യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ മുസ്‌ലിം സ്ഥാനാർഥികൾക്ക് റെക്കോഡ് വിജയം; വിദ്വേഷ പ്രചാരണങ്ങൾക്കിടയിലും തിളങ്ങി 97 പേർ
റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിൽ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടന്നത്

- Published:
7 Nov 2026 6:55 PM IST

വാഷിങ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ വിദ്വേഷ പ്രചാരണങ്ങളെയും ഭീഷണികളെയും അതിജീവിച്ച് മുസ്‌ലിം സ്ഥാനാർഥികൾക്ക് ചരിത്ര വിജയം. ഫെഡറൽ, സംസ്ഥാന, പ്രാദേശിക തലങ്ങളിലായി ഇതുവരെ കുറഞ്ഞത് 97 മുസ്‌ലിം സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടതായി കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് (കെയർ) അറിയിച്ചു. പ്രൈമറി തെരഞ്ഞെടുപ്പിൽ വിജയിച്ചെത്തിയ 168 മുസ്‌ലിം സ്ഥാനാർഥികളിൽ നിന്നാണ് ഈ റെക്കോർഡ് മുന്നേറ്റം.
യുഎസ് കോൺഗ്രസിലേക്ക് ഏഴ് മുസ്‌ലിം പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൽ അൽ-സഈദ് യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം അംഗമായി ചരിത്രം കുറിച്ചു. യുഎസ് ജനപ്രതിനിധി സഭയിലേക്ക് ഇൽഹാൻ ഉമർ, റഷീദ തുലീബ്, ആന്ദ്രെ കാർസൺ, ലതീഫ സൈമൺ, ആയിഷ വഹാബ് എന്നീ സിറ്റിങ് അംഗങ്ങൾക്ക് പുറമെ ആദം ഹമാവി, ഡരിയലിസ അവില ഷെവലിയർ എന്നിവരും പുതിയതായി ജയിച്ചുകയറി. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി അരിസോണയിൽ നിന്ന് ജനപ്രതിനിധി സഭയിലേക്ക് മത്സരിച്ച അബെ ഹമദെഹ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന തലങ്ങളിൽ അറ്റോർണി ജനറൽ, സംസ്ഥാന നിയമസഭ, സ്റ്റേറ്റ് സെനറ്റ് എന്നിവയിലായി 39 സീറ്റുകളിൽ മുസ്‌ലിം വംശജർ വിജയം ഉറപ്പിച്ചു. പ്രാദേശിക-മുനിസിപ്പൽ തലങ്ങളിൽ 16 പേരും സ്‌കൂൾ ബോർഡുകളിലേക്ക് 27 പേരും എട്ട് പേർ ജഡ്ജിമാരായും അധികാരത്തിലെത്തി. ജോർജിയയിൽ നിന്ന് വിജയിച്ച റുവ റോമൻ ഉൾപ്പെടെ ഹിജാബ് ധരിക്കുന്ന നാലുപേരാണ് വിവിധ സംസ്ഥാന സെനറ്റുകളിലേക്ക് എത്തിയത്.
ഇസ്‌ലാമോഫോബിയയും ഗസ്സ വംശഹത്യയും സ്വാധീനിച്ചു
റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിൽ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടന്നത്. 2025-ൽ റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ നടത്തിയ ഏകോപിത വിദ്വേഷ പ്രചാരണങ്ങൾ അക്രമങ്ങൾക്ക് പ്രേരണ നൽകുന്നതായിരുന്നുവെന്ന് സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റ് (സിഎസ്ഒ) പുറത്തിറക്കിയ 36 പേജുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കാലിഫോർണിയയിലെ കെട്ടിടങ്ങളിൽ വിദ്വേഷ ഗ്രാഫിറ്റികൾ പ്രത്യക്ഷപ്പെടുകയും ഇല്ലിനോയിസിൽ ഹിജാബ് ധരിച്ച സ്ത്രീകൾക്ക് നേരെ വധഭീഷണി ഉയരുകയും ചെയ്തിരുന്നു. കാലിഫോർണിയയിലെ പള്ളിയിലുണ്ടായ വെടിവെപ്പിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെടുന്ന സാഹചര്യവുമുണ്ടായി.
