തൊഴിലാളികള്‍ക്ക് ശമ്പളം ഇനി അക്കൗണ്ടിലേക്ക് നേരിട്ട്; വ്യവസ്ഥയുമായി ബഹ്റെെന്‍
തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുന്നതിലെ കൃത്യത ഉറപ്പ് വരുത്തുവാനും ഈ രംഗത്ത് ചൂഷണമൊഴിവാക്കുവാനും ഇതുവഴി സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ
ബഹ്റൈനിൽ തൊഴിലുടമകൾ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ശമ്പളം മാറ്റണമെന്ന വ്യവസ്ഥ നടപ്പിലാക്കാനുള്ള മുന്നൊരുക്കങ്ങൾ സജീവമായി. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് കീഴിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.
രാജ്യത്തെ തൊഴിലുടമകൾ തൊഴിലാളികൾക്ക് ശമ്പളം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണമെന്ന വ്യവസ്ഥ നടപ്പിൽ വരുത്താനാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മുന്നൊരുക്കങ്ങൾ നടത്തുന്നത്. ഏപ്രിൽ മാസം മുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. കഴിഞ്ഞ വർഷം മുതൽ പരിഗണനയിലുള്ള പദ്ധതി ബാങ്കുകൾക്ക് വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താൻ വേണ്ടി നീട്ടിവെക്കുകയായിരുന്നു.
തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുന്നതിലെ കൃത്യത ഉറപ്പ് വരുത്തുവാനും ഈ രംഗത്ത് ചൂഷണമൊഴിവാക്കുവാനും ഇതുവഴി സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഡബ്ല്യു.പി.എസ് എന്ന പേരിലുള്ള ശമ്പള നിരീക്ഷണസംവിധാനം നടപ്പിലാകുന്നതോടെ രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്കായുള്ള മാസാന്തം ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റേണ്ടി വരും.
ശമ്പളം മാസങ്ങൾ കഴിഞ്ഞിട്ടും നൽകാതെ പിടിച്ചുവെക്കുന്ന സംഭവങ്ങൾ പലപ്പോഴും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കാൻ എൽ.എം.ആർ.എക്ക് സാധിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. വിവിധ ഘട്ടങ്ങളിലായാണ് പുതിയ രീതി നടപ്പിൽ വരുത്തുകയെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഉസാമ അൽ അബ്സി വ്യക്തമാക്കി.
Adjust Story Font
16