ഇന്ധനവില കുതിച്ചു കയറുമ്പോൾ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാർ വരുന്നു- പുതിയ സെലേറിയോ
നവംബർ 10 മുതൽ മാരുതി വെബ്‌സൈറ്റ് വഴിയോ ഡീലർഷിപ്പ് മുഖേനയോ 11,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാനാകും
കുറച്ചു നാളുകളായി ഇന്ത്യൻ വാഹന വിപണി ചോദിക്കുന്ന ചോദ്യമാണ്... ടാറ്റ പോലുള്ള ബ്രാൻഡുകൾ തുടരെ തുടരെ പുതിയ മോഡലുകൾ ഇറക്കുമ്പോൾ മാരുതി എന്ത് ചെയ്യുകയാണെന്ന്.. ഇപ്പോളിതാ ആ ചോദ്യത്തിന് മറുപടിയായിരിക്കുകയാണ്. മാരുതി ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല.. എന്താണ് ആരാധകർ ആഗ്രഹിച്ചത് അത് നൽകിയിരിക്കുകയാണവർ. എഎംടി ട്രാൻസ്മിഷന്റെ മാന്ത്രികത സാധാരണക്കാരന് പഠിപ്പിച്ചു കൊടുത്ത മാരുതിയുടെ സ്വന്തം സെലേറിയോയുടെ പുതിയ രൂപം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. നവംബർ പത്തിന് വാഹനം വിപണിയിലെത്തുമെന്നാണ് പുറത്തു വരുന്ന വിവരം. അതിന് മുമ്പ് വാഹനത്തിന്റെ ടീസർ പുറത്തിറക്കിയിട്ടുണ്ട് കമ്പനി.
ഒറ്റനോട്ടത്തിൽ ആർക്കും ഇഷ്ടപെടുന്ന രൂപഭംഗിയാണ് പുത്തൻ സെലേറിയോക്ക്.. പഴയ സെലോരിറോയിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഡിസൈനാണ് പുതിയ വാഹനത്തിന്റെ ഇന്റീരിയറിന് നൽകിയിട്ടുള്ളത്. എന്നാൽ മാരുതിയുടെ പല മോഡലുകളിലും നമ്മൾ പരിചയിച്ച പലതും സെലേറിയോ കടം കൊണ്ടിട്ടുണ്ട്. ഡിസൈൻ മാറ്റങ്ങൾ, പുതിയ ക്യാബിൻ ലേഔട്ട്, കൂടുതൽ സൗകര്യങ്ങൾ, സുരക്ഷാ ഹൈലൈറ്റുകൾ എന്നിവ പുതിയ മോഡലിലെ പ്രത്യേകതയാണ്. ഹിയർടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിക്കുന്നത്.
അകത്തളം അതിഗംഭീരം
ഇന്റീരിയരിന്റെ പ്രധാന ആകർഷണം പുതിയ ടച്ച് സക്രീനോട് കൂടിയ ഫ്ലോട്ടിങ് സ്‌ക്രീനാണ്. ഇതിനോടകം തന്നെ പരിചിതമായ ഏഴ് ഇഞ്ച് സ്‌ക്രീനോട് കൂടിയ സ്മാർട്ട് പ്ലേ സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. ശ്രദ്ധേയമായ മറ്റൊരു കാര്യം അതിന്റെ ഇരുവശത്തുമായി വെർട്ടിക്കലായി നൽകിയിരിക്കുന്ന എ.സി വെന്റുകളാണ്. ഒരു ബ്ലാക്ക് തീമാണ് വാഹനത്തിന്റെ ഇന്റീരിയറിന് നൽകിയിട്ടുള്ളത്. മറ്റൊരു മാറ്റം പവർ വിൻഡോ സ്വിച്ചുകൾ നൽകിയിട്ടുള്ളത് ഇൻഫോർടെയ്ൻമെന്റ് സിസ്റ്റത്തിന് താഴെയാണ്. ഇത് എസ്പ്രസോയിൽ നിന്ന് കടം കൊണ്ടതാണ്. പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, കീ ലെസ് എൻട്രി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന റിയർ വ്യൂ മിററുകൾ. വാഗൺ ആറിൽ നിന്ന് കടം കൊണ്ട സ്റ്റിയറിങ് വീലിൽ കൺട്രോൾ ബട്ടണുകളും അവതരിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള സെലേറിയോക്കാൾ ഇന്റീരിയർ സ്പേസ് വാഹനത്തിനുണ്ടാകുമെന്നാണ് കരുതുന്നത്.
