വിമാനത്തിന്റെ ബാത്ത്റൂമിൽ 'കുടുങ്ങി'; കഴിച്ചുകൂട്ടിയത് 100 മിനുറ്റോളം
വിമാനം ബംഗളൂരുവിൽ എത്തിയതിന് ശേഷമാണ് ഇയാൾക്ക് പുറത്തിറങ്ങാനായത്.
ബംഗളൂരു: സ്‌പൈസ്ജെറ്റ് വിമാനത്തിന്റെ ബാത്ത് റൂമിൽ കുടുങ്ങി യാത്രികൻ. മുംബൈയിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. വിമാനം ബംഗളൂരുവിൽ എത്തിയതിന് ശേഷമാണ് ഇയാൾക്ക് പുറത്തിറങ്ങാനായത്.
ബംഗളൂരുവിൽ നിന്ന് ടെക്നീഷ്യന്മാർ എത്തിയാണ് വാതില്‍ തുറന്നത്. ഏകദേശം 100 മിനുറ്റോളം ഇയാൾക്ക് ബാത്ത്റൂമിൽ തന്നെ കഴിഞ്ഞുകൂടേണ്ടി വന്നു.
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. മുംബൈയിൽ നിന്ന് വിമാനം പുറപ്പെട്ടയുടനെ തന്നെ ഇയാൾ ബാത്ത് റൂമിലേക്ക് പോകുകയായിരുന്നു. എന്നാൽ തിരികെ എത്താൻ കഴിഞ്ഞില്ല.
ബാത്ത്റൂമിന്റെ വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ വിമാനം ഇറങ്ങുന്നത് വരെ അവിടെ ഇരിക്കുകയല്ലാതെ മറ്റുമാർഗങ്ങളില്ലാതായി. വിമാനത്തിലെ സ്റ്റാഫിനും വാതിൽ തുറക്കാൻ കഴിഞ്ഞില്ല. എന്നാൽ പരിഭ്രാന്തനാകരുതെന്നും എല്ലാ വഴികളും നോക്കുന്നണ്ടെന്നും എയർഹോസ്റ്റസ് അദ്ദേഹത്തോട് പറഞ്ഞു. കടലാസിലെഴുതി അദ്ദേഹത്തിന് ഇട്ടുകൊടുത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്ലോസറ്റില്‍ തന്നെ ഇരിക്കാനും ആവശ്യപ്പെട്ടു.
എന്നാൽ വിമാനം ബംഗളൂരുവിൽ ഇറങ്ങുന്നത് വരെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. അതേസമയം സംഭവത്തോട് സ്‌പൈസ് ജെറ്റ് അധികൃതർ പ്രതികരിച്ചിട്ടില്ല.
Summary-SpiceJet passenger gets stuck inside toilet for an hour on Mumbai-Bengaluru flight
Adjust Story Font
16