Quantcast

പുതിയ ഡിസയറും അമേസും ഉടൻ വിപണിയിലേക്ക്; കോംപാക്ട് സെഡാൻ പോരിന് മാരുതിയും ഹോണ്ടയും

ഡിസയർ നവംബര്‍ 11ന് പുറത്തിറക്കും, ബുക്കിങ് ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    4 Nov 2024 11:42 AM GMT

maruti suzuki dzire
X

രണ്ട് കോംപാക്ട് സെഡാനുകളുടെ ടീസറുകൾക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് നവംബർ നാല്. മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ ഡിസയറിന്റെയും പ്രധാന എതിരാളികളായ ഹോണ്ട അമേസിന്റെയും ടീസറാണ് പുറത്തുവിട്ടത്.

ഡിസയറിന്റെ പ്രീ ബുക്കിങ് മാരുതി ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 11നാണ് വാഹനം പുറത്തിറക്കുക. 11,000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

പുതിയ ഡിസയറിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതുവരെ കാണാത്ത രൂപഭംഗിയിലാണ് വാഹനം അണിയിച്ചൊരുക്കിയിട്ടുള്ളത്. മുൻവശത്ത് നീളത്തിലുള്ള വലിയ ഗ്രില്ലുകളും ഇതിനോട് ചേര്‍ന്നുനില്‍ക്കുന്ന എല്‍ഇഡി ഹെഡ്‌ലാംപുമെല്ലാം കാണാം. കൂടാതെ എല്‍ഇഡി ഡിആര്‍എല്ലുകളും ഇതിനോട് ഇഴകിച്ചേർന്ന് നിൽക്കുന്നു.

അകത്ത് ഇരുനിറത്തിലുള്ള ഡാഷ്‌ബോര്‍ഡാണ് നല്‍കിയിട്ടുള്ളത്. 3 സ്‌പോക് സ്റ്റിയറിങ് വീൽ മനോഹരമാണ്. കൂടാതെ പരമ്പരാഗാത ട്വിന്‍-ഡയല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. സെന്റര്‍ കണ്‍സോളില്‍ ഫ്ലോട്ടിങ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ചെറിയ എസി മൊഡ്യൂളുമെല്ലാം കാണാം. ഉയര്‍ന്ന വേരിയന്റില്‍ ഇലക്ട്രിക് സണ്‍റൂഫും ലഭിക്കുമെന്നാണ് വിവരം.

1.2 ലിറ്റർ ഇസഡ് സീരീസ് എന്‍ജിനാണ് പുതിയ ഡിസയറിലുണ്ടാവുക. മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ 80 ബിഎച്ച്പിയും 112 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 ഗിയര്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളാണ് മാരുതി നല്‍കുന്നത്. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി മോഡലും ഭാവിയിൽ കമ്പനി പുറത്തിറക്കും.

വാഹനം നിലവില്‍ വിവിധ ഷോറൂമുകളില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ നാല് മീറ്ററിന് താഴെയുള്ള കോംപാക്ട് സെഡാനുകളില്‍ എന്നും മുന്‍നിരയിലുള്ള മോഡലാണ് ഡിസയർ. 2008ലാണ് ആദ്യ ജനറേഷന്‍ വരുന്നത്. സ്വിഫ്റ്റ് ഡിസയര്‍ എന്നായിരുന്നു ആദ്യകാലത്തെ പേര്. 16 വര്‍ഷം കൊണ്ട് 27 ലക്ഷം യൂനിറ്റുകളാണ് വില്‍ക്കാന്‍ സാധിച്ചിട്ടുള്ളത്. നിലവില്‍ മൂന്നാം ജനറേഷനാണ് നിരത്തില്‍ ഓടുന്നത്. 2017ലാണ് ഇത് കമ്പനി പുറത്തിറക്കിയത്. നേരത്തേ ഡീസല്‍ എന്‍ജിനും ലഭ്യമായിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കി.

നാലാം ജനറേഷനില്‍ എത്തുമ്പോള്‍ കൂടുതല്‍ ഫീച്ചറുകളാണ് മാരുതി കൊണ്ടുവരുന്നത്. സണ്‍റൂഫ് ആദ്യമായിട്ടാണ് ഇതില്‍ ഇടംപിടിക്കുന്നത്. 360 ഡിഗ്രി കാമറ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയെല്ലാം വാഹനത്തിലുണ്ടാകാന്‍ സാധ്യതയുണ്ട്. ഏഴ് ലക്ഷം മുതലാകും വാഹനത്തിന്റെ വില ആരംഭിക്കുക എന്നാണ് വിവരം.

2008 മുതലുള്ള അസാധാരണ യാത്ര ഡിസയറിനെ ഇന്ത്യയുടെ പ്രിയപ്പെട്ട സെഡാനാക്കി മാറ്റിയെന്ന് മാരുതി സുസുക്കിയുടെ സീനിയര്‍ എക്‌സിക്യൂട്ടിവ് ഓഫിസര്‍ പാര്‍ഥോ ബാനര്‍ജി പറഞ്ഞു. 27 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുന്നതില്‍ ഡിസയര്‍ വിജയിച്ചിരിക്കുന്നു. പുതിയ ഡിസയര്‍ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും മികച്ചത് മാത്രമല്ല, അതിനപ്പുറത്തെ പ്രതീക്ഷകൾ നിറവേറ്റുന്നതാകും. ആധുനിക ഡിസൈന്‍ തത്വശാസ്ത്രം, ഉന്നതമായ സുഖസൗകര്യം, അത്യാധുനിക സാങ്കേതിക വിദ്യ എന്നിവയെല്ലാം ഡിസയറിനെ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാക്കും. പുതിയ എന്‍ജിനും അതിനോട് ചേര്‍ന്ന ഫീച്ചറുകളുമെല്ലാം അസാധാരണ അനുഭവമാകും നല്‍കുകയെന്നും പാര്‍ഥോ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

ഹോണ്ട അമേസ്, ടാറ്റ ടിഗോര്‍, ഹ്യുണ്ടായ് ഓറ എന്നിവയുമായുള്ള മത്സരം പുതുക്കാന്‍ കൂടിയാണ് പുതിയ ഡിസയറിനെ മാരുതി പുറത്തിറക്കുന്നത്. ഇതിനിടയിലാണ് മൂന്നാം തലമുറ അമേസിന്റെ ടീസറും ഹോണ്ട തിങ്കളാഴ്ച പുറത്തിറക്കിയത്. ഇതോടെ കോംപാക്ട് സെഡാന്‍ സെഗ്മെന്റിൽ പോര് കനക്കും.

2013ലാണ് ഹോണ്ട അമേസ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. 2018ല്‍ രണ്ടാം തലമുറയും നിരത്തിലെത്തി. ഈ വര്‍ഷം അവസാനത്തോടെ മൂന്നാം ജനറേഷന്‍ എത്തുമെന്നാണ് സൂചന. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിൻ തന്നെയാകും ഇതില്‍ ഉണ്ടാവുക. മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളിൽ വാഹനം ലഭ്യമാകും. ഏഴര ലക്ഷം രൂപ മുതലാകും എക്സ് ഷോറൂം വില ആരംഭിക്കുക.

TAGS :

Next Story