ഇന്ത്യയിൽ തിരിച്ചെത്തി സ്കോഡ സൂപ്പർബ്; വില 54 ലക്ഷം രൂപ
എൽ ആൻഡ് കെ എന്ന വേരിയന്റ് മാത്രമാണ് ഇന്ത്യയിൽ ലഭ്യമാവുക
സ്കോഡയുടെ ലക്ഷ്വറി സെഡാൻ സൂപ്പർബ് ഇന്ത്യയിൽ തിരിച്ചെത്തി. ഒരു വർഷത്തിന് ശേഷമാണ് സൂപ്പർബ് ഇന്ത്യയിൽ വീണ്ടും എത്തുന്നത്. അതേസമയം, കഴിഞ്ഞ നവംബറിൽ പുറത്തിറക്കിയ മൂന്നാം തലമുറ വാഹനമല്ല ഇന്ത്യയിൽ എത്തിച്ചിട്ടുള്ളത്.
പൂർണമായും വിദേശത്ത് നിർമിച്ചാണ് വാഹനം കൊണ്ടുവരുന്നത്. അതിനാൽ തന്നെ മുമ്പത്തെ മോഡലിനേക്കാൾ ഏകദേശം 16 ലക്ഷത്തോളം അധികം വില വരും. 54 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്സ് ഷോറൂം വില.
എൽ ആൻഡ് കെ എന്ന വേരിയന്റ് മാത്രമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. ഉപഭോക്താക്കൾക്ക് സ്കോഡയുടെ ഷോറൂമിലൂടെയയോ ഓൺലൈൻ പോർട്ടൽ വഴിയോ ബുക്ക് ചെയ്യാം. ഈ മാസം അവസാനത്തോടെ ഡെലിവറി ആരംഭിക്കും. 100 യൂനിറ്റുകളാണ് കൊണ്ടുവരുന്നത്.
2 ലിറ്റർ ഫോർ സിലിണ്ടർ ടി.എസ്.ഐ പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. 187 ബി.എച്ച്.പിയാണ് പരമാവധി ശക്തി. 320 എൻ.എം ടോർക്കും ഈ എൻജിൻ ഉൽപ്പാദിപ്പിക്കും. 7 സ്പീഡ് ഡി.എസ്.ജി ഓട്ടോമാറ്റിക് ഗിയർ ബോക്സാണ് ഇതിനോട് ഉൾചേർത്തിരിക്കുന്നത്.
മൊബൈൽ കണക്റ്റിവിറ്റി സൗകര്യമുള്ള ഒമ്പത് ഇഞ്ച് ടച്ച് സ്ക്രീൻ, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്രൈവർ സീറ്റിലെ മസാജിങ് സൗകര്യം, 3 സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സൗകര്യങ്ങൾ വാഹനത്തിലുണ്ട്. വിർച്വൽ കോക്പിറ്റ്, 12 സ്പീക്കറോടു കൂടിയുള്ള കന്റണിന്റെ ഓഡിയോ സംവിധാനം എന്നിവയും ഇടംപിടിച്ചിരിക്കുന്നു. എ.ബി.എസ്, ഹിൽ ബ്രേക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ് കൺട്രോൾ, ഓട്ടോ ഹോൾഡോട് കൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 360 ഡിഗ്രി കാമറ, പാർക്ക് അസിസ്റ്റ്, 9 എയർ ബാഗുകൾ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും പുതിയ സൂപ്പർബിന്റെ പ്രത്യേകതയാണ്.
Adjust Story Font
16