Quantcast

‘വാഹനത്തിലെ ടച്ച് സ്ക്രീനിന്റെ അമിത ഉപയോഗം അപകടത്തിന് കാരണമാകും’; ഫിസിക്കൽ ബട്ടണുകളിലേക്ക് മാറാൻ നിർദേശിച്ച് യൂറോ എൻകാപ്

‘ടച്ച്‌സ്‌ക്രീനുകളുടെ അമിത ഉപയോഗം പ്രശ്നമായി മാറുകയാണ്’

MediaOne Logo

Web Desk

  • Published:

    5 March 2024 3:39 PM GMT

‘വാഹനത്തിലെ ടച്ച് സ്ക്രീനിന്റെ അമിത ഉപയോഗം അപകടത്തിന് കാരണമാകും’; ഫിസിക്കൽ ബട്ടണുകളിലേക്ക് മാറാൻ നിർദേശിച്ച് യൂറോ എൻകാപ്
X

വാഹന ലോകത്ത് അനുദിനം വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കാറുകൾ മുമ്പത്തേക്കാൾ സുരക്ഷിതവും കൂടുതൽ കാര്യക്ഷമവുമായി മാറുന്നു. കൂടുൽ ഫീച്ചറുകളും സുഖസൗകര്യങ്ങളും ഉൾപ്പെടുത്താൻ നിർമാതാക്കൾ മത്സരിക്കുന്നു.

അതേസമയം, ഈ മാറ്റത്തോടൊപ്പം പല അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിൽ ​പ്രധാനപ്പെട്ടതാണ് ടച്ച് സ്ക്രീനിന്റെ അമിത ഉപയോഗം.

പുതിയ വാഹനങ്ങളിലെല്ലാം അടിസ്ഥാന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സ്വിച്ചുകൾ വരെ ടച്ച് സ്ക്രീനിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ മുന്നറിയിപ്പ് നൽകുകയാണ് യൂറോ എൻകാപ്പ്. വാഹനങ്ങളിലെ സുരക്ഷനിലവാരം അളക്കുന്ന സംവിധാനമാണ് യൂറോ എൻകാപ് അഥവാ യൂറോപ്യൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം.

വാഹനങ്ങളിലെ അടിസ്ഥാന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സ്വിച്ചുകൾ ഫിസിക്കൽ ബട്ടണിലേക്ക് മാറാൻ ഇവർ നിർദേശിക്കുന്നു. 2026ഓടെ വാഹനത്തിലെ ചില അടിസ്ഥാന ഘടകങ്ങൾ നിയന്ത്രിക്കുന്ന രീതി വാഹന നിർമാതാക്കൾ മാറ്റണമെന്നാണ് നിർദേശം.

പുതിയ വാഹനങ്ങളിൽ ഫിസിക്കൽ ബട്ടണുകൾ ഭൂരിഭാഗവും ഇല്ലാതായിട്ടുണ്ട്. പല വാഹനങ്ങളിലും പൂർണമായും സെൻട്രൽ ടച്ച് സ​​ക്രീനിലാണ് എല്ലാ ഘടകങ്ങളെയും നിയന്ത്രിക്കാനുള്ള ഓപ്ഷനുകൾ കൊടുത്തിട്ടുള്ളത്. ഇത് ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കാനും അപകടങ്ങൾക്കും കാരണമാകുമെന്നാണ് യൂറോ എൻകാപിന്റെ നിരീക്ഷണം.

ഇതിനാൽ തന്നെ ഫിസിക്കൽ ബട്ടണുകളെ തിരികെ കൊണ്ടുവരാൻ കാർ നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ഇവർ. എല്ലാ ഫീച്ചറിനും പ്രത്യേകം സ്വിച്ച് നൽകണമെന്ന് നിർബന്ധിക്കുന്നില്ല. എന്നാൽ, ചില അടിസ്ഥാന പ്രവർത്തനങ്ങൾക്കെങ്കിലും ഫിസിക്കൽ ബട്ടണുകൾ വേണമെന്നാണ് ആവശ്യം.

