Quantcast

അഞ്ചു വർഷത്തിനിടയിൽ ആദ്യമായി ഇന്ത്യയിൽ നഷ്ടം രേഖപ്പെടുത്തി ടൊയോട്ട

2017 ൽ 1.39 ലക്ഷമായിരുന്നു ടൊയോട്ടയ്ക്ക് ഓരോ വാഹനത്തിൽ നിന്നും ലഭിച്ച ലാഭം. ടൊയോട്ടയുടെ ചരിത്രത്തിൽ അവർക്ക് ഇന്ത്യയിൽ നിന്ന് ഒരു വാഹനം വിൽക്കുന്നത് വഴി ലഭിച്ച ഏറ്റവും വലിയ ലാഭമായിരുന്നു അത്. അക്കാലത്ത് മാരുതിക്ക് ലഭിക്കുന്ന ലാഭത്തിന്റെ ഇരട്ടിയായിരുന്നു അത്.

MediaOne Logo

Web Desk

  • Published:

    23 Oct 2021 2:36 PM GMT

അഞ്ചു വർഷത്തിനിടയിൽ ആദ്യമായി ഇന്ത്യയിൽ നഷ്ടം രേഖപ്പെടുത്തി ടൊയോട്ട
X

ഇന്ത്യയിലെ വാഹന മേഖല കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് പതുക്കെ കരകയറവേ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ജപ്പാൻ കാർ നിർമാതാക്കളായ ടൊയോട്ട. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ആദ്യമായി ടൊയോട്ട കിർലോസ്‌കർ ഇന്ത്യ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നു.

കോവിഡ് പ്രതിസന്ധി ആരംഭിച്ചത് മുതൽ ടൊയൊട്ട കാറുകളുടെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ടൊയോട്ട വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ മൂന്നു വർഷമായി വിൽപ്പന ഏറ്റവും കുറഞ്ഞ നിലയിലാണ്.

55 കോടിയാണ് മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നഷ്ടം. കഴിഞ്ഞ വർഷം 187 കോടി രൂപ ലാഭം രേഖപ്പെടുത്തിയിടത്താണ് ഇത്തവണ ഇത്രയും വലിയ നഷ്ടത്തിലേക്ക് എത്തിയത്. ഈ വർഷം കമ്പനിയുടെ റവന്യൂ 16 ശതമാനം കുറഞ്ഞ് 13,181 കോടിയിലെത്തി.

വിപണിയിലെ സാന്നിധ്യം മെച്ചപ്പെടുത്താൻ മാരുതി സുസുക്കിയുമായി ചേർന്ന് കാറുകൾ റീ ബ്രാൻഡ് ചെയ്ത് പുറത്തിറക്കിയിരുന്നു. ഇത് ടൊയോട്ടയുടെ വിൽപ്പന കൂടുതൽ ഇടിയാതിരിക്കാൻ സഹായിച്ചു എന്നുവേണം പറയാൻ.

ടൊയോട്ട ഗ്ലാൻസ ( മാരുതി സുസുക്കി ബലേനോ), അർബൻ ക്രൂയിസർ ( വിറ്റാര ബ്രസ) എന്നിവയാണ് ടൊയോട്ട-മാരുതി പാർട്ട്‌നർഷിപ്പിൽ ഇതുവരെ ഇന്ത്യയിലിറങ്ങിയ വാഹനങ്ങൾ. എർട്ടിഗയടക്കം ഇനിയും വാഹനങ്ങൾ റീ ബ്രാൻഡ് ചെയ്ത് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

നിലവിൽ ഓരോ വാഹനത്തിനും 27,832 രൂപ മാത്രമാണ് ടൊയോട്ട ഓപ്പറേറ്റിങ് പ്രോഫിറ്റായി ലഭിക്കുന്നത്. മാരുതിയുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനം കുറവാണിത്.

2017 ൽ 1.39 ലക്ഷമായിരുന്നു ടൊയോട്ടയ്ക്ക് ഓരോ വാഹനത്തിൽ നിന്നും ലഭിച്ച ലാഭം. ടൊയോട്ടയുടെ ചരിത്രത്തിൽ അവർക്ക് ഇന്ത്യയിൽ നിന്ന് ഒരു വാഹനം വിൽക്കുന്നത് വഴി ലഭിച്ച ഏറ്റവും വലിയ ലാഭമായിരുന്നു അത്. അക്കാലത്ത് മാരുതിക്ക് ലഭിക്കുന്ന ലാഭത്തിന്റെ ഇരട്ടിയായിരുന്നു അത്.

ഇന്ത്യൻ കാർ നിർമാണ വിപണിയിൽ 8-10 ശതമാനം റവന്യൂ വിഹിതമാണ് ടൊയോട്ടയ്ക്കുള്ളത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ വിൽപ്പനയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ടൊയോട്ട നേടിയത്. തത്ഫലാമായി അവരുടെ വിപണി വിഹിതം 4.3 ശതമാനത്തിൽ നിന്ന് 3 ശതമാനമായി ഇടിഞ്ഞു. എന്നിരുന്നാലും ഇന്ത്യയിലെ ആറാമത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളാണ് ടൊയോട്ട.

കോവിഡ് പ്രതിസന്ധിയും ചിപ്പ് ക്ഷാമവുമാണ് തങ്ങളുടെ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചതെന്നാണ് ടൊയോട്ടയുടെ വിശദീകരണം. അത് മറിക്കടക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചതായും കമ്പനി അറിയിച്ചു.

TAGS :

Next Story