Quantcast

‘മറ്റേത് വാഹനത്തിന് സാധിക്കുമിത്?’ മഹീന്ദ്ര ഥാറിന്റെ നിർമാണ നിലവാരത്തിൽ അതിശയിച്ച് ഉടമ

ആദ്യ ശ്രമത്തിൽ തന്നെ വാഹനം അനായാസം സ്റ്റാർട്ടായി

MediaOne Logo

Web Desk

  • Published:

    18 Jan 2024 3:17 PM GMT

mahindra thar accident
X

​സുരക്ഷയിൽ ഫോർ സ്റ്റാർ റേറ്റിങ്ങുള്ള എസ്.യു.വിയാണ് മഹീന്ദ്ര ഥാർ. റോഡുകളും മലകളും മരുഭൂമിയുമെല്ലാം ഒരുപോലെ കീഴടക്കിയ വാഹനം.

ഥാറിന്റെ നിർമാണ നിലവാരം അടയാളപ്പെടുത്തുകയാണ് ഛണ്ഡീഗഢിലെ റാലി ഡ്രൈവറും ഓഫ് റോഡറുമായ രത്തൻ ധില്ലൻ. വാഹനത്തിന്റെ മുകളിലേക്ക് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണെങ്കിലും പുല്ലുപോലെ ഥാർ അതിജീവിച്ചെന്ന് രത്തൻ പറയുന്നു. വിശദമായ കുറിപ്പിനൊപ്പം സംഭവത്തിന്റെ ചിത്രങ്ങളും അദ്ദേഹം ‘എക്സി’ൽ പങ്കുവെച്ചിട്ടുണ്ട്.

‘ഞാൻ എന്റെ ജീവിതം എന്റെ മഹീന്ദ്ര ഥാറിനെ ഏൽപ്പിക്കുന്നു. അപ്രതീക്ഷിതമായി രാത്രി ഗാരേജിന്റെ മേൽക്കൂര ഥാറിന് മുകളിലേക്ക് തകർന്നുവീണു. നാല് തൊഴിലാളികൾ ഒരു ദിവസം മുഴുവൻ പണിയെടുത്താണ് മേൽക്കൂരയുടെ അവശിഷ്ടങ്ങൾ നീക്കിയത്. ഇഷ്ടികകളുടെയും ഗർഡറുകളുടെയും ആക്രമണത്തെ ഥാറിന്റെ ഹാർഡ്‌ടോപ്പ് സധൈര്യം അതിജീവിച്ചു. കാര്യമായ പരിക്കില്ലാതെ വാഹനം ഉദിച്ചുയർന്നു.


എഞ്ചിൻ ബോണറ്റും ശക്തമായി തന്നെ നിലനിന്നു. ആദ്യ ശ്രമത്തിൽ വാഹനം അനായാസം സ്റ്റാർട്ടാകുകയും ചെയ്തു. ലോകത്തിലെ ഏതെങ്കിലും കാറിന് ഇത്തരമൊരു സാഹചര്യത്തെ അതിജീവിക്കാൻ സാധിക്കുമോ എന്നതിൽ ഞാൻ വാതുവെക്കുന്നു.

ഈ സംഭവം ഥാറിന്റെ പ്രതിരോധശേഷിയിലുള്ള എന്റെ അചഞ്ചലമായ ആത്മവിശ്വാസം ഉറപ്പിച്ചു. ദൈനംദിന യാത്രകൾക്കും ദൈർഘ്യമേറിയ റോഡ് ട്രിപ്പുകൾക്കും ഇത് എന്റെ ഇഷ്ട വാഹനമാക്കി മാറ്റുന്നു.

അതിന്റെ ഉറപ്പിന് സാക്ഷിയായ എനിക്ക് ഈ വാഹനത്തെ വിശ്വസിക്കാം. ഒരു അപകടമുണ്ടായാൽ അത് യാത്രക്കാർക്ക് ദോഷം ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എന്തുതന്നെയായാലും എന്റെ ജീവിതകാലം മുഴുവൻ ഈ വാഹനം ഓടിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്’ -രത്തൻ ധില്ലൻ ‘എക്സി’ൽ കുറിച്ച പോസ്റ്റിൽ വ്യക്തമാക്കി. ഇത്തരമൊരു വാഹനം നിർമിച്ചതിന് ആനന്ദ് മഹീന്ദ്രക്കും അദ്ദേഹം നന്ദി പറയുന്നുണ്ട്.



TAGS :

Next Story