റുമിയോൺ; എർട്ടിഗയുടെ ടൊയോട്ട പതിപ്പ് ഉടൻ
രൂപത്തിലും പ്രകടനത്തിലും മാരുതിയുടെ എർട്ടിഗയിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് വാഹനം പുറത്തിറക്കുക.
കാർ നിർമാണ മേഖലയിലെ ജപ്പാൻ കരുത്തായ ടൊയോട്ട ഇന്ത്യയിൽ അവരുടെ സ്വന്തം മോഡലുകൾ കൂടാതെ ഇന്ത്യൻ അതികായൻമാരായ മാരുതി സുസുക്കിയുമായും ചേർന്ന് വാഹനങ്ങൾ പുറത്തിറക്കുന്നുണ്ട്.
മാരുതിയുടെ ബലേനോ ടൊയോട്ട ഗ്ലാൻസയായും മാരുതി സുസുക്കി വിറ്റാര ബ്രസ ടൊയോട്ട അർബൻ ക്രൂയിസറായും അവതരിക്കാൻ ഇതാണ് കാരണം. ഈ രണ്ട് വാഹനങ്ങളും വിപണിയിൽ വിജയമായിരുന്നു. ഈ ശ്രേണിയിൽ കൂടുതൽ വാഹനങ്ങൾ അവതരിപ്പിക്കുമെന്ന് നേരത്തെ ഇരു കമ്പനികളും അറിയിച്ചിരുന്നു.
ഇപ്പോൾ മാരുതിയുടെ ഇന്ത്യയിലെ ഏക എംപിവിയായ എർട്ടിഗ കൂടി ടൊയോട്ട റീ ബാഡ്ജ് ചെയ്തു പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ടൊയോട്ട റുമിയോൺ എന്ന പേരിലാണ് വാഹനം പുറത്തിറക്കുക. ദക്ഷിണാഫ്രിക്കൻ വിപണിയിൽ നിലവിൽ ടൊയോട്ട ഈ വാഹനം പുറത്തിറക്കി കഴിഞ്ഞു.
രൂപത്തിലും പ്രകടനത്തിലും മാരുതിയുടെ എർട്ടിഗയിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് വാഹനം പുറത്തിറക്കുക. റുമിയോണിന്റെ ഇന്ത്യയിലെ ലോഞ്ചിങ് തീയതി കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും മാരുതിയുടെ സിയാസ് അടിസ്ഥാനമാക്കി നിർമിക്കുന്ന ബെൽറ്റ എന്ന സെഡാൻ മോഡലായിരിക്കും ടൊയോട്ട ആദ്യം ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യത. യാരിസ് പിൻവലിച്ചതോടെ സെഡാൻ വിപണിയിൽ സാന്നിധ്യമുണ്ടാക്കാൻ വേണ്ടിയാണ് അത്തരമൊരു തീരുമാനത്തിലേക്ക് ടൊയോട്ട കടന്നത്.
Adjust Story Font
16