Quantcast

ഉറപ്പിച്ചോളൂ... മാരുതി എസ്-ക്രോസ് ഇനിയില്ല; പകരം വരിക വിറ്റാര ?

ഇതുവരെ 1.6 ലക്ഷം യൂണിറ്റ് എസ്-ക്രോസുകളാണ് ഇന്ത്യൻ നിരത്തിലിറങ്ങിയത്.

MediaOne Logo

Web Desk

  • Published:

    9 July 2022 2:36 PM GMT

ഉറപ്പിച്ചോളൂ... മാരുതി എസ്-ക്രോസ് ഇനിയില്ല; പകരം വരിക വിറ്റാര ?
X

കുറച്ചു നാളുകളായി ഇന്ത്യൻ വാഹനമേഖലയിൽ നിലനിൽക്കുന്ന ഒരു 'സമസ്യ'യാണ് മാരുതി അവരുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ എസ്-ക്രോസ് അവസാനിപ്പിച്ചോ എന്നുള്ളത്. എസ്-ക്രോസിന്റെ കാര്യത്തിൽ ഇനി പ്രതീക്ഷ വേണ്ട എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

എസ്-ക്രോസിന്റെ സ്ഥാനം ഇനി ടൊയോട്ടയുടെ കൂടെ നിന്ന് മാരുതി നിർമിച്ച ടൊയോട്ട അർബൻ ക്രൂയിസർ ഹൈ റൈഡറിന്റെ മാരുതി വേർഷനായിരിക്കും. മാരുതി വിറ്റാര എന്നായിരിക്കും അതിന്റെ പേരെന്നാണ് സൂചന.

ഇതോടെ മാരുതിയുടെ ഇന്ത്യയിലെ ഏറ്റവും വില കൂടിയ മോഡലായി വിറ്റാര മാറും. എസ്-ക്രോസ് പോലെ തന്നെ നെക്‌സ് വഴി തന്നെയായിരിക്കും വിൽപ്പന. പ്രധാനമായും ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസുമായും ആയിരിക്കും വിറ്റാര മത്സരിക്കുക.

2015ലാണ് നെക്‌സ എന്ന പ്രീമിയം ഔട്ട്‌ലെറ്റും അതിന്റെ ആദ്യ മോഡലായ എസ് ക്രോസും മാരുതി സുസുക്കി ഇന്ത്യയിൽ പുറത്തിറക്കിയത്. ഫിയറ്റ് നിർമിക്കുന്ന 1.6 ലിറ്റർ ഡീസൽ എഞ്ചിനും 1.3 ലിറ്റർ മൾട്ടി ജെറ്റ് പെട്രോൾ എഞ്ചിനുമായാണ് ആദ്യം എസ് ക്രോസ് അവതരിപ്പിച്ചത്. 2017 ൽ നൽകിയ അപ്‌ഡേറ്റിൽ ഡീസൽ എഞ്ചിൻ മാരുതി പിൻവലിച്ചു. 2020 ൽ ബിഎസ്-6 എമിഷൻ നിയമങ്ങളുടെ ഭാഗമായി 1.3 ലിറ്റർ പെട്രോൾ എഞ്ചിന് പകരം 1.5 ലിറ്റർ കെ- സിരീസ് എഞ്ചിൻ മാരുതി എസ്- ക്രോസിന് നൽകി. അതേവർഷം തന്നെയാണ് ഒരു ഓട്ടോമാറ്റിക്ക് ഗിയർബോക്‌സും മാരുതി എസ് ക്രോസിൽ ഘടിപ്പിച്ചത്. പ്രീമിയം മോഡലായിട്ട് പോലും ഓട്ടോമാറ്റിക്ക് അവതരിപ്പിക്കാൻ അത്രയും വൈകിയിരുന്നു.

ഇതുവരെ 1.6 ലക്ഷം യൂണിറ്റ് എസ്-ക്രോസുകളാണ് ഇന്ത്യൻ നിരത്തിലിറങ്ങിയത്. 14 ലക്ഷത്തിന് മുകളിലാണ് ഇതിന്റെ ഏറ്റവും ഉയർന്ന വേരിയന്റിന്റെ ഓൺ റോഡ് വില.

ജൂലൈ 20 നാണ് മാരുതി സുസുക്കി ഹൈ റൈഡർ അടിസ്ഥാനമാക്കിയ മിഡ് സൈസ് എസ്.യു.വി അവതരിപ്പിക്കുക.

TAGS :

Next Story