Quantcast

കാര്‍ വാങ്ങാന്‍ പണം വേണ്ട; കാര്‍ഷികവിള മതിയെന്ന് ടൊയോട്ട!

'ടൊയോട്ട ബാർട്ടർ' എന്ന പുതിയ സംവിധാനം ബ്രസീലിലാണ് നിലവില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    6 Aug 2021 5:06 PM GMT

കാര്‍ വാങ്ങാന്‍ പണം വേണ്ട; കാര്‍ഷികവിള മതിയെന്ന് ടൊയോട്ട!
X

പണ്ട് കാലത്ത് നമ്മൾ മലയാളികളടക്കം സാധനങ്ങള്‍ പരസ്പരം കൈമാറാന്‍ പണത്തിന് പകരം ഉപയോഗിച്ചിരുന്ന സമ്പ്രദായമാണ് ബാര്‍ട്ടര്‍. നമ്മുടെ കൈയ്യിൽ ആവശ്യത്തിലധികമുള്ള വസ്തുക്കൾ നൽകി പകരമായി നമുക്കാവശ്യമുള്ള വസ്തുക്കൾ വാങ്ങുന്ന രീതിയാണിത്. എന്നാല്‍ ഈ ആധുനിക കാലത്ത് ആരെങ്കിലും ബാര്‍ട്ടര്‍ സമ്പ്രദായം ഉപയോഗിക്കുമോയെന്ന് സംശയം തോന്നിയേക്കാം. ഉപയോഗിക്കും എന്നാണ് മറുപടി. അത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത് അന്താരാഷ്ട്ര കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയാണ്.

പണം വേണ്ട പകരം നിങ്ങളുടെ കൈയ്യിലുള്ള കാർഷിക വിളകൾ ഞങ്ങൾക്ക് തരൂ ഞങ്ങൾ നിങ്ങൾക്ക് വാഹനങ്ങൾ തരാം എന്നാണ് ടൊയോട്ട പറയുന്നത്. 'ടൊയോട്ട ബാർട്ടർ' എന്ന പുതിയ സംവിധാനം ബ്രസീലിലാണ് നിലവില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഓട്ടോ കാര്‍ ഇന്ത്യയാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

കാർഷിക മേഖലയിലെ ഉപഭോക്താക്കൾക്കായാണ് കമ്പനി നേരിട്ടുള്ള ഇത്തരമൊരു വിൽപ്പന ചാനൽ അവതരിപ്പിച്ചിരിക്കുന്നത്. ടൊയോട്ട എസ്.​ഡബ്ല്യു ഫോർ (ഫോർച്യൂണർ), കൊറോള ക്രോസ് എസ്‌.യു.വി, ഹൈലക്​സ്​ പിക്കപ്പ് ട്രക്ക് എന്നീ വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക്​ ബാർട്ടർ സംവിധാനം വഴി വാങ്ങാമെന്നാണ് റിപ്പോർട്ടുകൾ.

വാഹനങ്ങൾ വാങ്ങുമ്പോൾ പണത്തിന് പകരം അതേ മൂല്യമുള്ള ഭക്ഷ്യവസ്തുക്കൾ കൈമാറിയാൽ മതി. ഭക്ഷ്യവസ്തുക്കളുടെ ​ഗുണനിലവാരവും വിപണി മൂല്യവും കമ്പനി ഉറപ്പുവരുത്തും. ബ്രസീലിലെ ചില സംസ്ഥാനങ്ങളിൽ മാത്രമാകും തുടക്കത്തിൽ പദ്ധതി അവതരിപ്പിക്കുക. പുതിയ വിൽപ്പന ചാനൽ വിജയകരമാകുന്നപക്ഷം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

TAGS :

Next Story