ഈ കാറുകൾ ഇനി അത്ര ബജറ്റ് ഫ്രണ്ടിലിയല്ല: ഞെട്ടിക്കുന്ന തീരുമാനവുമായി മാരുതി
അടുത്ത വർഷം ജനുവരി ഒന്നു മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വരും
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന നിർമാതാക്കളാണ് മാരുതി സുസൂക്കി. മൈലേജും റീസെയിൽ വാല്യൂവിലും മാരുതിയെ വെല്ലാൻ മറ്റൊരു വാഹനനിർമാണ കമ്പനി ഇന്ത്യയിലില്ല. ആൾട്ടോ മുതൽ ഇൻവിക്‌റ്റോ വരെയുള്ള നിരയിലെ ഓരോ മോഡലുകളും ചൂടപ്പം പോലെയാണ് ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്നത്. പുതിയ വാഹനങ്ങൾക്ക് മാത്രമല്ല സെക്കന്റ് ഹാന്റ് വാഹനളാണെങ്കിലും മാരുതി സുസൂക്കി തന്നെയാണ് ഇന്ത്യക്കാരുടെ ലിസ്റ്റിലെ ആദ്യ വാഹനം.
ബജറ്റ് കാറുകളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന കമ്പനി അടുത്തിടെയായി പ്രീമിയം എസ്യുവികൾ നിരത്തിലിറക്കുന്ന തിരക്കിലാണ്. ബ്രെസ, ഫ്രോങ്ക്സ്, ജിംനി, ഗ്രാൻഡ് വിറ്റാര തുടങ്ങി നിരവധി വാഹനങ്ങൾ കമ്പനി ഇതിനോടകം തന്നെ പുറത്തിറക്കി കഴിഞ്ഞു.
മറ്റുവാഹന ബ്രാന്റുകളെ അപേക്ഷിച്ച് വിലയും സർവീസും പാർട്‌സുകളുടെ അവൈലബിലിറ്റിയും തന്നെയാണ് മാരുതിയെ ജനപ്രിയമാക്കുന്നത്. എന്നാൽ മുന്നിൽക്കണ്ട് അധികം വൈകാതെ ഒരു മാരുതി വാഹനം സ്വന്തമാക്കാനാണ് നിങ്ങളുടെ പദ്ധതിയെങ്കിൽ നിരാശയായിരിക്കും ഫലം. എന്താണന്നല്ലേ, മാരുതി തങ്ങളുടെ മോഡലുകളുടെ വില വർധിപ്പിക്കാൻ പോവുകയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
2024 ജനുവരി മുതൽ വില വർധനവ് നടപ്പിലാക്കുമെന്ന് കമ്പനി നവംബർ 27-ന് തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. അടുത്ത വർഷം ജനുവരി ഒന്നു മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വരും. എങ്കിലും പുതിയ വില വർധന എല്ലാ മോഡലുകൾക്കും ബാധകമാണോയെന്നും വില വർധനവിന്റെ നിരക്കും മാരുതി സുസുക്കി വ്യക്തമാക്കിയിട്ടില്ല.
ഉത്പാദനച്ചെലവ് വർധിക്കുന്നതിനാലാണ് കാർ വിലയിൽ മാറ്റമുണ്ടാക്കാൻ കമ്പനി ഒരുങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം. മാരുതിക്ക് പുറമെ മറ്റ് പ്രമുഖ ബ്രാൻഡുകളും പുതുവത്സരം മുതൽ വാഹനങ്ങൾക്ക് വില കൂട്ടുമെന്ന് ഉറപ്പാണ്.
കുറച്ച് വർഷങ്ങളായി ഈ ട്രെൻഡ് നിലവിലുണ്ട്. മൊത്തത്തിലുള്ള പണപ്പെരുപ്പവും വർധിച്ചുവരുന്ന ചരക്ക് വിലയും മൂലമുള്ള ചെലവുകളുടെ സമ്മർദ്ദം മൂലമാണ് വില പുതുക്കൽ ആവശ്യമായി വന്നതെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിലൂടെ പറയുന്നു. ഉപഭോക്താക്കളെ കാര്യമായി ബാധിക്കാത്ത വിധം വില ഉയർത്താനാണ് പദ്ധതിയിടുന്നതെന്ന് മാരുതി അറിയിച്ചിട്ടുണ്ടെന്നതും ശുഭസൂചനയാണ്.
ഈ വില വർധന ഏത് അളവിലാണെന്ന് മാരുതി സുസുക്കി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും കാര്യമായ വർധനവ് ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് സൂചന. ഏകദേശം 1,000 മുതൽ 4,000 രൂപ വരെയുള്ള വില പരിഷ്‌ക്കാരമാണ് മാരുതി സുസുക്കിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. 3.54 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ആൾട്ടോ K10 ആണ് നിലവിൽ ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡൽ. ഇൻവിക്‌റ്റോ എംപിവിയാണ് മാരുതി വിൽക്കുന്ന ഏറ്റവും വലിയ പ്രീമിയം കാർ. ഇതിന് 24.80 ലക്ഷം രൂപ മുതലാണ് നിലവിലെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ബലേനോ, സ്വിഫ്റ്റ്, വാഗൺആർ തുടങ്ങിയ മോഡലുകളാണ് മാരുതി നിരയിൽ നിന്നും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്ന് കാറുകൾ.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ മാരുതിയിൽ നിന്നും അഞ്ചോളം പുത്തൻ കാറുകൾ പുറത്തിറങ്ങുമെന്നാണ് വിവരം. ഇതിൽ ആദ്യത്തേത് ഗ്രാൻഡ് വിറ്റാര അടിസ്ഥാനമാക്കിയുള്ള മൂന്നുവരി എസ്യുവിയായിരിക്കും. ഇതിനു ശേഷം രണ്ട് പുത്തൻ ഹാച്ച്ബാക്കുകളും കമ്പനി നിരയിലേക്ക് എത്തും. 10 ലക്ഷം രൂപയിൽ താഴെ ചെലവ് വരുന്ന മോഡലുകളായിരിക്കും ഇവയെന്നതും ശ്രദ്ധേയമാണ്.
Adjust Story Font
16