാരമാകട്ടെ 2450 രൂപയും.

പാൻ, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയടക്കമുള്ള ഡോക്യുമെന്റ്‌സുകളും ബാഗിലുണ്ടായിരുന്നു. അസം സ്വദേശിയായി മോനിക് ശർമ്മയ്ക്കാണ് ഇൻഡിഗോ 'വല്ലാത്തൊരു' നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത്. ഒരു മാസം മുമ്പ് കൊൽക്കത്തയിൽ നിന്നും ഗുവാഹത്തിയിലേക്ക് പറന്നപ്പോഴായിരുന്നു സംഭവം. എന്നിരുന്നാലും മോനിക് അല്ല നഷ്ടപരിഹാരക്കഥ പുറംലോകത്തെ അറിയിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്ത് രവി ഹാൻഡയാണ് 'ഇൻഡിഗോ കഥ' എക്‌സിൽ പങ്കുവെച്ചത്.

'' ഡ്രൈവിംഗ് ലൈസൻസ്, പാൻ, ആധാർ തുടങ്ങിയ പ്രധാനപ്പെട്ട പേപ്പറുകൾക്കൊപ്പം 45,000 വിലയുള്ള സാധനങ്ങളും ബാഗിൽ ഉണ്ടായിരുന്നു. കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ച് ചെക്ക് ഇന്‍ ചെയ്തതാണ്. എന്നാല്‍ ബാഗ് ഗുവാഹത്തിയിൽ എത്തിയിട്ടില്ല. വായുവിൽ നിന്ന് എങ്ങനെയാണ് ബാഗ് അപ്രത്യക്ഷമാകുന്നത്? വിമാനത്തില്‍ വെച്ച് ബാഗുകൾ ചോർന്നോ?''- ഇങ്ങനെയായിരുന്നു രവിയുടെ പോസ്റ്റ്.

നഷ്ടപ്പെട്ട ബാഗിന് പകരമായി 2450 രൂപ നഷ്ടപരിഹാരമായി നൽകാമെന്നായിരുന്നു ഇൻഡിഗോയുടെ വാഗ്ദാനമെന്നും അത് സംഭവം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് വന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പരിഹാസ്യമാണെന്നായിരുന്നു ബോർഡിങ് പാസിന്റെ ചിത്രം പങ്കുവെച്ച് അദ്ദേഹം പിന്നീട് കുറിച്ചത്.

''ബാഗിന് നഷ്ടപരിഹാരത്തുകയേക്കാള്‍ കൂടുതല്‍ വരും. ബാഗ് നഷ്‌ടപ്പെട്ടാൽ പരമാവധി 350/കിലോയ്ക്ക് എയര്‍ലൈന് ബാധ്യതയുണ്ടായിരിക്കുമെന്ന നിയമമുണ്ട്. ഇൻഡിഗോ സോഷ്യൽ മീഡിയ ടീമിലെ ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ ദയവായി അവനെ സഹായിക്കൂ. 2450 എന്നത് മതിയായ തുക അല്ല'' - എന്നായിരുന്നു രവിയുടെ രണ്ടാമത്തെ കുറിപ്പ്.

കുറിപ്പ് വൈറലാകുകയും ദേശീയ മാധ്യമങ്ങളടക്കം സംഭവം വാർത്തയാക്കുകയും ചെയ്തതോടെ ഇൻഡിഗോക്ക് ഇടപെടേണ്ടി വന്നു.എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് പറഞ്ഞ് ഇൻഡിഗോയിൽ നിന്ന് വിളി വന്നതായി അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താമെന്ന് കമ്പനി ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 24നാണ് അദ്ദേഹം ഇൻഡിഗോയിൽ നിന്ന് വിളിച്ച്, കാര്യം അന്വേഷിച്ചതായി പറഞ്ഞത്. എന്നാല്‍ മതിയായ നഷ്ടപരിഹാരം ലഭിച്ചോ എന്ന് വ്യക്തമല്ല.

അതേസമയം രവിയുടെ പോസ്റ്റ് വളരെ വേഗമാണ് സാമൂഹികമാധ്യമത്തില്‍ വൈറലായത്. മൂന്ന് ലക്ഷത്തിലധികം പേരാണ് പോസ്റ്റ് കണ്ടത്. ഇൻഡിഗോയുടെ നടപടിയിൽ രൂക്ഷവിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. കുറഞ്ഞ തുകയൊക്കെ നഷ്ടപരിഹാരമായി നൽകുന്നത് ആളെ കളിയാക്കുന്നത് പോലെയാണെന്നായിരുന്നു ഒരാൾ കുറിച്ചത്. സമാന അനുഭവം നേരിട്ടവരൊക്കെ അക്കാര്യം പങ്കുവെച്ചു. ഇൻഡിഗോ തന്നെ അധിക നിരക്ക് ഈടാക്കിയ സംഭവവും ഒരാൾ രേഖപ്പെടുത്തുന്നുണ്ട്.

TAGS :

Next Story