അഞ്ചു ബില്യൺ ഡോളർ മൂല്യമുള്ള കമ്പനി; ഓഹരി വിപണിയിലേക്ക് വാതില്‍ തുറക്കുന്ന ലുലു
ഗൾഫിൽ എണ്ണയധിഷ്ഠിത സമ്പദ് വ്യവസ്ഥ ശക്തിപ്പെടുന്ന 1990കളാണ് മലയാളി വ്യവസായി എംഎ യൂസഫലി ലുലു സ്റ്റോർ സ്ഥാപിച്ചത്
പ്രവാസി നിക്ഷേപകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലുലു ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപ്പന (ഇനീഷ്യൽ പബ്ലിക് ഓഫറിങ്) അടുത്ത വർഷത്തോടെയെന്ന് ബ്ലൂംബർഗ് ഇന്റർനാഷണൽ റിപ്പോർട്ട്. മധ്യേഷ്യയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു യുഎഇ ഓഹരി വിപണിയിലേക്ക് കാലെടുത്തു വയ്ക്കുന്ന വിവരം ഗ്രൂപ്പ് സാരഥി എംഎ യൂസഫലിയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.
വിപണിയിലെ ശക്തമായ ലിസ്റ്റിങ്ങിനു വേണ്ടി ലുലു ആഗോള ബാങ്കുകളുമായി ചർച്ച നടത്തുന്നതായി ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നു. ഏതെല്ലാം ധനകാര്യ സ്ഥാപനങ്ങളുമായാണ് ചർച്ച എന്നതിൽ വ്യക്തതയില്ല. ഗൾഫ് സ്റ്റോക് എക്‌സ്‌ചേഞ്ചിൽ ബഹുമുഖ ലിസ്റ്റിങ്ങിനും കമ്പനി ശ്രമിക്കുന്നതായാണ് സൂചന. വിൽപ്പനയുടെ വിശദാംശങ്ങൾ, വേദി എന്നിവയിലൊന്നും അന്തിമ തീരുമാനമായിട്ടില്ല. കമ്പനി മുഴുവനായോ അതോ ഭാഗികമായാണോ വിപണിയിൽ പ്രവേശിക്കുക എന്നതിലും വ്യക്തത വരേണ്ടതുണ്ട്- ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. വിപണിയിലെ അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ല എന്നാണ് ഇതേക്കുറിച്ച് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ പ്രതികരിച്ചത്.
ഗൾഫിൽ എണ്ണയധിഷ്ഠിത സമ്പദ് വ്യവസ്ഥ ശക്തിപ്പെടുന്ന 1990കളാണ് മലയാളി വ്യവസായി എംഎ യൂസഫലി ലുലു സ്റ്റോർ സ്ഥാപിച്ചത്. ഏകദേശം എട്ടു ബില്യൺ യുഎസ് ഡോളറാണ് കമ്പനിയുടെ വാർഷിക വിറ്റുവരവ്. മൂല്യം അഞ്ചു ബില്യണ്‍ ഡോളറിന് മുകളില്‍. മധ്യേഷ്യ, ഏഷ്യ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലായി 22 രാജ്യങ്ങളിൽ 57,000 തൊഴിലാളികൾ ലുലുവിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ മുപ്പതിനായിരം പേരും മലയാളികളാണ്. ഷോപ്പിങ് മാളുകൾക്ക് പുറമേ, ഹോസ്പിറ്റാലിറ്റി, ഷിപ്പിങ്, റിയൽ എസ്റ്റേറ്റ് മേഖലയിലും ലുലു ഗ്രൂപ്പ് ബിസിനസ് നടത്തുന്നുണ്ട്.
അബുദാബി ശൈഖിന്റെ നിക്ഷേപം
അബുദാബി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അബുദാബി ഡവലപ്‌മെന്റ് ഹോൾഡിങ് കോപ്പറേഷൻ (എ.ഡി.ക്യൂ) കഴിഞ്ഞ വർഷം ഏപ്രിലിൽ ലുലുവിൽ നൂറു കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. ഈ വമ്പൻ നിക്ഷേപത്തിന് ഒരു വർഷം തികയുന്ന വേളയിലാണ് കമ്പനി ഓഹരി വിപണിയിൽ പ്രവേശിക്കുന്നത്.
ശൈഖ് തനൂൻ ബിൻ സായിദ് അൽ നഹ്‌യാൻ നേതൃത്വം നൽകുന്ന കമ്പനിയാണ് ലുലുവിൽ നിക്ഷേപമിറക്കിയിരുന്നത്. ഈജിപ്തിൽ വ്യാപാരം കൂട്ടാനുള്ള പദ്ധതിക്കായിരുന്നു ഈ നിക്ഷേപം. 30 ഹൈപ്പർ മാർക്കറ്റുകളും നൂറ് മിനി മാർക്കറ്റുകളുമാണ് നിക്ഷേപം ഉപയോഗിച്ച് ലുലു ലക്ഷ്യമിടുന്നത്. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച്, അബുദാബി എയർപോർട്ട് കോപ്പറേഷൻ എന്നിവയിൽ ആസ്തിയുള്ള സ്ഥാപനമാണ് എഡിക്യു. യുഎഇയിലെ ഏറ്റവും വലിയ വായ്പാ-ധനകാര്യ സ്ഥാപനമായ ഫസ്റ്റ് അബുദാബി ബാങ്കിന്റെ ചെയർമാൻ കൂടിയാണ് ശൈഖ് താനൂൻ.
നേരത്തെ, ലുലു ഗ്രൂപ്പിൽ നിക്ഷേപം നടത്താൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള പബ്ലിക് ഇൻവസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഏകദേശം 36000 കോടി ഡോളറിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്ന കൂറ്റൻ കമ്പനിയാണ് പിഐഎഫ്.
Adjust Story Font
16