ബാറ്ററി വില കുറയുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ വില കുറച്ച് ടാറ്റ
ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്‌സിന് 70 ശതമാനത്തിലധികം വിഹിതമുണ്ട്.
ന്യൂഡൽഹി: ബാറ്ററിയുടെ വില കുറയുന്ന പശ്ചാതലത്തിൽ വിവിധ ഇലക്ട്രിക് വാഹനങ്ങളുടെ വിലകുറച്ച് ടാറ്റ മോട്ടോർസ്. 1.2 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. നിലവിലും ഭാവിയിലും ബാറ്ററികളുടെ വില കുറയുന്നതിനാൽ അതിന്റെ പ്രയോജനം ഉപഭോക്താൾക്ക് കൂടി ലഭിക്കേണ്ടതിനാലാണ് വിലകുറക്കുന്നതെന്ന് ടാറ്റ വ്യക്തമാക്കി.
ഇലക്ട്രിക് വാഹനങ്ങളുടെ വില നിർണയിക്കുന്നതിൽ പ്രധാന ഘടകമാണ് ബാറ്ററി. നെക്‌സോൺ.ഇവിക്കാണ് 1.2 ലക്ഷം കുറഞ്ഞത്. ജനപ്രിയ മോഡലായ തിയാഗോ.ഇവിയുടെ വില 70,000 വരെയാണ് കുറഞ്ഞത്.
വില കുറവ് പ്രാബല്യത്തിലായതോടെ നെക്‌സോൺ.ഇവി 14.4ലക്ഷത്തിനും തിയാഗോ.ഇവി 7.9ലക്ഷത്തിനും ലഭിക്കും. 2023 ജനുവരിയിലും, ടാറ്റ മോട്ടോഴ്‌സ് നെക്‌സോൺ.ഇവിയുടെ വില 85,000 രൂപ വരെ കുറച്ചിരുന്നു. എംജി കോമറ്റിൻ്റെ വില 90,000 മുതൽ 1.4 ലക്ഷം രൂപ വരെ കുറച്ചതിന് പിന്നാലെയാണ് ടാറ്റ മോട്ടോഴ്‌സിൻ്റെ നീക്കം. അതേസമയം ടാറ്റയുടെ ഇലക്ട്രിക് വാഹന ശ്രേണിയില്‍ ഏറ്റവും ഒടുവിലെത്തിയ മോഡലായ പഞ്ച് ഇ.വിയുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.
വിലകുറയുന്നത് വിപണിക്ക് ഉണർവേകുമെന്നും ഇലക്ട്രിക് വാഹനങ്ങളെ ഒന്നുകൂടി സാധാരണക്കാരിലേക്ക് അടുപ്പിക്കുമെന്നാണ് കമ്പനി കണക്കാക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്‌സിന് 70 ശതമാനത്തിലധികം വിഹിതമുണ്ട്. നിലവിൽ ഇന്ത്യയിലെ കാർ വിൽപ്പനയുടെ 2 ശതമാനം മാത്രമാണ് ഇലക്‌ട്രിക് വേരിയൻ്റുകൾ.ഇലക്ട്രിക് വാഹനങ്ങളുടെ കുറഞ്ഞ വേരിയൻ്റുകളാണ് ഇപ്പോൾ കൂടുതൽ ആളുകളും വാങ്ങുന്നത്.
Adjust Story Font
16