ടാറ്റയുടെ പഞ്ചിന് പ്രാരംഭ വില 5.49 ലക്ഷം; അടുത്ത വർഷം മുതൽ പുതിയ വില!
2022-ജനുവരി ഒന്ന് മുതൽ പുതില വില പ്രാബല്യത്തിൽ വരുമെന്നുമാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്
ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിൽ എത്തിച്ച മിനി എസ്.യു.വി. മോഡലായ പഞ്ചിന്റെ വില പ്രഖ്യാപിച്ചു. നാല് വേരിയന്റുകളിൽ വിപണിയിൽ എത്തിയിട്ടുള്ള ഈ വാഹനത്തിന് 5.49 ലക്ഷം രൂപ മുതൽ 9.09 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. അതേസമയം, 2022-ജനുവരി ഒന്ന് മുതൽ പുതില വില പ്രാബല്യത്തിൽ വരുമെന്നുമാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.
പ്യൂവർ, അഡ്വഞ്ചർ, അക്കംബ്ലിഷ്ഡ്, ക്രീയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാണ് പഞ്ച് വിപണിയിൽ എത്തുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വിലയുമായി താരതമ്യം ചെയ്യുമ്പോൾ നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ തുടങ്ങിയ കോംപാക്ട് എസ്.യു.വികളുമായി പഞ്ച് മിനി എസ്.യു.വി. മത്സരിക്കുമെന്നാണ് വിലയിരുത്തൽ.
ഇംപാക്ട് 2.0 ഡിസൈൻ ലാംഗ്വജിൽ ടാറ്റയുടെ അൽഫ-ആർക്ക് അടിസ്ഥാനമാക്കി ആദ്യമായി ഒരുങ്ങിയിട്ടുള്ള എസ്.യു.വിയാണ് പഞ്ച്. ടാറ്റയുടെ നെക്സോൺ, ഹാരിയർ മോഡലുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനിലാണ് പഞ്ച് ഒരുങ്ങിയിട്ടുള്ളത്. ഗ്രില്ലിന് പകരം ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള പാനൽ, എൽ.ഇ.ഡിയിൽ ഒരുങ്ങിയിട്ടുള്ള നേർത്ത ഡി.ആർ.എൽ., ബംമ്പറിൽ സ്ഥാനമുറപ്പിച്ചിരിക്കുന്ന ഹെഡ്ലാമ്പ്, കോർണർലൈറ്റായും പ്രവർത്തിക്കുന്ന ഫോഗ്ലാമ്പ്, ഡ്യുവൽ ടോൺ ബംമ്പർ എന്നിവയാണ് പഞ്ചിന് മുഖത്തിന് സൗന്ദര്യമേകുന്ന പ്രധാന അലങ്കാര പണികൾ.
ഫീച്ചറുകൾ കുത്തിനിറയ്ക്കാതെ ചിട്ടയായാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. ഏഴ് ഇഞ്ച് വലിപ്പമുള്ള ഹർമൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ പാനൽ ഉൾപ്പെടെ നൽകിയിട്ടുള്ള മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ സ്‌ക്രീൻ ഉൾപ്പെടെ നൽകിയിട്ടുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ധാരാളം സ്റ്റോറേജ് സ്പേസുകൾ, മികച്ച സീറ്റുകൾ എന്നിങ്ങനെ വളരെ സമ്പന്നമായ ഒരു അകത്തളമാണ് പഞ്ചിൽ ഒരുങ്ങിയിട്ടുള്ളത്.
ടാറ്റയുടെ ടിയാഗോയിൽ കരുത്തേകുന്ന 1.2 ലിറ്റർ മൂന്ന് സിലിണ്ടർ റെവൊട്രോൺ പെട്രോൾ എൻജിനാണ് പഞ്ചിന്റെയും ഹൃദയം. ഇത് 85 ബി.എച്ച്.പി. പവറും 113 എൻ.എം.ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവൽ എന്നീ ഗിയർബോക്സുകളാണ് ഇതിൽ ട്രാൻസ്മിഷൻ നിർവഹിക്കുന്നത്.
Adjust Story Font
16