Quantcast

ഇന്ത്യയിലെ ഇവി മേഖലയിൽ 10,440 കോടി നിക്ഷേപിക്കാൻ സുസുക്കി

മാരുതി-സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്.യു.വി 2025 ൽ പുറത്തിറക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു

MediaOne Logo

Web Bureau

  • Published:

    21 March 2022 2:52 AM GMT

ഇന്ത്യയിലെ ഇവി മേഖലയിൽ 10,440 കോടി നിക്ഷേപിക്കാൻ സുസുക്കി
X

ചെറു മീനുകൾ മുതൽ വമ്പൻ സ്രാവുകൾ വരെ ഇലട്രിക് വാഹന നിർമാണ മേഖലയിൽ എന്തുകൊണ്ടാണ് മാരുതി സുസുക്കി ഒരു ചെറുവിരൽ പോലും അനക്കാത്തത്- ഇന്ത്യൻ വാഹന മേഖലയിൽ കുറേ നാളുകളായി ഉയരുന്ന ചോദ്യമാണിത്. അതിന് വ്യക്തമായ ഉത്തരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

മാരുതിയുടെ മാതൃ കമ്പനിയായ ജപ്പാൻ കരുത്തായ സുസുക്കി മോട്ടോർ കോർപ്പറേഷൻ 10,440 കോടി രൂപ ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയുടെ വികസനത്തിന് നിക്ഷേപിക്കുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇപ്പോൾ ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ജപ്പാൻ ഇക്കണോമിക്ക് ഫോറത്തിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് ഗുജറാത്ത് സർക്കാരുമായി ഇതു സംബന്ധിച്ച കരാർ സുസുക്കി ഒപ്പുവെച്ചത്.

മാരുതി-സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്.യു.വി 2025 ൽ പുറത്തിറക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇത് ഗുജറാത്ത് പ്ലാന്റിലായിരിക്കും നിർമിക്കുക.

ഇവി കാറുകൾക്ക് പുറമേ ഇവി വാഹനങ്ങളുടെ ബാറ്ററി നിർമിക്കാനുള്ള പ്ലാന്റും ഗുജറാത്തിൽ സുസുക്കി നിർമിക്കും. ഇതിന് വേണ്ടി മാത്രം 7,300 കോടി രൂപ നിക്ഷേപിക്കും. 2026 ൽ ഇതിന്റെ നിർമാണം പൂർത്തിയാകും.

അതേസമയം നിലവിൽ YY8 എന്ന കോഡ് പേരിൽ അറിയപ്പെടുന്ന മാരുതി ഇലക്ട്രിക് എസ്‌യുവി 2024 ൽ ആഗോളവിപണിയിൽ പുറത്തിറങ്ങുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. 2025 ൽ ആദ്യപകുതിയിൽ ഇന്ത്യയിൽ വാഹനം അവതരിപ്പിക്കും.

നിലവിൽ വാഹനത്തിന്റെ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ജോലിയാണ് കമ്പനി. എന്നാൽ മാരുതി ഒറ്റയ്ക്കല്ല ഈ കാർ വികസിപ്പിക്കുന്നത്. നിലവിൽ തന്നെ മാരുതിയുമായി കരാറുള്ള ജപ്പാൻ കരുത്തായ ടൊയോട്ടയും മാരുതിയുടെ കൂടെ ചേരുന്നുണ്ട്. അതുകൊണ്ട് തന്നെ വ്യത്യസ്ത പേരുകളിൽ ഇരു കാർ നിർമാതാക്കളുടെയും കീഴിൽ രണ്ട് ഇലക്ട്രിക് എസ്.യു.വി ഇറങ്ങും. പ്രതിവർഷം 1.5 ലക്ഷം വിൽപ്പനയാണ് മാരുതി ഈ വാഹനത്തിന് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ കൂടുതൽ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

TAGS :

Next Story