Quantcast

ഇലക്ട്രിക്കിലേക്കും ടാറ്റയുടെ പഞ്ച്; അടുത്ത വർഷം വിപണിയിലെത്തും

നിലവിൽ ആൽഫ ആർക്ക് പ്ലാറ്റ്‌ഫോമിലുള്ള പഞ്ചിനെ സിഗ്മ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയിട്ടാണ് ഇവിയാക്കി മാറ്റുക.

MediaOne Logo

Web Desk

  • Published:

    29 Dec 2022 4:32 PM GMT

ഇലക്ട്രിക്കിലേക്കും ടാറ്റയുടെ പഞ്ച്; അടുത്ത വർഷം വിപണിയിലെത്തും
X

ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ സാധ്യത കൃത്യമായി മനസിലാക്കി വാഹനങ്ങൾ ഇറക്കുന്നതിൽ ടാറ്റ മോട്ടോർസിന്റെ അത്ര കഴിവ് ആരും ഇതുവരെ കാണിച്ചിട്ടില്ല. നെക്‌സോൺ, ടിഗോർ, ടിയാഗോ എന്നീ മൂന്ന് മോഡലുകളാണ് അവർ ഇതുവരെ ഇവിയിൽ പുറത്തിറക്കിയത്. മൂന്ന് മോഡലുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. ഇന്ത്യയിൽ ഇന്ന് വിൽക്കുന്ന ഇവി കാറുകളിൽ ഭൂരിഭാഗവും ടാറ്റയുടേതാണ് എന്നത് ഈ വാദത്തെ സാധൂകരിക്കുന്നു.

ഇപ്പോൾ പുതിയൊരു മോഡൽ കൂടി ഇവിയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ടാറ്റ. മൈക്രോ എസ് യു വി വിഭാഗത്തിൽ മികച്ച പ്രതികരണം നേടിയ പഞ്ചിനേയാണ് അവർ ഇവി അവതാരം നൽകുന്നത്.

അതേസമയം ടിയാഗോയേയും ടിഗോറിനേയും ഇവിയിലേക്ക് മാറ്റിയത് പോലെ എളുപ്പത്തിൽ പഞ്ചിനെ മാറ്റാൻ ടാറ്റക്ക് സാധിക്കില്ല. നിലവിൽ ആൽഫ ആർക്ക് പ്ലാറ്റ്‌ഫോമിലുള്ള പഞ്ചിനെ സിഗ്മ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയിട്ടാണ് ഇവിയാക്കി മാറ്റുക. ഇതിന് വേണ്ടി ട്രാൻസ്മിഷൻ ചാനലിന്റെ മാറ്റം കനത്ത ഇലക്ട്രിഫിക്കേഷൻ പണികൾ എന്നിവ വേണ്ടി വരും. ബാറ്ററി പാക്ക് ഉൾപ്പെടുത്താനായുള്ള മാറ്റങ്ങളും വേണ്ടിവരും.

നെക്‌സോണിന് നൽകിയിരിക്കുന്ന മോട്ടോറാണോ ടിയാഗോ നൽകിയിരിക്കുന്ന മോട്ടാറാണോ പഞ്ചിന് നൽകുക എന്നതിൽ വ്യക്തതയില്ല.

2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കുന്ന വാഹനം ജൂണിൽ ഉത്പാദനം തുടങ്ങി ഉത്സവക്കാലത്ത് വിപണിയിൽ അവതരിപ്പിക്കാനാണ് ടാറ്റയുടെ പദ്ധതി.

നിലവിലെ ഐസിഇ പഞ്ചിനേക്കാളും ഒന്നുമുതൽ ഒന്നരലക്ഷം വരെ ഇവി പഞ്ചിന് വില കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചിന് സിഎൻജി വേർഷൻ പുറത്തിറക്കാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്.

നിലവിൽ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ ടാറ്റയുടെ തന്നെ ടിയാഗോയാണ്. ടിയാഗോ ഇവിയുടെ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. നാല് ശതമാനം വർധിപ്പിക്കാനാണ് ടാറ്റയുടെ തീരുമാനം. 2023 ജനുവരി മുതൽ വില വർധന പ്രാബല്യത്തിലാകും.

നേരത്തെ തന്നെ ഇത്തരത്തിൽ വില വർധിപ്പിക്കുമെന്ന് ടാറ്റ സൂചന നൽകിയിരുന്നു. നിലവിലുള്ള വില ഇൻഡ്രട്കറ്ററി വിലയായിരിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ വിലയ്ക്ക് വാഹനം ലഭ്യമാകുക. പിന്നീട് കനത്ത ബുക്കിങ് കണക്കിലെടുത്ത് 20,000 ത്തിലേക്ക് ഈ സംഖ്യ ഉയർത്തി.

ഈ ഓഫർ അവസാനിച്ചത് കൂടാതെ ഇവി ബാറ്ററിയുടെ വില 30 മുതൽ 35 ശതമാനം വരെ ഉയർന്നതും വില വർധിപ്പിക്കാൻ ടാറ്റയെ പ്രേരിച്ചിച്ചു. ഇപ്പോൾ ടാറ്റ ടിയാഗോയ്ക്ക് ആകെ ലഭിക്കുന്ന ബുക്കിങുകളിൽ 30 മുതൽ 35 ശതമാനം വരെ ടിയാഗോ ഇവിക്കുള്ളതാണ്. ടാറ്റയുടെ മൊത്തം ഇവി ലൈനപ്പിനിലേക്ക് വരുമ്പോൾ 25 ശതമാനവും ടിയാഗോ ഇവിയാണെന്നും കമ്പനി അവകാശപ്പെട്ടു.

ബുക്കിങ് കുതിച്ചുയരുന്നുണ്ടെങ്കിലും ടിയാഗോ ഇവിയുടെ ഡെലിവറി ജനുവരി പകുതിയോടെ മാത്രമേ ആരംഭിക്കുകയുള്ളൂ. ആദ്യഘട്ടത്തിലെ ബുക്കിങ് അഞ്ച് മാസത്തിനുള്ളിൽ ഡെലിവറി ചെയ്യുമെന്നും ടാറ്റ അറിയിച്ചിട്ടുണ്ട്.

നിലവിൽ 7 വേരിയന്റുകളിലാണ് ടാറ്റ ടിയാഗോ ഇവി ലഭ്യമാകുക. 8.49 ലക്ഷം മുതൽ 11.49 ലക്ഷം വരെയാണ് വാഹനത്തിന്റെ നിലവിലെ എക്സ് ഷോറൂം വില.

TAGS :

Next Story