ഒരുങ്ങിത്തന്നെയാണ് മാരുതി; ബ്രസ വന്നത് ചുമ്മാതങ്ങ് പോകാനല്ല!!
ഈ വർഷം ഇതുവരെ പുറത്തിറങ്ങിയ ഫേസ് ലിഫ്റ്റുകളിൽ മാരുതി അകത്തും പുറത്തും നന്നായി പണിയെടുത്ത് പുറത്തിറക്കിയ മോഡലാണ് ബ്രസ എന്ന് പറയാം.
മാരുതി ഫേസ് ലിഫ്റ്റുകളിലൂടെ കടന്നുപോകുന്ന വർഷമാണിത്. ബലേനോയിൽ ആരംഭിച്ച് ഇപ്പോൾ അത് ബ്രസയിൽ എത്തിനിൽക്കുകയാണ്. ഈ വർഷം ഇതുവരെ പുറത്തിറങ്ങിയ ഫേസ് ലിഫ്റ്റുകളിൽ മാരുതി അകത്തും പുറത്തും നന്നായി പണിയെടുത്ത് പുറത്തിറക്കിയ മോഡലാണ് ബ്രസ എന്ന് പറയാം.
ഇന്നലെയാണ് നിലവിൽ മാരുതി സുസുക്കി എസ്.യു.വി നിരയിലെ കൊമ്പനായ ബ്രസയുടെ 2022 മോഡൽ പുറത്തിറക്കിയത്. വിറ്റാര എന്ന സർ നെയിം ഒഴിവാക്കി പുറത്തിറക്കിയ വാഹനത്തിന്റെ ഡിസൈനിലേക്ക് വന്നാൽ നിലവിലെ മോഡലിന്റെ അടിസ്ഥാനമായ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിൽ തന്നെയാണ് നിർമിച്ചിരിക്കുന്നത്. അളവുകളും പഴയത് തന്നെയാണ് ( 3955 എം.എം നീളം, 1790 എംഎം വീതി, 2500 എംഎം വീൽബേസ്). എന്നാൽ ഉയരം 45 എംഎം വർധിച്ച് 1640 എംഎം ആയിട്ടുണ്ട്.
മുൻ ഡിസൈനിൽ ഗ്രില്ലിലാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഗൺമെറ്റൽ ഫിനിഷോട് കൂടിയ ഗ്രില്ലിലെ സ്റ്റാറ്റുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. മുൻ ബമ്പറിൽ നിന്ന് ആരംഭിക്കുന്ന കറുത്ത ക്ലാഡിങ് വാഹനത്തിന് ചുറ്റുമുണ്ട്. മുന്നിലെ ഫോഗ് ലാമ്പിനും പുതിയതും വ്യത്യസ്തവുമായ ഡിസൈനാണ് നൽകിയിരിക്കുന്നത്. രണ്ട് വേരിയന്റുകൾക്ക് മുകളിൽ കറുപ്പ് നിറവും ലഭ്യമാണ്. ടെയിൽ ലാമ്പ് യൂണിറ്റിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. പഴയ മോഡലിൽ എന്ന പോലെ വലിയ വലിപ്പത്തിൽ തന്നെ ബ്രസ എന്ന ബാഡ്ജിങ് നൽകിയിട്ടുണ്ട്. വിറ്റാര എന്ന പേര് നീക്കം ചെയ്തത് ഇവിടെയാണ് ആദ്യം മനസിലാകുക.
അകത്തേക് വന്നാൽ ആ വർഷം പുറത്തുവന്ന ബലേനോയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള കളർ തീമാണ് നൽകിയിരിക്കുന്നത്. ഫീച്ചറുകളും ബലേനോയിൽ നിന്ന് തന്നെയാണ് എടുത്തിരിക്കുന്നത്. സ്വിച്ചുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം സോഫ്റ്റ് വെയർ, സ്റ്റിയറിങ് വീൽ, ഹെഡ് അപ് ഡിസ്‌പ്ലെ, 360 ഡിഗ്രി ക്യാമറ ഇതെല്ലാം ബലേനോയിൽ കണ്ടത് തന്നെയാണ്.
വയർലെസ് ചാർജിങ്, ആർക്കിമീസിന്റെ സൗണ്ട് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ആംബിയന്റ് ലൈറ്റിങ് പിന്നെ മാരുതി നിരയിൽ ആദ്യമായി സൺറൂഫും ഉൾപ്പെടുത്തിയത് പുതിയ ബ്രസയിലാണ്.
സുരക്ഷയിലേക്ക് വന്നാൽ ആറ് എയർ ബാഗുകൾ, ഇഎസ്പി, എബിഎസ്, ഇബിഡി, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പുതിയ എർട്ടിഗയിലും എക്‌സ് എൽ 6 ലും അവതരിപ്പിച്ച മാരുതിയുടെ പുതിയ K15C എന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ബ്രസയുടെയും കരുത്ത്. 103 എച്ചപി പവറും 137 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ.
ഗിയർ ബോക്‌സിൽ എർട്ടിഗയിൽ നൽകിയത് പോലെ പഴയ 4 സ്പീഡ് ഓട്ടോമാറ്റിക്കിന് പകരം 6 സ്പീഡ് ടോർക്ക കൺവേർട്ടർ ഓട്ടോമാറ്റിക്ക് ഗിയർ ബോക്‌സാണ് നൽകിയിരിക്കുന്നത്. മാനുവൽ ഗിയർ ബോക്‌സിൽ മാറ്റമൊന്നുമില്ല. പഴയതിലുണ്ടായ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഇതിലും തുടർന്നിട്ടുണ്ട്. സിഎൻജി വേരിയന്റും അടുത്തു തന്നെ പുറത്തിറക്കും.
ലിറ്ററിന് 20.15 കിലോമീറ്ററാണ് മാനുവൽ മോഡലിന് കമ്പനി ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്്. ഓട്ടോമാറ്റിക്കിലേക്ക് വന്നാൽ അത് 19.80 കിലോമീറ്ററായി കുറയും.
നിലവിലെ ബ്രസയെക്കാളും 15,000 രൂപ അധികമാണ് പുതിയ ബ്രസയുടെ ബേസ് മോഡലിന്റെ വില. എല്ലാ വേരിയന്റിനും വില ചെറുതായി വർധിപ്പിച്ചിട്ടുണ്ട്. 7.99 ലക്ഷത്തിൽ ആരംഭിച്ച് 13.96 ലക്ഷത്തിൽ അവസാനിക്കുന്നതാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.
Adjust Story Font
16