Quantcast

വിദേശത്തെ താരങ്ങളാകാൻ കേരളത്തിലെ പഴങ്ങളും പച്ചക്കറികളും; പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ കർഷകർ കൃഷി ചെയ്യുന്ന വാഴപ്പഴം, മറ്റു പച്ചക്കറികൾ അടക്കമാണ് കയറ്റുമതി ചെയ്യാൻ ഉദ്ദേശിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-28 14:14:27.0

Published:

28 Sep 2021 1:26 PM GMT

വിദേശത്തെ താരങ്ങളാകാൻ കേരളത്തിലെ പഴങ്ങളും പച്ചക്കറികളും; പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ
X

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാൻ സംസ്ഥാന സർക്കാർ പുതിയ പദ്ധതി തയ്യാറാക്കുന്നു. സംസ്ഥാനത്തെ കർഷകർ കൃഷി ചെയ്യുന്ന വാഴപ്പഴം, മറ്റു പച്ചക്കറികൾ അടക്കമാണ് കയറ്റുമതി ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഇതിനായി നിലവിലുള്ള 50 കാർഷിക ഉത്പാദക സംഘങ്ങളെ ശക്തിപ്പെടുത്തുകയും 50 പുതിയ കാർഷിക സംഘങ്ങൾ രൂപീകരിക്കുകയും ചെയ്യും. പുതിയ പദ്ധതി കേരളത്തിലെ കർഷകർക്കു സാമ്പത്തികമായി ഗുണം ചെയ്യുമെന്നാണ് സർക്കാർ കരുതുന്നത്.

കേരളത്തിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് നിലവിൽ നേന്ത്രപ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നു ലഭിച്ച മികച്ച പ്രതികരണമാണ് മറ്റു വിളകളും കയറ്റുമതി ചെയ്യാനുള്ള പദ്ധതി തയ്യാറാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. സ്വകാര്യ കമ്പനികൾ വിദേശ രാജ്യങ്ങളിലേക്കു പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍ സംസ്ഥാന സർക്കാർ 'തളിർ' എന്ന ബ്രാന്റിൽ പരീക്ഷണമായി കേരളത്തിന്റെ ഉത്പനങ്ങൾ കയറ്റുമതി ചെയ്തപ്പോൾ മികച്ച പ്രതികരണം ലഭിച്ചിരുന്നു. കാർഷിക ഉത്പാദക സംഘങ്ങളെ ഇ കൊമേഴ്‌സ് സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്ന നടപടികൾ തുടരുന്നതായും സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടർ ടി.വി സുഭാഷ് അറിയിച്ചു.

കശുവണ്ടി, തേയില, കാപ്പി, കുരുമുളക്, ഏലം, ഇഞ്ചി, മറ്റു സുഗന്ധവ്യഞ്ജനങ്ങൾ നിലവിൽ കേരളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. ഇവയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന നടപടികളും പുതുതായി കൊണ്ടുവരുന്ന പദ്ധതിയിലുണ്ടാകും. ഈ പദ്ധതിയുടെ ഭാഗമായി ഒരു മന്ത്രിസഭാ ഉപസമിതി ഉടൻ രൂപീകരിക്കും

TAGS :

Next Story