ലക്ഷ്വറി ഇലക്ട്രിക് കാറിന് ട്രേഡ്മാർക്ക് ലഭിച്ചു; ഇന്ത്യയിലേക്ക് തിരിച്ചുവരുമോ ഫോർഡ്?
2021 സെപ്റ്റംബറിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫോർഡ് അറിയിച്ചത്
അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡിന്റെ ലക്ഷ്വറി ഇലക്ട്രിക് കാറായ മസ്താങ് മാക്-ഇയുടെ പേരിന് ഇന്ത്യയിൽ ട്രേഡ്മാർക്ക്. വാഹനം പൂർണമായും വിദേശത്തുനിന്ന് നിർമിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ ഒരു വർഷം 2500 യൂണിറ്റാണ് കൊണ്ടുവരാൻ സാധിക്കുക. ഒരു കോടിക്ക് മുകളിലായിരിക്കും വാഹനത്തിന്റെ വില.
റിയൽ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് വകഭേദങ്ങളിലാണ് മസ്താങ് മാക്-ഇ ലഭ്യമാവുക. ഇവ രണ്ടിലുമായി സ്റ്റാൻഡേർഡ്, എക്സ്റ്റൻഡ് റേഞ്ച് വേരിയന്റുകളും ലഭിക്കും.
സ്റ്റാൻഡേർഡ് റിയൽ വീൽ ഡ്രൈവ് വാഹനത്തിൽ 72kwh ബാറ്ററിയാണുള്ളത്. ഇത് പരമാവധി 269 ഹോഴ്സ് പവറും 430 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. 470 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്ന റേഞ്ച്.
റേഞ്ച് എക്സ്റ്റൻഡഡ് വേരിയന്റിൽ 91 kwh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 294 എച്ച്.പിയും 430 എൻ.എം ടോർക്കുമാണ് ഇതിൽനിന്ന് പരമാവധി ലഭിക്കുക. ഒരു തവണ ചാർജ് ചെയ്താൽ 600 കിലോ മീറ്റർ യാത്ര ചെയ്യാൻ സാധിക്കും.
ഓൾ വീൽ ഡ്രൈവ് വകഭേദത്തിൽ 91 kwh ബാറ്ററിയാണുള്ളത്. 351 എച്ച്.പിയും 580 എൻ.എം ടോർക്കുമാണ് ഇതിൽനിന്ന് ഉൽപ്പാദിപ്പിക്കുക. 548 കിലോമീറ്ററാണ് റേഞ്ച്.
ഉയർന്ന വകഭേദമായ ജി.ടി എ.ഡബ്ല്യു.ഡിയിലും 91 kwh ബാറ്ററിയാണ് ഇടംപിടിച്ചിരിക്കുന്നത്. 487 എച്ച്.പിയും 850 എൻ.എം ടോർക്കും ഇതിന്റെ സവിശേഷതയാണ്. 489 കിലോമീറ്റർ റേഞ്ചാണ് ലഭിക്കുക. ഇന്ത്യയിൽ ബെൻസ് ഇ.ക്യു.ഇ, ബി.എം.ഡബ്ല്യു ഐ.എക്സ്, ഔഡി ക്യു8 ഇ-ട്രോൺ തുടങ്ങിയ ലക്ഷ്വറി ഇലക്ട്രിക് കാറുകളുമായിട്ടായിരിക്കും മത്സരിക്കുക.
തിരിച്ചുവരുമോ ഫോർഡ്?
ഫോർഡിന്റെ പുതിയ നീക്കം കമ്പനി വീണ്ടും ഇന്ത്യയിലേക്ക് വരികയാണെന്ന ശക്തമായ സൂചനയാണ് നൽകുന്നത്. നേരത്തെ പുതിയ എൻഡവറിന്റെ ഡിസൈൻ പേറ്റന്റിനും കമ്പനി അപേക്ഷിച്ചിരുന്നു.
കൂടാതെ ചെന്നൈയിലെ പ്ലാന്റ് വിൽക്കാനുള്ള പദ്ധതിയും ഫോർഡ് ഉപേക്ഷിച്ചിട്ടുണ്ട്. വിൻഫാസ്റ്റ്, എം.ജി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കാർ നിർമ്മാതാക്കളിൽ നിന്നെല്ലാം വൻ ഓഫറുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, അവസാന നിമിഷം പ്ലാന്റ് വിൽക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
കൂടാതെ പുതുതായി തൊഴിലാളികളെയും കമ്പനി റിക്രൂട്ട് ചെയ്യുന്നുണ്ട്. അതേസമയം, തിരിച്ചുവരവുമായി ബന്ധപ്പെട്ട് ഫോർഡിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.
2021 സെപ്റ്റംബറിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫോർഡ് അറിയിച്ചത്. 2022 ജൂലൈ വരെ കയറ്റുമതിക്കായി കാര്‍ നിർമാണവും എന്‍ജിന്‍ നിര്‍മാണവും തുടർന്നു. ഇതുവഴിമാത്രം 505 കോടി രൂപയുടെ ലാഭമാണ് നേടിയത്. 2022 ആഗസ്റ്റില്‍ ഫോർഡിന്റെ ഗുജറാത്തിലെ സാനന്ദ് പ്ലാന്റ് വിറ്റിരുന്നു. 725 കോടി രൂപക്ക് ടാറ്റയുടെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയാണ് ഇത് ഏറ്റെടുത്തത്.
അമേരിക്കയിലെ മുൻനിര കമ്പനിയായ ഫോർഡ് 1995ലാണ് ഇന്ത്യയില്‍ ചുവടുവെക്കുന്നത്. ഐക്കണ്‍, ഫിയസ്റ്റ, ഫിഗോ, ഫ്യൂഷന്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ ഫോര്‍ഡിന്റെ വാഹനനിരയില്‍ നിന്ന് നിരത്തുകളിലെത്തി. 2012ല്‍ പുറത്തിറങ്ങിയ ഇക്കോസ്പോർട്ടോടു കൂടി വിൽപ്പന ഉയർന്നു.
ഇന്ത്യയില്‍ വലിയ പ്രചാരം നേടിയ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വികളിലെ തുടക്കകാരന്‍ കൂടിയായിരുന്നു ഈ വാഹനം. പിന്നീട് മറ്റു ബ്രാൻഡുകൾ പുതിയ മോഡലുകളുമായി അരങ്ങുവാണപ്പോൾ ഫോർഡ് കാര്യമായ വിൽപ്പനയില്ലാതെ മുടന്തിനീങ്ങുകയായിരുന്നു.
രണ്ട് ബില്യണ്‍ ഡോളര്‍ (14,700 കോടിയോളം രൂപ) ആയിരുന്നു അവസാന പത്ത് വര്‍ഷത്തെ ഫോര്‍ഡിന്റെ പ്രവര്‍ത്തനഷ്ടം. മൂല്യം എഴുതിത്തള്ളിയിന്റെ പേരില്‍ ഉണ്ടായ നഷ്ടവും ഒരു ബില്യണിലേറെയുണ്ട്.
രണ്ട് പ്ലാന്റുകളിലായി ഒരു വര്‍ഷം നാലര ലക്ഷം കാറുകളും അതിലുമേറെ എഞ്ചിനുകളും നിര്‍മിക്കാനുള്ള ശേഷിയുണ്ടായിരുന്നു. എന്നാല്‍, ഉൽപ്പാദനം നിര്‍ത്തുന്ന കാലത്ത് അവയുടെ ശേഷിയുടെ 20 ശതമാനം മാത്രമേ ഉൽപ്പാദിപ്പിച്ചിരുന്നുള്ളൂ.
Adjust Story Font
16