വയർലെസ് ചാർജിങ്, ഹെഡ് അപ് ഡിസ്‌പ്ലേ- ലിമിറ്റഡ് എഡിഷൻ ഇന്നോവ ക്രിസ്റ്റ വിപണിയില്‍
ബേസ് വേരിയന്റായ ജിഎക്‌സ് - പെട്രോൾ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ ഡീസൽ ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ് നിർത്തിവച്ചതിന് പിന്നാലെ പെട്രോൾ വേരിയന്റിൽ ലിമിറ്റഡ് എഡിഷൻ ക്രിസ്റ്റ പുറത്തിറക്കാന്‍ ടൊയോട്ട. ഡീസൽ വേരിയന്റിന്റെ ബുക്കിങ് നിർത്തിവെച്ചതോടെ താത്കാലികമായി ബുക്കിങുകളിലുണ്ടാകുന്ന കുറവ് പരിഹരിക്കാൻ കൂടിയാണ് ടൊയോട്ടയുടെ ഇത്തരമൊരു നീക്കം.
ബേസ് വേരിയന്റായ ജിഎക്‌സ് - പെട്രോൾ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്. ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (ടിപിഎംഎസ്), വയർലെസ് ചാർജിങ്, ഹെഡ് അപ് ഡിസ്‌പ്ലെ എന്നിവയാണ് ലിമിറ്റഡ് എഡിഷൻ വേരിയന്റിൽ അധികമായി കൂട്ടിച്ചേർത്തിട്ടുള്ളത്.
എഞ്ചിനിൽ യാതൊരു മാറ്റവുമില്ല. 164 ബിഎച്ച്പി പവറും 245 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.7 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന്റെ കരുത്ത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്ക് എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വാഹനം ലഭിക്കും.
17.45 ലക്ഷം മുതലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷന്റെ വില ആരംഭിക്കുന്നത്.
ആഗസ്റ്റ് മുതൽ ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ വേരിയന്റിന്റെ ബുക്കിങ് തത്കാലത്തേക്ക് നിർത്തിവെക്കാൻ ഡീലർമാർക്ക് ടൊയോട്ട നിർദേശം നൽകിയത്. ഡീലർമാർക്ക് ടൊയോട്ടയുടെ വെബ്സൈറ്റിൽ പുതിയ ഇന്നോവ ഡീസൽ വേരിയന്റിന്റെ ബുക്കിങ് മാർക്ക് ചെയ്യാൻ സാധിക്കില്ല. പെട്രോൾ വേരിയന്റിനുള്ള ബുക്കിങ് മാത്രം തൽകാലം സ്വീകരിച്ചാൽ മതിയെന്നാണ് ടൊയോട്ട നൽകിയ നിർദേശം. അതേസമയം ഇതുവരെ ബുക്ക് ചെയ്ത എല്ലാ ഡീസൽ ഇന്നോവകളും ഉപഭോക്താക്കൾക്ക് ഡെലിവറി ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് ഇന്നോവ ക്രിസ്റ്റ ഡീസൽ വേരിയന്റിന്റെ ബുക്കിങ് നിർത്തിവെക്കാൻ കമ്പനി ആവശ്യപ്പെട്ടതെന്ന് ഔദ്യോഗിക വിശദീകരണമൊന്നും കമ്പനി നൽകിയിട്ടില്ല. ഡീസൽ വേരിയൻറിൻറെ ബുക്കിങ് 2023 ജനുവരിയിൽപുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എംപിവിയുടെ അങ്ങനെ വെറുതെയൊന്നും ടൊയോട്ട ബുക്കിങ് നിർത്തിവെക്കില്ലെന്നാണ് മേഖലയിലെ പ്രമുഖർ പറയുന്നത്.
ഇതിന് പിന്നിലുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് 2023 ൽ പുറത്തിറങ്ങുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് എന്ന ഹൈബ്രിഡ് എംപിവിക്ക് വേണ്ടി പ്രൊഡക്ഷൻ ലൈൻ സജ്ജമാക്കാനാണ് ഈ നീക്കം എന്നതാണ്. എന്നിരുന്നാലും ഇന്നോവ ഡീസലിന്റെ ബുക്കിങ് നിർത്തിവെച്ചത് കൂടുതൽ സഹായിക്കാൻ പോകുന്നത് ജനപ്രീതി ടൊയോട്ട ഇന്നോവ പെട്രോൾ വേരിയന്റിനേക്കാളും പ്രീമിയം എസ് യു വിയായ ഫോർച്യൂണറിന്റെ ഡീസൽ മോഡലിനായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ചെറിയ ശതമാനം പ്രീമിയം ടൊയോട്ട പ്രേമികൾ ഫോർച്യൂണറിലേക്ക് മാറാൻ സാധ്യതയുണ്ട്.
Adjust Story Font
16