Quantcast

26 ലക്ഷം രൂപ നികുതി നാല് ലക്ഷം രൂപ ഇൻഷൂറൻസ്; ഞെട്ടിച്ച് ലാൻഡ് ക്രൂയിസറിന്റെ ഓൺറോഡ് വില

പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന (CBU) എൽസി 300 ന് ഇത്തരത്തിലുള്ള കനത്ത വിലയായിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    29 Dec 2022 12:01 PM GMT

26 ലക്ഷം രൂപ നികുതി നാല് ലക്ഷം രൂപ ഇൻഷൂറൻസ്; ഞെട്ടിച്ച്  ലാൻഡ് ക്രൂയിസറിന്റെ ഓൺറോഡ് വില
X

ടൊയോട്ട പുറത്തിറക്കുന്ന ആഡംബര വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വാഹനമാണ് ലാൻഡ് ക്രൂയിസർ. ലാൻഡ് ക്രൂയിസറിന്റെ ഏറ്റവും പുതിയ മോഡലായ ലാൻഡ് ക്രൂയിസർ 300 (LC 300) ആഗോള മാർക്കറ്റിൽ ഇറങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇന്ത്യയിൽ ഇതുവരെ ഡെലിവറി ആരംഭിച്ചിട്ടില്ല. ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു.

ഇപ്പോൾ വാഹനത്തിന്റെ ഇന്ത്യയിലെ ഓൺ റോഡ് വില പുറത്തുവന്നിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിലെ ഓൺറോഡ് വിലയാണ് പുറത്തുവന്നിരിക്കുന്നത്. 2.1 കോടിയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. നികുതികളും മറ്റും ചേർത്ത് ഉപഭോക്താവ് വാഹനം വാങ്ങാൻ നൽകേണ്ട വില പക്ഷേ 2.45 കോടിയാണ്.

12.5 ശതമാനമാണ് വാഹനത്തിന്റെ റോഡ് നികുതി. ഇത് 26,25,000 രൂപവരും. ടിസിഎസ്, സെസ് എന്നിവ 2,10,000 രൂപ വീതവും നൽകണം. 10,700 രൂപയാണ് രജിസ്‌ട്രേഷൻ ചാർജ്, 4,67,738 രൂപ ഇൻഷൂറൻസ് പ്രീമീയമായും നൽകണം.

പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന (CBU) എൽസി 300 ന് ഇത്തരത്തിലുള്ള കനത്ത വിലയായിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

എല്ലാ ടെറെയ്‌നിലും ഉപയോഗിക്കാൻ പറ്റുന്ന എൽസി 300 എന്ന എസ് യു വി ടൊയോട്ടയുടെ TNGA-F എന്ന പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്. വിദേശത്ത് മികച്ച പ്രതികരണം ലഭിക്കുന്ന ഈ മോഡലിന് 20 ഇഞ്ച് ടയറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ പുറത്തിറക്കാൻ പോകുന്ന എൽസി 300 ന് കരുത്ത് പകരുക 3.3 ലിറ്റർ ഇരട്ട ടർബോ വി6 ഡീസൽ എഞ്ചിനാണ്. 305 ബിഎച്ച്പി പവറും 700 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എഞ്ചിനൊപ്പം 10 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനും 4X4 സാങ്കേതികവിദ്യയും കൂടിചേരുമ്പോൾ മികച്ച പ്രകടനമാണ് റോഡിലും ഓഫ്‌റോഡിലും പ്രതീക്ഷിക്കുന്നത്.

TAGS :

Next Story