Quantcast

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ആഗോള മാർക്കറ്റിൽ പുറത്തിറങ്ങി

വാഹനത്തിന്റെ ബുക്കിങ് മാരുതി സുസുക്കി നെക്‌സ് ഔട്ട്‌ലെറ്റ് വഴി ജൂലൈ 11 ന് തന്നെ ആരംഭിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    20 July 2022 2:23 PM GMT

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ആഗോള മാർക്കറ്റിൽ പുറത്തിറങ്ങി
X

മാരുതി സുസുക്കിയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് മോഡലായ ഗ്രാൻഡ് വിറ്റാര എന്ന എസ്.യു.വി മോഡൽ ആഗോള മാർക്കറ്റിൽ അവതരിപ്പിച്ചു. ഇന്ത്യയിലായിരിക്കും വാഹനം ആദ്യം വിൽപ്പനയ്‌ക്കെത്തുക. ടൊയോട്ടയും മാരുതി സുസുക്കിയും സംയുക്തമായി നിർമിച്ച എസ്.യു.വിയാണിത്. അർബൻ ക്രൂയിസർ ഹൈ റൈഡർ എന്ന പേരിൽ ടൊയോട്ട നേരത്തെ വാഹനം പുറത്തിറക്കിയിരുന്നു. ടൊയോട്ടയുടെ കർണാടകയിലെ പ്ലാന്റിലാണ് വാഹനം നിർമിക്കുക. വാഹനത്തിന്റെ ബുക്കിങ് മാരുതി സുസുക്കി നെക്‌സ ഔട്ട്‌ലെറ്റ് വഴി ജൂലൈ 11 ന് തന്നെ ആരംഭിച്ചിരുന്നു.

മുൻ ഡിസൈനിലേക്ക് വന്നാൽ മാരുതി സുസുക്കി എർട്ടിഗയുടേത് സമാനമായ ഗ്രില്ലാണ് ഉപയോഗിച്ചിരിക്കുന്നത്. വിറ്റാരയുടെ വരവോടെ വിപണിയിൽ നിന്ന് പിൻമാറിയ എസ് ക്രോസിന്റേത് സമാനമായ ഇരട്ട ഹെഡ് ലാമ്പ് ഡിസൈനാണ് നൽകിയിരിക്കുന്നത്. പുതിയ ബലേനോയിൽ നിന്നുള്ള ചില എലമെന്റുകളും ഹെഡ് ലാമ്പിലേക്ക് വന്നിട്ടുണ്ട്.

വശങ്ങളിലേക്ക് വന്നാൽ അലോയ് ഡിസൈൻ, ഫ്‌ളോട്ടിങ് റൂഫ് ഡിസൈൻ ഇവയൊക്കെ ഹൈ റൈഡറിൽ നിന്ന് വ്യത്യസ്തമായി നൽകി വാഹനത്തിന് ഒരു മാരുതി ഛായ നൽകിയിട്ടുണ്ട്. പിറകിൽ എൽഇഡി ടെയിൽ ലാമ്പുകൾ, ക്രോം സ്ട്രിപ്പ് എന്നിവയെല്ലാം നൽകിയിട്ടുണ്ട്.

ഇന്റീരിയറിലെ കളർ തീം മാറ്റമൊഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാം ഹൈ റൈഡറിന് സമാനമാണ്. മാരുതി ഈ വർഷം പുതുതായി ഉൾപ്പെടുത്തിയ എല്ലാ ഇന്റീരിയർ അപ്‌ഡേറ്റുകളും ഗ്രാൻഡ് വിറ്റാരയുടെ ഭാഗമാണ്. 9 ഇഞ്ച് സ്മാർട്ട് പ്ലേ പ്രോ പ്ലസ് ടച്ച സ്‌ക്രീൻ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ് എന്നിവയെല്ലാം അടയാളപ്പെടുത്തേണ്ട ഫീച്ചറുകളാണ്.

ഹൈറൈഡറിലെ അതേ ഹൈബ്രിഡ്, സെമി ഹൈബ്രിഡ് എഞ്ചിൻ തന്നെയാണ് ഗ്രാൻഡ് വിറ്റാരയിലും ഉൾപ്പെടുത്തിയിരിക്കുന്നത്. 1.5 ലിറ്റർ ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 114 എച്ച്പി പവറും 122 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. ഇസിവിടി ഗിയർ ബോക്‌സിൽ മാത്രമായിരിക്കും ഹൈ ബ്രിഡ് മോഡൽ ലഭ്യമാകുക. ലിറ്ററിന് 27.97 കിലോമീറ്ററായിരിക്കും ഈ വേരിയന്റിന്റെ ഇന്ധനക്ഷമത.

ഇതുകൂടാതെ പുതിയ ബ്രസയിലും എക്‌സ്എൽ 6 ലും ഉപയോഗിക്കുന്ന മാരുതിയുടെ K15C എന്ന 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് എഞ്ചിനിലും വാഹനം ലഭ്യമാകും. 103 എച്ച്പി പവറും 117 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. 5 സ്പീഡ് മാനുവൽ ഗിയർ ബോക്‌സിലും 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർ ബോക്‌സ് മോഡലിലും വാഹനം ലഭ്യമാകും. സുസുക്കിയുടെ ഓൾ വീൽ ഡ്രൈവ് (AWD) സാങ്കേതിക വിദ്യയായ ഓൾ ഗ്രിപ്പും ഗ്രാൻഡ് വിറ്റാരയുടെ ഭാഗമാകും. ലിറ്ററിന് 21.11 കിലോമീറ്ററാണ് മാനുവൽ മോഡലിന്റെ ഇന്ധനക്ഷമത. 20.58 കിലോമീറ്ററാണ് ഓട്ടോമാറ്റിക്ക് 2WD മോഡലിന്റെ മൈലേജ്. AWD മോഡലിലേക്ക് വന്നാൽ 19.38 കിലോമീറ്ററായിരിക്കും മൈലേജ്.

360 ക്യാമറ, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിങ്, നിരവധി കണക്ടവിറ്റി ഫീച്ചറുകൾ, ഡ്രൈവിങ് മോഡുകൾ അത്തരത്തിൽ ഒരു പ്രീമിയം ഫ്‌ലാഗ് ഷിപ്പ് മോഡലിന് വേണ്ടതെല്ലാം മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിലുണ്ട്.

വരുന്ന ആഴ്ചകളിൽ ഇന്ത്യയിൽ വാഹനം പുറത്തിറക്കി വിലയും പുറത്തുവിടുമെന്നാണ് മാരുതി സുസുക്കി നൽകുന്ന സൂചന.

TAGS :

Next Story