Quantcast

നിയമസഭയിലും ലോക്‌സഭയിലും വമ്പൻ ജയം; ഓഹരി വിപണിയിലും കിങ് മേക്കറായി ചന്ദ്രബാബു നാഡിയുവിന്റെ ഡയറി കമ്പനി

1992 ലാണ് ചന്ദ്രബാബു നാഡിയു ഡയറി സംരംഭം തുടങ്ങിയത്

MediaOne Logo

Web Desk

  • Published:

    6 Jun 2024 11:33 AM GMT

Heritage Foods ,Chandrababu Naidu,Elections,ചന്ദ്രബാബു നായിഡു,ഹെറിറ്റേജ് ഫുഡ്സ്,ലോക്സഭാ തെരഞ്ഞെടുപ്പ്,
X

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും തെലുങ്ക് ദേശം പാർട്ടിയുടെ വമ്പൻ വിജയത്തിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന്റെ മേൽനോട്ടത്തിലുള്ള ഹെറിറ്റേജ് ഫുഡ്‌സ് ലിമിറ്റഡിന്റെയും കെസിപി ലിമിറ്റഡിന്റെയും ഓഹരിയിലും വൻ കുതിപ്പ്. ഓഹരി വിലയിൽ വ്യാഴാഴ്ച 10 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്. ജൂൺ നാലിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കമ്പനികളുടെ സ്റ്റോക്കുകൾ 23 ശതമാനമായി ഉയർന്നിരുന്നു. കേന്ദ്രത്തിൽ എൻ.ഡി.എ സർക്കാർ രൂപീകരണത്തിൽ കിങ് മേക്കർ റോളിലെത്തിയതോടെ വീണ്ടും കമ്പനിയുടെ ഓഹരികൾ നേട്ടമുണ്ടാക്കിയത്. ഇതിന് പുറമെ ജൂൺ 12 ന് അദ്ദേഹം ആന്ധ്രയുടെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഹെറിറ്റേജ് ഫുഡ്‌സ് ഇന്ന് മാത്രം പത്ത് ശതമാനം ഉയർന്ന് 601 രൂപയിലെത്തി. ഈ കമ്പനിയുടെ ഓഹരികൾ ഒരു മാസത്തിനുള്ളിൽ 89 ശതമാനം ഉയർന്നു.കെസിപി ലിമിറ്റഡിന്റെ ഓഹരി വില 18 ശതമാനത്തിലധികം ഉയർന്നപ്പോൾ ഹെറിറ്റേജ് ഫുഡ്സ് ഓഹരി വില 10 ശതമാനം വർധിച്ച് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ടി.ഡി.പിയുമായി ബന്ധമുള്ള അമരാജ എനർജി കമ്പനിയുടെ ഓഹരിയിലും കുതിപ്പുണ്ടായിട്ടുണ്ട്.

ഹെറിറ്റേജ് ഫുഡ്സിന്റെ പാലും പാലുൽപ്പന്നങ്ങളായ തൈര്, നെയ്യ്, പനീർ, എന്നിവ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലായി 1.5 ദശലക്ഷത്തിലധികം കുടുംബങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം. പ്രധാനമായും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവർത്തനം. ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഒഡിഷ, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഹെറിറ്റേജിന്റെ പാലും പാലുൽപ്പന്നങ്ങളും കൂടുതലായും വിൽക്കുന്നത്.

1992 ലാണ് ഈ ഡയറി സംരംഭം തുടങ്ങിയത്. ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ നാരാ ഭുവനേശ്വരിയും മകൻ നരലോകേഷുമാണ് ഇപ്പോൾ കമ്പനിയുടെ നടത്തിപ്പു ചുമതലകൾ വഹിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ കമ്പനി വരുമാനത്തിലും ലാഭത്തിലും 17 %, 83% വളർച്ച കൈവരിച്ചിട്ടുണ്ട്.

ആന്ധ്രാ സംസ്ഥാന തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപി 135 സീറ്റുകളാണ് നേടിയത്. എട്ട് സീറ്റ് നേടിയ ബിജെപിയും 21 സീറ്റ് നേടിയ ജനസേനയും ചേർന്ന് ടിഡിപി സഖ്യ സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 17 സീറ്റില്‍ 16ലും ടിഡിപി വിജയിച്ചു. ഇതോടെയാണ് എൻ.ഡി.എ സര്‍ക്കാര്‍ രൂപീകരണത്തില്‍ കിങ് മേക്കറായി ചന്ദ്രബാബു നായിഡു ഉയര്‍ന്നത്.

TAGS :

Next Story