Quantcast

ഇലക്‌ട്രോണിക് വാഹന വിപണി കയ്യടക്കി ടാറ്റ, കാരണം ഇതാണ്

രാജ്യത്ത് വിറ്റ വൈദ്യുതി വാഹനങ്ങളുടെ 70 ശതമാനവും ടാറ്റ മോട്ടോഴ്‌സില്‍ നിന്നുമാണ്.

MediaOne Logo

Web Desk

  • Updated:

    2021-10-01 15:14:05.0

Published:

1 Oct 2021 3:07 PM GMT

ഇലക്‌ട്രോണിക് വാഹന വിപണി കയ്യടക്കി ടാറ്റ, കാരണം ഇതാണ്
X

ലോകം മുഴുവനും വൈദ്യുതി വാഹനങ്ങളിലേക്ക് മാറുമ്പോള്‍ ഇന്ത്യയിലെ ഇവി വിപണി കയ്യാളുന്നത് ടാറ്റയാണ്. രാജ്യത്ത് വിറ്റ വൈദ്യുതി വാഹനങ്ങളുടെ 70 ശതമാനവും ടാറ്റ മോട്ടോഴ്‌സില്‍ നിന്നുമാണ്. നെക്‌സണ്‍ ഇവി എസ്‌യുവി വിജയമായതാണ് ഇത്രയും ഇലക്ട്രോണിക് വാഹനങ്ങള്‍ വില്‍ക്കാന്‍ ടാറ്റക്കായത്.

ഇന്ത്യയില്‍ ഇതുവരെ 10,000 ഇലക്ട്രോണിക് വാഹനങ്ങള്‍ വിറ്റതായി ടാറ്റ മോട്ടോഴ്‌സ്‌ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. എല്ലാ ഇന്‍ഫ്രാസ്ട്രക്ചര്‍ വെല്ലുവിളികള്‍ക്കിടയിലും ടാറ്റ മോട്ടോഴ്‌സിന്റെ ഇവി വില്‍പ്പന കഴിഞ്ഞ 12 മാസത്തിനുളളില്‍ ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞ മാസം മാത്രം 1,078 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇത് 308 ആയിരുന്നു.

2020 ജനുവരിയിലാണ് നെക്‌സോണ്‍ ഇവി ആദ്യമായി ടാറ്റ അവതരിപ്പിച്ചത്. ഇതില്‍ ടിപ്രോണ്‍ സാങ്കേതിക വിദ്യയുണ്ട്. അത് പിന്നീട് ടിഗോര്‍ ഇവിയിലും അവതരിപ്പിച്ചു. 30.2 കിലോവാട്ട് ബാറ്ററി ബാക്കപ്പ് ആണ് വാഹനത്തിന് ലഭിക്കുന്നത്. 9.14 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും വാഹനത്തിനാവും.

കഴിഞ്ഞ മാസം പുതിയ തലമുറ ടിഗോര്‍ ഇവി 11.99 ലക്ഷം പ്രാരംഭ വിലയിലാണ് ടാറ്റ മോട്ടോഴ് അവതരിപ്പിച്ചത്. ഇത് ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന ഇലക്ട്രിക് കാറാണ്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ വിജയിക്കുന്ന ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ നിലയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങും സ്വന്തമാക്കി. പുതുതായി പുറത്തിറക്കിയ ടിഗോര്‍ ഇവിക്ക് നിലവില്‍ നിരവധി ബുക്കിങ്ങുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നെക്‌സോണ്‍ ഇവിയെ പോലെ ഇതും വലിയ ജനപ്രീതി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെക്‌സോണുമായി താരതമ്യം ചെയ്യുമ്പോള്‍ ടിഗോറിന് വില കുറവാണ്.

ടാറ്റ 120 നഗരങ്ങളില്‍ 700 ലധികം ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ആരംഭിച്ചു. കൂടാതെ മറ്റു ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ സുസ്ഥിരമായ ഇവി ഇക്കോസിസ്റ്റം അതിവേഗം വികസിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. നെക്‌സോണ്‍ ഇവിയുടെ വിജയത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട്, ടാറ്റ മോട്ടോഴ്‌സ് വരും കാലങ്ങളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. 2025 ഓടെ 10 ഇലക്ട്രിക് വാഹനങ്ങള്‍ കമ്പനിയുടെതായി ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍. അതേസമയം, ഇലക്ട്രിക് വാഹങ്ങള്‍ ഉള്‍പ്പടെ സെപ്തംബറില്‍ 25,730 വാഹനങ്ങളാണ് കമ്പനി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 21,199 ആയിരുന്നു.


TAGS :

Next Story