എതിരാളികള്‍ക്ക് മുന്നറിയിപ്പ്; ബുള്ളറ്റ് 350 മുഖം മിനുക്കി എത്തുന്നു
350 സിസി എൻജിനുമായി എത്തുന്ന ബുള്ളറ്റ്, 350 മുതൽ 450 സിസി വരെയുള്ള സെഗ്മെന്റിൽ മത്സരം കടുപ്പിക്കുമെന്ന് ഉറപ്പാണ്
Standard350
ഇന്ത്യൻ വാഹന വിപണിയിൽ പ്രത്യേകം ഫാൻ ബേസുള്ള വാഹന നിർമാണക്കമ്പനിയാണ് റോയൽ എൻഫീൽഡ്. റഫ് ഡിസൈൻ പാറ്റേണും, കാതടപ്പിക്കുന്ന എക്‌സ്‌ഹോസ്റ്റ് നോട്ടുമെല്ലാം ഒരു കാലഘട്ടത്തിന്റെ വാഹനസ്വപ്‌നങ്ങൾ നിറം പകർന്നവയാണ്. അതുകൊണ്ടുതന്നെ വിപണിയിൽ പുതിയ കമ്പനികൾ വന്നിട്ടും എൻഫീൽഡിന്റെ സ്ഥാനത്തിന് വലിയ കോട്ടമൊന്നും സംഭവിച്ചിട്ടില്ല.
ഇപ്പോഴിതാ തങ്ങളുടെ പുതിയ മോഡലിനെ രംഗത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. റോയൽ എൻഫീൽഡ് മോട്ടോര്‍സൈക്കിളുകളെ പൊതുവേ എല്ലാവരും ബുള്ളറ്റ് എന്ന് വിളിക്കാറുണ്ട്. കമ്പനിയുടെ പഴയ മോഡലായ ബുള്ളറ്റാണ് ഈ വിളിക്ക് കാരണം. അതുകൊണ്ടു തന്നെ തങ്ങളുടെ എക്കാലത്തേയും തുറുപ്പുചീട്ടായ ബുള്ളറ്റിനെ പുതുക്കി വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് കമ്പനി.
350 സിസി എൻജിനുമായി എത്തുന്ന ബുള്ളറ്റ്, 350 മുതൽ 450 സിസി വരെയുള്ള സെഗ്മെന്റിൽ മത്സരം കടുപ്പിക്കുമെന്ന് ഉറപ്പാണ്. പുതിയ പ്ലാറ്റ്‌ഫോമിലായിരിക്കും വാഹനമെത്തുകയെന്നാണ് ലഭിക്കുന്ന സൂചനകൾ. പുതിയ ജെ പ്ലാറ്റ്‌ഫോമിൽ ആയിരിക്കും വാഹനം നിർമിക്കുക. എന്നാൽ എഞ്ചിനിൽ കാര്യമായ വ്യത്യാസങ്ങളുണ്ടാകാൻ സാധ്യതയില്ല.
350ലെ 349സി.സി എൻജിൻ തന്നെയാകാനാണ് സാധ്യത. 20.2 ബി.എച്ച.്പി കരുത്തും 27 എൻ.എം ഉത്പാദിപ്പിക്കാൻ ഈ എഞ്ചിനാകും. പുതിയ ഷാസി, വീതിയേറിയ ഫ്രണ്ട് ടയറുകൾ, സ്റ്റെബിലിറ്റിക്കും സ്റ്റോപ്പിങ് പവറിനുമായി മികച്ച ബ്രേക്കുകൾ എന്നിവയെല്ലാം ബുള്ളറ്റിന്റെ പുതിയ പതിപ്പിൽ കമ്പനി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ചെറിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും വാഹനത്തിൽ കമ്പനി ഇന്റഗ്രേറ്റ് ചെയ്യും. നിലവിലെ മോഡലിനെക്കാൾ 10000 മുതൽ 12000 രൂപവരെ പുതിയ മോഡലിന് വില ഉയരാനും സാധ്യതയുണ്ട്.
Adjust Story Font
16