വാഹനം തിരിയുമ്പോൾ ഉപയോഗിക്കുന്ന ഇൻഡിക്കേറ്ററുകൾ, ഹസാർഡ് ലൈറ്റുകൾ, വിൻഡ്ഷീൽഡ് വൈപ്പറുകൾ, ഹോണുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇത് ​റോഡിൽനിന്ന് ഡ്രൈവറുടെ കാഴ്ച മാറ്റുന്ന സമയം കുറക്കുമെന്നും അതുവഴി സുരക്ഷ മെച്ചപ്പെടുത്തുമെന്നാണ് യൂറോ എൻകാപ് അധികൃതർ വിശദീകരിക്കുന്നത്.

ടച്ച്‌സ്‌ക്രീനുകളുടെ അമിത ഉപയോഗം പ്രശ്നമായി മാറുകയാണെന്ന് യൂറോ എൻകാപിന്റെ സ്ട്രാറ്റജിക് ഡെവലപ്‌മെന്റ് ഡയറക്ടർ മാത്യു എവേരി വ്യക്തമാക്കി. മിക്കവാറും എല്ലാ വാഹന നിർമാതാക്കളും സെൻട്രൽ ടച്ച്‌സ്‌ക്രീനുകളിലേക്ക് അടിസ്ഥാന നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇത് ഡ്രൈവർമാരെ റോഡിൽ നിന്ന് കണ്ണെടുക്കാൻ നിർബന്ധിതരാക്കുകയും ശ്രദ്ധ തെറ്റിക്കുകയും ചെയ്യുന്നു. അപകടസാധ്യത ഉയരാൻ കാരണമാകുന്നതായും മാത്യു എവേരി വ്യക്തമാക്കി.

2026 മുതലുള്ള യൂറോ എൻകാപ് പരിശോധനയിൽ കൂടുതൽ ഫിസിക്കൽ ബട്ടണുകളെ പ്രോത്സാഹിപ്പിക്കും. ഇത് മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുമെന്നും മാത്യു എവേരി കൂട്ടിച്ചേർത്തു.

അതേസമയം, യൂറോ എൻകാപ് ഏതെങ്കിലും സർക്കാർ നിയന്ത്രണത്തിലുള്ള സംവിധാനമല്ല. അതിനാൽ തന്നെ ഫിസിക്കൽ ബട്ടണുകൾ ഉപയോഗിക്കാൻ വാഹന നിർമാതാക്കളെ നിർബന്ധിപ്പിക്കാൻ ഇവർക്ക് അധികരമില്ല.

അതേസമയം, യൂറോപ്പിൽ പുതിയ വാഹനം പുറത്തിറക്കിയ ശേഷം മിക്ക കമ്പനികളും യൂറോ എൻകാപിൽ പരിശോധനക്ക് വിധേയമാക്കാറുണ്ട്. ഏറ്റവും മികച്ച സുരക്ഷയുള്ള വാഹനത്തിന് 5 സ്റ്റാർ റേറ്റിങ് ആണ് നൽകാറ്. ഇത് വാഹന വിൽപനയിൽ പ്രധാന ഘടകമാണ്. പല കമ്പനികളും ഇതുപയോഗിച്ചാണ് പരസ്യം ചെയ്യാറ്.

ഫിസിക്കൽ ബട്ടണുകൾ ഇല്ലാത്ത വാഹനങ്ങളിൽ സ്​റ്റാർ റേറ്റിങ് കുറക്കാൻ സാധ്യതയുണ്ട്. ഇത് നിർമാതാക്കൾക്ക് തിരിച്ചടിയാകും. പ്രത്യേകിച്ച് ടെസ്‍ല പോലുള്ള കമ്പനികൾക്ക്. ടെസ്‍ലയുടെ വാഹനങ്ങളിൽ ടേൺ ഇൻഡിക്കേറ്ററിന് ഉപയോഗിക്കുന്ന സ്വിച്ചുകൾ വരെ ടച്ച് സ്ക്രീനിലാണ് നൽകിയിട്ടുള്ളത്.

വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിന്റെ ഭാഗമായി 1996ലാണ് യൂറോ എൻകാപ് സ്ഥാപിതമാകുന്നത്. ബെൽജിയമാണിതിന്റെ ആസ്ഥാനം. വാഹനങ്ങളെ പ്രത്യേക സ്ഥലത്ത് നിശ്ചിത വേഗതയിൽ ഇടിപ്പിച്ചാണ് സുരക്ഷ പരിശോധിക്കുന്നത്.

TAGS :

Next Story