കാനഡ ഹിന്ദുക്ഷേത്ര അക്രമണം; ഓരോ പൗരനും സുരക്ഷിതമായി വിശ്വാസം ആചരിക്കാൻ അവകാശമുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ
സംഭവത്തിൽ പൊലീസിന്റെ നടപടി പേരിനുമാത്രമെന്ന് വിമർശമുയർന്നിരുന്നു
ഒട്ടോവ: കാനഡയിൽ ഹിന്ദു ക്ഷേത്രത്തിനെതിരെ ഖലിസ്ഥാൻ വിഘടനവാദികൾ ആക്രമണമഴിച്ചുവിട്ട സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ബ്രാമ്പ്റ്റണിൽ നടന്ന സംഭവത്തിനെതിരെ വിമർശനമുന്നയിച്ച കനേഡിയൻ പ്രധാനമന്ത്രി , രാജ്യത്തെ ഓരോ പൗരനും സ്വന്തം വിശ്വാസം സ്വാതന്ത്രത്തോടെയും സുരക്ഷയോടെയും പിന്തുടരാൻ അവകാശമുണ്ടെന്നാണ് പറഞ്ഞത്.
തന്റെ എക്‌സിലൂടെയാണ് ട്രൂഡോ സംഭവത്തെക്കുറിച്ച് എഴുതിയത്. 'ബ്രാമ്പ്റ്റണിൽ ഇന്ന് നടന്ന സംഭവം തികച്ചും അംഗീകരിക്കാനാവാത്തതാണ്. കാനഡയിലെ ഓരോ പൗരനും അവരുടെ വിശ്വാസം സ്വാതന്ത്രത്തോടെയും സുരക്ഷയോടെയും പിന്തുടരാൻ അവകാശമുണ്ട്. സംഭവത്തിൽ ഉടനടി ഇടപെടുകയും പ്രദേശത്തെ ആളുകളെ സംരക്ഷിക്കുകയും ചെയ്ത പീൽ പൊലീസിന് നന്ദി പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിനോട് ആഹ്വാനം ചെയ്യുന്നു.' എന്നാണ് ട്രൂഡോ കുറിച്ചത്.
ക്ഷേത്രം ആക്രമണത്തെ അപലപിച്ച് കനേഡിയൻ പ്രതിപക്ഷനേതാവ് പിയേർ പൊലിവറും രംഗത്തുവന്നിരുന്നു. 'തികച്ചുംഅംഗീകരിക്കാനാവത്ത സംഭവമെന്നാണ്' പൊലിവർ തന്റെ എക്‌സിൽ സംഭവത്തെക്കുറിച്ച് എഴുതിയത്.
തന്റെ രാഷ്ട്രീയ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടി ഈ ആക്രമണങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും, പ്രശ്‌നങ്ങൾ അവസാനിപ്പിച്ച് ആളുകളെ ഒന്നിപ്പിക്കുമെന്ന് ശപഥം ചെയ്യുന്നുവെന്നും പൊലിവർ കൂട്ടിച്ചേർത്തു.
എന്നാൽ ആക്രമണത്തെ അപലപിച്ച ടൊറന്റോ എംപിയുടെ പ്രസ്താവന ഇവരിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. 'കാനഡ തീവ്രവാദികളുടെ സുരക്ഷിത തുറമുഖമായിരിക്കുന്നു. രാജ്യത്തെ നേതാക്കൾ ക്രിസ്ത്യാനികളെയും ജൂതന്മാരെയും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതുപോലെ ഹിന്ദുക്കളെ സംരക്ഷിക്കുന്നതിലും പരാജയപ്പെട്ടുകഴിഞ്ഞു. ഹിന്ദു കനേഡിയൻ പൗരന്മാരുടെ നേരെയുള്ള അക്രമങ്ങളുടെ വർധന അത്യന്തം ഞെട്ടിക്കുന്നതാണ്. ഖലിസ്ഥാനി വിഘടനവാദികൾ തൊട്ട് തീവ്രവാദികളായി വേഷംകെട്ടുന്നവർക്ക് വരെ സുരക്ഷിതമായ ഒരിടമായി കാനഡ മാറി. സമാധാനത്തോടെ സ്വന്തം വിശ്വാസത്തെ പിന്തുടരാൻ ആളുകൾക്ക് സാധിക്കണം.'
സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി ഹിന്ദു കനേഡിയൻ ഫൗണ്ടെഷനും രംഗത്തുവന്നു. ഖലിസ്ഥാനി ടെററിസ്റ്റ്, ഖലിസ്ഥാൻ എന്ന ഹാഷ്ടാഗോടുകൂടിയാണ് ഫൗണ്ടേഷൻ തങ്ങളുടെ വിമർശനം എക്‌സിൽ കുറിച്ചത്.
ഖലിസ്ഥാൻ വിഘടനവാദികൾ കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും എതിരെ അതിക്രൂരമായ ആക്രമണമഴിച്ചുവിടുകയാണ്. ഇത് സംഭവിക്കുന്നതിന് തീവ്രവാദ അനുകൂല സർക്കാരിന്റെ പിന്തുണയും ലഭിക്കുന്നുവെന്നാണ് ഫൗണ്ടേഷന്റെ പോസ്റ്റ്.
ഖലിസ്ഥാൻ വിഘടനവാദികൾ ക്ഷമയുടെ അതിർവരമ്പ് ഭേദിച്ച് കഴിഞ്ഞു എന്നാണ് സംഭവത്തിൽ കനേഡിയൻ ഹിന്ദു എം.പി ചന്ദ്ര ആര്യ വിഷയത്തിൽ പ്രതികരിച്ചത്.
അക്രമത്തിന്റെ വീഡിയോ എക്‌സിൽ പങ്കുവെച്ച ചന്ദ്ര, ഖലിസ്ഥാനി വിഘടനവാദികൾ എത്രത്തോളം കാനഡയിൽ വളർന്നുകഴിഞ്ഞെന്ന് വ്യക്തമാകുന്നെന്ന് പറഞ്ഞു.
ആക്രമണത്തിനെതിരെ പൊലീസിന്റെ പ്രതിരോധം നിസാരമായതും വൈകിയതും രാഷ്ട്രീയത്തിന് പുറമെ സുരക്ഷാസേനയിലും അനായാസമായി വിഘടനവാദികൾ കടന്നുകൂടിയിട്ടുണ്ടെന്നത് വ്യക്തമാക്കുന്നതാണെന്ന് ചന്ദ്ര കൂട്ടിച്ചേർത്തു.
വിഘടനവാദികൾ വർഗീയ പരാമർശങ്ങൾ നടത്തുന്നതിനെതിരെ സർക്കാർ നടപടികൾ സ്വീകരിക്കാത്തതിന്റെ കാരണവും ഇത് തന്നെയാണ്. കനേഡിയൻ ഹിന്ദു പൗരൻമാർ തങ്ങളുടെ സുരക്ഷയ്ക്കും വിശ്വാസസംരക്ഷത്തിനും വേണ്ടി ഇനിമുതൽ വോട്ട് ചെയ്യും മുമ്പ് ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ചില രാഷ്ട്രീയക്കാർ വിഘടനവാദികളുടെ കൂടെയാണ് എന്നും ചന്ദ്ര കുറിച്ചു.
ഇതാദ്യമായല്ല കാനഡയിൽ ഹിന്ദു വിരുദ്ധ നിലപാടുകൾ ശക്തിയാർജിക്കുന്നത്.
ദീപാവലി ദിനത്തിൽ പാർലമെന്റ് ഹില്ലിൽ നടത്താനിരുന്ന ദീപാവലി ആഘോഷങ്ങൾ റദ്ദാക്കിയതും കാനഡയിൽ ഹിന്ദു വിഭാഗത്തിനിടയിൽ വിവാദത്തിന് കാരണമായിരുന്നു. കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊലിവർ ആണ് ആഘോഷങ്ങൾ റദ്ദാക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ബുധനാഴ്ച നടത്താനിരുന്ന ദീപാവലി ആഘോഷത്തിൽ കൺസർവേറ്റീവ് എം.പി ടോഡ് ഡോഹെർട്ടിയായിരുന്നു ആതിഥേയത്വം വഹിക്കാനിരുന്നിരുന്നത്. ആഘോഷം റദ്ദാക്കിയതിനെക്കുറിച്ച് പരിപാടിയുടെ സംഘാടകരായ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ കാന്ഡയ്ക്ക് (ഒഎഫ്ഐസി) ഒരു വിശദീകരണവും നൽകിയിട്ടില്ല. സംഭവത്തിന് പിന്നിലും വിഘടനവാദികളുടെ ഇടപെടലുകളുണ്ടെന്ന് വിമർശനമുയർന്നിരുന്നു.
Adjust Story Font
16