ഒറ്റ ചാർജിൽ കാസർകോട്ട് നിന്ന് തിരുവനന്തപുരത്തെത്താം; ബിഎംഡബ്യു ഐ4 വിപണിയിൽ
10 മിനിറ്റ് കൊണ്ട് 164 കിലോമീറ്റർ പോകാനുള്ള ചാർജ് കയറ്റാൻ സാധിക്കും.
ഇന്ത്യൻ കാർ വിപണിയിൽ ഇലക്ട്രിലേക്കുള്ള മാറ്റം അതിവേഗത്തിലാണ് നടക്കുന്നത്. സാധാരണ ബ്രാൻഡുകൾക്കാൾ ഉപരി ആഡംബര കാറുകളാണ് ഈ മാറ്റത്തിനൊപ്പം കൂടുതൽ വേഗത്തിലോടുന്നത്. ചില ആഡംബര കാർ നിർമാണ കമ്പനികൾ രണ്ടു വർഷത്തിനുള്ളിൽ പൂർണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്.
ബ്രിട്ടൺ കരുത്തായ ബിഎംഡബ്യൂ ഈ ഓട്ടത്തിൽ മുന്നിൽ തന്നെയാണ്. ഐഎക്‌സ് എന്ന ഇലക്ട്രിക് എസ്.യു.വിക്ക് പിന്നാലെ ഐ4 (i4) എന്ന ഇലക്ട്രിക് സെഡാൻ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ബിഎംഡബ്യു. ഐഎക്‌സിനെ താഴെയാണ് ഈ വാഹനം കമ്പനി അവതരിപ്പിക്കുന്നത്.
ഐഎക്‌സിൽ ഉപയോഗിച്ചിരിക്കുന്ന CLAR പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ഐ ഫോറും നിർമിച്ചിരിക്കുന്നത്. ബാറ്ററി കരുത്തും ഒരു പോലെയാണ് (89.9 kWh). 340 എച്ച്പി പവറും 430 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന ഈ മോട്ടോറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 5.7 സെക്കൻഡുകൾ മതി.
വീടുകളിൽ സ്ഥാപിക്കാവുന്ന ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്താൽ 8.5 മണിക്കൂർ വേണം വാഹനം പൂർണമായും ചാർജാകാൻ. എന്നാൽ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 10 മിനിറ്റ് കൊണ്ട് 164 കിലോമീറ്റർ പോകാനുള്ള ചാർജ് കയറ്റാൻ സാധിക്കും.
റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റത്തോട് കൂടിയ ഈ വാഹനത്തിന് 590 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിൽ ലഭ്യമായ ആഡംബര ഇവികളിൽ ഏറ്റവും കൂടുതൽ റേഞ്ചുള്ള വാഹനമാണ് ഇതെന്നാണ് ബിഎംഡബ്യുവിന്റെ അവകാശവാദം.
ബിഎംഡബ്യുവിന്റെ 4 സിരീസ് കൂപ്പെയുടെ ക്യാബിൻ ലേഔട്ട് തന്നെയാണ് ഐഫോറിലും ഉപയോഗിച്ചിരിക്കുന്നത്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ടച്ച് സ്‌ക്രീൻ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. 3 സോൺ എസി, എൽഇഡി ആംബിയന്റ് ലൈറ്റിങ്, സൺറൂഫ്, റിവേഴ്‌സ് ക്യാമറ അസിസ്റ്റ് ക്യാമറ, 17 സ്പീക്കറോട് കൂടിയ ഹർമൻ സിസ്റ്റമെല്ലാം ബിഎംഡബ്യൂ ഐ4 ന്റെ ഭാഗമാണ്.
പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന (CBU) മോഡലായത് കൊണ്ട് വിലയും കൂടുതലാണ്. 69.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില.
Summary: BMW i4 with 590km range launched in India
Adjust Story Font
16