എന്നാൽ, ഭീഷണികൾ മുസ്‌ലിം വോട്ടർമാരെ പിന്തിരിപ്പിച്ചില്ല. വോട്ട് ചെയ്യാൻ പ്രേരിപ്പിച്ച പ്രധാന ഘടകം ഇസ്‌ലാമോഫോബിയയാണെന്ന് 70 ശതമാനം മുസ്‌ലിം വോട്ടർമാർ പ്രതികരിച്ചതായി കെയർ സർവേ വ്യക്തമാക്കുന്നു. കൂടാതെ, 76 ശതമാനം പേർ ഗസ്സയിലെ ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങൾ പ്രധാന വിഷയമായി ഉയർത്തിക്കാട്ടിയപ്പോൾ, ഗസ്സയിലെ ഇസ്രായേൽ ആക്രമണം തങ്ങളുടെ തീരുമാനത്തെ കാര്യമായി സ്വാധീനിച്ചെന്ന് 80 ശതമാനം പേരും വ്യക്തമാക്കി.
ഐഎസ്പിയു രൂപീകരിച്ച ദേശീയ ഇസ്‌ലാമോഫോബിയ സൂചിക 2022-ലെ 25 പോയിന്റിൽ നിന്ന് 2025-ൽ 33 ആയി ഉയർന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. വെള്ളക്കാരായ ഇവാഞ്ചലിക്കൽ ക്രൈസ്തവർ, കത്തോലിക്കർ, ജൂതർ എന്നിവർക്കിടയിലാണ് മുസ്‌ലിം വിരുദ്ധ വികാരത്തിൽ കാര്യമായ വർധനയുണ്ടായത്.
പാർട്ടി രാഷ്ട്രീയത്തിനപ്പുറം നയങ്ങൾക്ക് പ്രാധാന്യം
മാറുന്ന ജനസംഖ്യാപരമായ ഘടന പുതിയ തലമുറയെ കൂടുതൽ ആത്മവിശ്വാസമുള്ളവരും രാഷ്ട്രീയമായി സജീവമായി ഇടപെടുന്നവരുമാക്കിയെന്ന് ട്രംപിന്റെ മതസ്വാതന്ത്ര്യ കമ്മീഷൻ ഉപദേശക സമിതിയിൽ നിന്ന് രാജിവെച്ച സമീറ മുൻഷി പ്രതികരിച്ചു. നിലവിലെ രാഷ്ട്രീയ സംവിധാനത്തിലെ മാറ്റങ്ങളും ഫലസ്തീൻ അനുകൂല നിലപാടുകളുള്ള പുതിയ തലമുറയുടെ കടന്നുവരവും വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം, ഇസ്‌ലാമോഫോബിയയും ഫലസ്തീൻ വിഷയങ്ങളും മുൻഗണനയിൽ ഉണ്ടെങ്കിലും ഭൂരിഭാഗം അമേരിക്കൻ പൗരന്മാരെയും പോലെ സമ്പദ്‌വ്യവസ്ഥയും തൊഴിലവസരങ്ങളും മുൻനിർത്തിയാണ് മുസ്‌ലിം വോട്ടർമാരും പ്രധാനമായും വോട്ട് ചെയ്തതെന്ന് ഐഎസ്പിയു സർവേ വിലയിരുത്തുന്നു.
പൊതുസേവന രംഗത്തേക്കും നേതൃപദവികളിലേക്കും മുസ്‌ലിം അമേരിക്കക്കാർ വലിയ തോതിൽ കടന്നുവരുന്നത് പ്രചോദനകരമാണെന്ന് മുസ്‌ലിം അമേരിക്കൻസ് ഇൻ പബ്ലിക് സർവീസ് ചെയർമാൻ അഹ്മദ് മാത്തി പറഞ്ഞു. സമൂഹത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ തങ്ങൾക്ക് സാധിക്കുമെന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Adjust Story Font
16
