ഇനി ഇലക്ട്രികിൽ ഹീറോയാകാം; പ്രതിവർഷം പത്ത് ലക്ഷം വാഹനമിറക്കാൻ ഹീറോ ഇലക്ട്രിക്
85,000 ത്തിനും 1.3 ലക്ഷത്തിനുമിടയിലുള്ള മൂന്നു ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പുതിയ വേർഷനുകൾ കമ്പനി ഇറക്കി
Hero Electric
അടുത്ത രണ്ടു മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിലെ നിർമാണ യൂണിറ്റുകളിൽനിന്ന് പ്രതിവർഷം പത്ത് ലക്ഷം വാഹനങ്ങളിറക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്. ബുധനാഴ്ചയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. രാജസ്ഥാനിൽ ഗ്രീൻഫീൽഡ് പ്ലാൻറ് സ്ഥാപിച്ച് പ്രതിവർഷം 20 ലക്ഷം വാഹനങ്ങൾ ഇറക്കാനും കമ്പനി ആസൂത്രണം ചെയ്യുകയാണ്. 1200 കോടി മുടക്കിയാണ് ഈ സംരംഭം. അതിനിടെ, 85,000 ത്തിനും 1.3 ലക്ഷത്തിനുമിടയിലുള്ള മൂന്നു ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പുതിയ വേർഷനുകൾ കമ്പനി ഇറക്കി. ഒപ്റ്റിമ സി.എക്‌സ് 5.0(ഡ്യുവൽ ബാറ്ററി), ഒപ്റ്റിമ സി.എക്‌സ് 2.0 (സിംഗിൾ ബാറ്ററി), എൻ.വൈ.എക്‌സ് (ഡ്യുവൽ ബാറ്ററി) എന്നിവയാണ് കമ്പനിയുടെ പുതിയ മോഡൽ വാഹനങ്ങൾ.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വർധിച്ചുവരികയാണെന്നും അതിനാൽ തങ്ങളുടെ നിർമ്മാണ യൂണിറ്റുകളിൽ നിന്ന് പ്രതിവർഷം ഒരു ദശലക്ഷത്തിലധികം വാഹനങ്ങൾ പുറത്തിറക്കാൻ ഞങ്ങൾ തയ്യാറാണെന്ന് പ്രഖ്യാപിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും ഹീറോ ഇലക്ട്രിക് പുതിയ മോഡലുകളുടെ ലോഞ്ചിംഗ് വേളയിൽ മാനേജിംഗ് ഡയറക്ടർ നവീൻ മുഞ്ജൽ പറഞ്ഞു. പ്രതിവർഷം 10 ലക്ഷം യൂണിറ്റ് എന്ന തരത്തലുള്ള നിർമാണം അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷത്തിലധികം വാഹനങ്ങൾ വിൽക്കാനാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. 2023-24 കാലയളവിൽ വിൽപ്പന ഏകദേശം 2.5 ലക്ഷം യൂണിറ്റ് ആകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി ശക്തമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും ഹീറോ ഇലക്ട്രികും കുത്തനെയുള്ള വളർച്ചയാണ് കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹീന്ദ്ര ഗ്രൂപ്പുമായി പങ്കാളിത്തമുള്ള ഗ്രൂപ്പിന് മധ്യപ്രദേശിലെ പിതാംപുരയിൽ അഞ്ച് ലക്ഷം യൂണിറ്റ് നിർമാണ ശേഷിയുള്ള സംരംഭമുണ്ട്. 15 വർഷത്തിനിടെ, ഇന്ത്യൻ മാർക്കറ്റിൽ കമ്പനി ആറു ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് വിറ്റിട്ടുള്ളത്.
Adjust Story Font
16