ഇത്രക്ക് ചീപായോ ഹാര്‍ലി!; 2.29 ലക്ഷത്തിന് എക്സ് 440 വിപണിയില്‍
ഹീറോ - ഹാർലി കൂട്ടുകെട്ടിലാണ് വാഹനം വിപണിയിലെത്തുന്നത്
ഹാർലി ഡേവിഡ്‌സൺ എന്ന ആഡംബര ഇരുചക്ര വാഹനത്തെ കുറിച്ച് വഹനപ്രേമികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കാതടപ്പിക്കുന്ന എക്‌സ്‌ഹോസ്റ്റ് നോട്ടും അതിഗംഭീര ഡിസൈൻ മാജിക്കും ടോർക്കിയായ എൻജിനുമെല്ലാം ഏതൊരു വാഹനപ്രേമിക്കും ഹരം പകരുന്നതാണ്.
എന്നാൽ ഒരു സാധാരണക്കാരന് അത്ര പെട്ടെന്ന് സമീപിക്കാവുന്ന വിലയിലല്ല ഹർലിയുടെ വാഹനങ്ങൾ വിപണിയിലെത്തിയിരുന്നത്. എന്നതിനാൽ തന്നെ പലർക്കും ഹാർലി ഒരു സ്വപ്‌നമായിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും വില കുറഞ്ഞ മോഡലിനെ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. ഹീറോ - ഹാർലി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന എക്‌സ് 440 വിപണിയിലെത്തി.
ഹാർലിയുടെ ഏറ്റവും വില കുറഞ്ഞതും കരുത്ത് കുറഞ്ഞതുമായ വാഹനമാണ് എക്‌സ് 440. ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളാണ് വാഹനത്തിനുള്ളത്. ഇതിൽ പ്രാരംഭ മോഡലായ ഡെനിമിന് 2.29 ലക്ഷം രൂപയാണ് വില. ഏറ്റവും ഉയർന്ന മോഡലയ എസിന് 2.69 ലക്ഷം രൂപയും. ആഗോള വിപണി ലക്ഷ്യമിട്ട് നിർമിക്കുന്ന ഈ വാഹനം ഇന്ത്യയിൽ നിർമിച്ച് വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ കയറ്റുമതി ചെയ്യുമെന്നാണ് സൂചന.
440 സി.സി എയർ ഓയിൽ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് എക്‌സ് 440 ന് കരുത്ത് പകരുന്നത്. 6000 ആർ.പി.എമ്മിൽ 27 എച്ച്.പി പരമാവധി കരുത്തും 4000 ആർ.പി.മ്മിൽ 38 എൻ.എം ടോർക്കുമുള്ള എൻജിനാണിത്.
6 സ്പീഡ് ഗിയർബോക്‌സ്, 43 എം.എം യു.എസ്.ഡി ഫോർക്ക് - ട്വിൻ ഷോക്ക് അബ്‌സോർബറുകൾ എന്നിവ ചേർന്നതാണ് സസ്‌പെൻഷൻ ഡിപ്പാർട്‌മെന്റ്. 320 എംഎം മുൻ റോട്ടർ, ഡ്യുവൽ ചാനൽ എ.ബി.എസ് എന്നിവ എല്ലാ മോഡലിലും സ്റ്റാൻഡേഡായി ലഭിക്കും.
ബേസ് വേരിയന്റായ ഡെനിമിൽ സ്‌പോക് വീലുകളാണ് നൽകിയിട്ടുള്ളത്. വിവിഡ് എന്ന വകഭേദത്തിൽ അലോയ് വീലുകളും ഡ്യുവൽ ടോൺ കളർ ഓപ്ഷനുമുണ്ട്. ഏറ്റവും ഉയർന്ന വകഭേതമായ എസ് മോഡലിൽ ഡയമണ്ട് കട്ട് അലോയ് വീലുകൾ, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടു കൂടിയ കളർ ടി.എഫ്.ടി നോട്ടിഫിക്കേഷനോടു കൂടിയ നാവിഗേഷൻ എന്നിവയുണ്ട്.
മഞ്ഞ നിറത്തിലുള്ള ടാങ്കും ബാക്കി ഭാഗം കറുപ്പ് നിറത്തിലുമാണ ഡെനിം മോഡൽ. മോഡലിൽ മെറ്റാലിക് തിക് റെഡ് അല്ലെങ്കിൽ മെറ്റാലിക് ഡാർക് സിൽവർ എന്നീ നിറങ്ങളിലാണ് വിവിഡ് ലഭിക്കുക. മാറ്റ് ബ്ലാക്ക് നിറത്തിൽ മാത്രമണ് ടോപന്റ് മോഡലായ എക്‌സ് ലഭിക്കുക.
Adjust Story Font
16