വിപണിയിൽ കരുത്തുകാട്ടി കേരള റബ്ബർ;കർഷകർക്ക് ആശ്വാസം
ഓട്ടോമൊബൈൽ വിപണിയിലെ മാറ്റങ്ങൾ, ആഗോള സാമ്പത്തിക മേഖലയുടെ തിരിച്ചുവരവെല്ലാം റബ്ബറിന്റെ വിലയെ സ്വാധിനിക്കുന്നുണ്ട്.
ആഗോള വിപണിയിൽ സ്വാഭാവിക റബ്ബറിന്റെ വില കുത്തനെ ഇടിഞ്ഞിട്ടും പതറാതെ നിന്ന് വിപണിയിൽ കരുത്തുകാട്ടി കേരള റബ്ബർ. ആർഎസ്എസ് 4 റബ്ബറിന്റെ വില രാജ്യാന്തര വിപണിയിൽ കുറഞ്ഞപ്പോഴും കോട്ടയം വിപണിയെ അത് കാര്യമായി ബാധിച്ചില്ല. ദി അസോസിയേഷൻ ഓഫ് നാച്വറൽ റബ്ബർ പ്രൊഡ്യൂസിംഗ് കൺട്രീസ് തയ്യാറാക്കിയ റബ്ബർ മാർക്കറ്റ് ഇന്റലിജൻസ് റിപ്പോർട്ടിലാണ് കേരളത്തിലെ റബ്ബർ കർഷകർക്ക് ആശ്വാസമാകുന്ന വാർത്ത വന്നിരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ മാറിയിട്ടും, സ്വഭാവിക റബ്ബറിന്റെ ലഭ്യത വിപണിയിൽ കൂടിയിട്ടും വിലയെ അത് ബാധിച്ചില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.
രാജ്യാന്തര വിപണിയിൽ സ്വാഭാവിക റബ്ബറിന്റെ വിലയിൽ 4 മുതൽ 6 ശതമാനം വരെ കുറവ് വന്നപ്പോൾ കോട്ടയത്തെ വിപണിയിൽ വെറും 0.3 ശതമാനം മാത്രമാണ് കുറവുണ്ടായത്. ഓട്ടോമൊബൈൽ വിപണിയിലെ മാറ്റങ്ങൾ, ആഗോള സാമ്പത്തിക മേഖലയുടെ തിരിച്ചുവരവെല്ലാം റബ്ബറിന്റെ വിലയെ സ്വാധിനിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഒക്ടോബറിൽ സീസൺ തുടങ്ങുന്നതും കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ വരുന്നതും രാജ്യാന്തര വിപണിയിൽ സ്വാഭാവിക റബ്ബറിന്റെ വില വർധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Adjust Story Font
16