മൈലേജ് എത്ര കിട്ടും?
പുതിയ സെലോറിയയിലെ ഐഡിൽ സ്റ്റാർട്ട്- സ്‌റ്റോപ്പ് പോലെയുള്ള സവിശേഷതകൾ വാഹനത്തിന് കൂടുതൽ മൈലേജ് നൽകുമെന്നാണ് കരുതുന്നത്. k 10 c 1.0 ലിറ്റർ ത്രീ സിലിണ്ടർ എൻജിനോടെയാണ് വാഹനം നിർമിക്കുന്നത്. ബലേനോ ആർ എസിലുണ്ടായിരുന്നതിന്റെ നവീകരിച്ച രൂപമാണിത്. സിലിണ്ടറിന് രണ്ടു ഫ്യുവൽ ഇൻജക്റ്റർ സഹിതമുള്ള ഡ്യുയൽ ജെറ്റ് സാങ്കേതികതയോടെയാണ് എൻജിൻ സജ്ജീകരിച്ചിരിക്കുന്നത്. ഇത് കൂടുതൽ ഇന്ധനക്ഷമതയും നിയന്ത്രണവും നൽകുമെന്നാണ് കമ്പനി പറയുന്നത്. മോഡലിലുള്ള ഐഡിൽ സ്റ്റാർട്ട്, സ്‌റ്റോപ്പ് സംവിധാനവും ഇന്ധനം ലാഭിക്കാൻ ഉപകരിക്കും. ലിറ്ററിന് 26 കിലോമീറ്റർ മൈലേജ് പുതിയ മോഡലിന് ലഭിക്കുമെന്നാണ് മാരുതി അറിയിക്കുന്നത്. പുതിയ മോഡലിലെ എൻജിൻ പഴയത് ഉത്പാദിച്ചിരുന്ന 68 എച്ച്.പിയെക്കാൾ കൂടുതൽ പവർ ഉത്പാദിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. 5 സ്പീഡ് മാന്യുവൽ അല്ലെങ്കിൽ എ.എം.ടി ഓട്ടോമാറ്റിക് ഗിയർബോക്‌സിനോട് ഇണങ്ങുമെന്നും പ്രതീക്ഷപ്പെടുന്നു.
ആർക്കൊക്കെ വെല്ലുവിളി?
ടാറ്റാ ടിയാഗോ, ഹ്യുണ്ടായ് സാൻട്രോ, ടാറ്റ്‌സൺ ഗോ എന്നിവക്ക് വെല്ലുവിളിയുയർത്തുന്നതായിരിക്കും സെലേറേിയോയുടെ പുതിയ മോഡൽ. 4.66 ലക്ഷം -ആറ് ലക്ഷമാണ് ഡൽഹി എക്‌സ് ഷോറൂം വില. ഇവയിൽ നേരിയ വർധനവുമുണ്ടായേക്കാം.
എഎംടിയുടെ സൗകര്യം സാധാരണക്കാർക്കും ലഭ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ച വാഹനമാണ് മാരുതി സുസുക്കി സെലേറിയോ. നിരവധി ആരാധകരാണ് ഇറങ്ങിയ കാലം മുതൽ വാഹനത്തിനുള്ളത്. വാഹനത്തിന്റെ പുതിയ പതിപ്പ് നവംബർ പത്തിന് പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നവംബർ 10 മുതൽ മാരുതി വെബ്‌സൈറ്റ് വഴിയോ ഡീലർഷിപ്പ് മുഖേനയോ 11,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാനാകും. ഔദ്യോഗിക റിലീസിന് മുന്നോടിയായി വാഹനത്തിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തായിട്ടുണ്ട്.
Adjust Story Font
16